Connect with us

Eranakulam

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Published

|

Last Updated

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. കൊച്ചി മെട്രോ റെയിലിന്റെ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കെയാണ് ഇന്നലെ പുലര്‍ച്ചെ കൊച്ചി മെട്രോ ഡോട്ട് ഓര്‍ഗ് എന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്.
ഞായറാഴ്ച അര്‍ധരാത്രി വരെ ലഭ്യമായിരുന്ന സൈറ്റ് ഇന്നലെ രാവിലെ തുറന്നവര്‍ക്ക് ഫലസ്തീന്‍ രാജ്യത്തിന്റെ പതാകയും ഇസ്‌റാഈല്‍വിരുദ്ധ പരാമര്‍ശങ്ങളുമാണ് കാണാനായത്. റെസ്‌ക് ടു എല്‍ എല്‍ ടീം ഹാക്ക് ചെയ്തതായാണ് സൈറ്റില്‍ കാണിച്ചിരിക്കുന്നത്. സ്‌റ്റോം അറ്റാക്ക് എന്നും എഴുതിയിരുന്നു. കെ എം ആര്‍ എല്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉച്ചയോടെ സി ഡിറ്റിലെ വിദഗ്ധര്‍ സൈറ്റ് ബ്ലോക്ക് ചെയ്ത് ശരിയാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി.
വിദേശത്ത് നിന്നാണ് ഹാക്കിംഗ് നടന്നിരിക്കുന്നതെന്നാണ് സൈബര്‍ സെല്ലിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, ഫലസ്തീന്‍ പതാകയും ഇസ്‌റാഈല്‍വിരുദ്ധ മുദ്രാവാക്യവും ഹാക്കര്‍മാര്‍ തെറ്റിദ്ധാരണ പരത്താന്‍ വേണ്ടി ബോധപൂര്‍വം പോസ്റ്റ് ചെയ്തതാണെന്ന് സംശയിക്കുന്നുണ്ട്. കെ എം ആര്‍ എല്ലിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലും കെ എം ആര്‍ എല്‍ വെബ്‌സൈറ്റ് ഹോസ്റ്റ് ചെയ്യുന്നത് സി ഡിറ്റിലെ സെര്‍വറിലായതിനാല്‍ സിഡിറ്റ് അധികൃതരും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
കെ എം ആര്‍ എല്ലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍, ടെന്‍ഡര്‍ നോട്ടീസുകള്‍, തുടങ്ങിയ വിവരങ്ങളാണ് വെബ്‌സൈറ്റിലുള്ളത്. കൊച്ചി മെട്രോക്ക് വേണ്ടി വിദേശ വായ്പക്കുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയും ടെന്‍ഡറിംഗ് എത്രയും വേഗം പൂര്‍ത്തിയാക്കി മെയ് മാസത്തില്‍ നിര്‍മാണമാരംഭിക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍ നടക്കുകയും ചെയ്യുന്നതിനിടയിലാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്.

Latest