ദുബൈയിലും ഖത്തറിലുമെത്തുന്ന സഞ്ചാരികള്‍ക്ക് അതേ വിസയില്‍ ഒമാന്‍ സന്ദര്‍ശിക്കാന്‍ അനുമതി

Posted on: April 8, 2013 3:26 pm | Last updated: April 8, 2013 at 3:26 pm

മസ്‌കത്ത്:ുബൈയിലോ ഖത്തറിലോ എത്തുന്ന സഞ്ചാരികള്‍ക്ക് അതേ വിസയില്‍ ഒമാനും സന്ദര്‍ശിക്കാന്‍ സൗകര്യം. രാജ്യത്തെ ടൂറിസം മേഖലയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാറനുസരിച്ചാണ് സൗകര്യം. എന്നാല്‍ ഇന്ത്യയുള്‍പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൗകര്യം ലഭ്യമല്ല.

സൗകര്യം ലഭ്യമായ രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ക്ക് ദുബൈയില്‍ മൂന്നാഴ്ച കാലാവധിയുള്ള വിസയുണ്ടെങ്കില്‍ ഒമാനും സന്ദര്‍ശിക്കാം. പ്രത്യേക ഫീസോ അപേക്ഷേയോ ഇല്ലാതെ അതിര്‍ത്തിയില്‍നിന്നും എയര്‍പോര്‍ട്ടില്‍നിന്നും മൂന്നാഴ്ച കാലാവധിയുള്ള ടൂറിസ്റ്റ് വിസയാണ് അനുവദിക്കുക. വിസയില്‍ മൂന്നാഴ്ച കാലാവധിയില്ലെങ്കില്‍ ആറു റിയാല്‍ അടച്ചാല്‍ വിസ ലഭിക്കും. ദുബൈ സന്ദര്‍ശിക്കുന്ന സഞ്ചാരികളെ ഒമാനിലേക്കു കൂടി ആകര്‍ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നിബന്ധനകള്‍ ലഘൂകരിച്ചുള്ള ഈ രീതി അവതരിപ്പിക്കുന്നതെന്ന് ആര്‍ ഒ പി വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
രാജ്യത്തേക്കു പ്രവേശിക്കുന്നവര്‍ അതിര്‍ത്തികളില്‍നിന്നും പാസ്‌പോര്‍ട്ടില്‍ എന്‍ട്രി സീല്‍ അടിച്ചിരിക്കണം. മൂന്നാഴ്ചത്തെ വിസ ഒരാഴ്ച കൂടി നീട്ടി നല്‍കുകയും ചെയ്യും. യു എ ഇ സന്ദര്‍ശിച്ച് ഒമാനിലേക്കു വരുന്നവര്‍ ഇടയില്‍ മറ്റേതെങ്കിലും രാജ്യം സന്ദര്‍ശിച്ചാല്‍ ഈ സൗകര്യം ലഭ്യമാകില്ല. കൂടുതല്‍ കാലം രാജ്യത്തു തങ്ങിയാല്‍ ഒരു ദിവസത്തിന് 10 റിയാല്‍ വീതം പിഴയൊടുക്കണം.
ഖത്തറുമായും അങ്ങോട്ടും ഇങ്ങോട്ടും സന്ദര്‍ശകരെ അനുവദിക്കുന്ന ധാരണയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ഖത്തര്‍ ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്ക് ഒമാനും ഒമാനിലെത്തുന്നവര്‍ക്ക് ഖത്തറും സന്ദര്‍ശിക്കാം. ഇടയില്‍ മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പാടില്ല. ഖത്തറില്‍നിന്നും ഒമാനിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നവര്‍ നിശ്ചിയ ഫോമില്‍ ഖത്തറിലെ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ അപേക്ഷ നല്‍കിയാല്‍ ഒരു മാസത്തെ ഒമാന്‍ വിസ സൗജന്യമായി അനുവദിക്കുന്നതാണ് രീതി. ഒരാഴ്ച കൂടി വിസാ കാലാവധി നീട്ടാനും പറ്റും.
അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ജപ്പാന്‍, നെതര്‍ലാന്‍ഡ്, ബെല്‍ജിയം, സ്വിറ്റസര്‍ലാന്‍ഡ്, ആസ്ട്രിയ, സ്വീഡന്‍, നോര്‍വേ, ഡന്‍മാര്‍ക്ക്, പോര്‍ചുഗല്‍, അയര്‍ലാന്‍ഡ്, ഫിന്‍ലാന്‍ഡ്, സ്‌പെയിന്‍, മൊനാകോ, വത്തിക്കാന്‍, ഐസ്‌ലാന്‍ഡ്, അന്‍ഡോറ, സാന്‍ മാറിനോ, ബ്രൂണെ, സിംഗപ്പൂര്‍, മലേഷ്യ, ഹോംഗ്‌കോംഗ്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് സൗകര്യം.