ബംഗാളിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടില്ല: മമത

Posted on: April 9, 2013 6:00 am | Last updated: April 8, 2013 at 11:19 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന് വേണ്ടി എന്തെങ്കിലും പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്നലെ മുതല്‍ ആരംഭിച്ച രണ്ട് ദിവസത്തെ ഡല്‍ഹി സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതല്ലെന്നും മമത വ്യക്തമാക്കി.
താന്‍ ആരോടും യാചിച്ചിട്ടില്ല. ബംഗാളിന് വേണ്ടി പ്രത്യേക പാക്കേജുകള്‍ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും എന്തുകൊണ്ടാണ് ബംഗാളിനെ തുടര്‍ച്ചയായി അവഗണിക്കുന്നതെന്ന് അറിയേണ്ടതുണ്ട്. എല്ലാ പ്രശ്‌നങ്ങളും അഭിമുഖീകരിക്കുമ്പോള്‍ തന്നെ രാജ്യത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന സംസ്ഥാനമാണ് ബംഗാള്‍. രാഷ്ട്രീയ അജന്‍ഡകള്‍ മുന്നില്‍ക്കണ്ടുകൊണ്ടല്ല താന്‍ ഡല്‍ഹിയിലേക്ക് പോകുന്നത്. സംസ്ഥാനത്തിന്റെ വികസന, സാമ്പത്തിക കാര്യങ്ങള്‍ പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യമന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തും.
കേന്ദ്രത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കടം വാങ്ങിയ സംസ്ഥാനങ്ങള്‍ കേരളവും പഞ്ചാബും ബംഗാളുമാണ്. മറ്റു രണ്ട് സംസ്ഥാനങ്ങളേക്കാള്‍ ദയനീയമാണ് തങ്ങളുടെ കാര്യം. ഇപ്പോള്‍ സംസ്ഥാനത്തിന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ നല്‍കേണ്ട അവസ്ഥയാണ് ഉള്ളതെന്ന് മമത പറഞ്ഞു.
ഇന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായും നാളെ ധനകാര്യമന്ത്രി പി ചിദംബരവുമായും മമതാ ബാനര്‍ജി കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതുന്നത്.
സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നിരവധി തവണ പ്രധാനമന്ത്രിയെ കണ്ടിരുന്നതായും ഇനിയും അനുകൂല നിലപാടെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ യുക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും തൃണമൂല്‍ മേധാവി വ്യക്തമാക്കി.