കൊട്ടും കുരവയും ആര്‍ഭാടവുമില്ലാതെ പത്ത് നിര്‍ധന യുവതികള്‍ക്ക് മംഗല്യം

  Posted on: April 8, 2013 11:05 am | Last updated: April 8, 2013 at 11:07 am

  hand-shake

  കോഴിക്കോട്‌: കൊട്ടും കുരവയും ആര്‍ഭാടങ്ങളുമില്ലാതെ നൂറുകണക്കിന് ആളുകളെ സാക്ഷിനിര്‍ത്തി ദാമ്പത്യത്തിന്റെ കൂടുതേടിപ്പോയത് പത്ത് യുവതി കള്‍. സ്ത്രീകളുടെ കാര്‍മികത്വത്തില്‍ നടന്ന ഈ സമൂഹ വിവാഹത്തിലൂടെ സുമംഗലികളായത് നിര്‍ധനരായ പെണ്‍കുട്ടികള്‍… ഇവരില്‍ അഞ്ചും ആഫ്റ്റര്‍ കെയര്‍ ഹോമിലെ അന്തേവാസികള്‍. കൂടാതെ സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന നിര്‍ധന കുടുബത്തിലെ അഞ്ച് പേരും.

  വുമണ്‍സ് ഇന്ത്യാ അസോസിയേഷന്‍ ഇന്നലെ കോഴിക്കോട് പത്മശ്രീ കല്യാണ മണ്ഡപത്തില്‍ സംഘടിപ്പിച്ച സമൂഹ വിവാഹമാണ് വ്യത്യസ്തമായ വേദിയായത്. കേരളത്തിന്റെ വാനമ്പാടി ചിത്രയുടെ സാന്നിധ്യത്തില്‍ ആഫ്റ്റര്‍ കെയര്‍ ഹോമിലെ ആനന്തി, ദുര്‍ഗ, അശ്വതി, ചിത്ര, ജോഷ്‌ന എന്നിവരും വയനാട്, കൊയിലാണ്ടി സ്വദേശികളായ അഞ്ച് പെണ്‍കുട്ടികള്‍ക്കുമാണ് ഇന്നലെ വിവാഹസ്വപ്‌നം സാക്ഷാത്കരിച്ചത്.
  ഓരോ പെണ്‍കുട്ടിക്കും താലിയും മാലയും നെക്ലേസുമടക്കം 20 ഗ്രാം സ്വര്‍ണവും വധൂവരന്‍മാര്‍ക്ക് വിവാഹസമയത്ത് ധരിക്കാനുള്ള വസ്ത്രവും സംഘാടകര്‍ നല്‍കി. പത്രങ്ങളില്‍ പരസ്യം നല്‍കിയതനുസരിച്ച് ലഭിച്ച അപേക്ഷകളില്‍ നിന്ന് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന അഞ്ച് പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് പേരെ മന്ത്രി മുനീറിന്റെയും കലക്ടറുടെയും നിര്‍ദേശപ്രകാരം ആഫ്റ്റര്‍ കെയര്‍ ഹോമില്‍ നിന്നും തിരഞ്ഞെടുത്തു. സംഘടനയിലെ 180 അംഗങ്ങളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും സ്വീകരിച്ച് സംഭാവനയിലൂടെയാണ് ഇവര്‍ വിവാഹത്തിനുള്ള പണം കണ്ടെത്തിയത്.
  20 പേരെയും തിരഞ്ഞെടുത്തതിനു ശേഷം ഇവര്‍ക്ക് പ്രത്യേകം കൗണ്‍സില്‍ നടത്തിയിരുന്നു. എല്ലാവരും വളരെ താത്പര്യത്തോടെയാണ് ഇത്തരമൊരു സംരംഭത്തോട് പ്രതികരിച്ചത്. കൗണ്‍സിലില്‍ ഇവര്‍ക്കു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. 1000 പേര്‍ക്കുള്ള സദ്യയാണ് സംഘാടകര്‍ ഒരുക്കിയിരുന്നത്.
  ഗായിക കെ എസ് ചിത്ര ഭദ്ര ദീപം കൊളുത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. മന്ത്രി എം കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. വധൂവരന്‍മാര്‍ക്ക് ആശംസകളര്‍പ്പിച്ച് ചിത്ര ഗാനവും ആലപിച്ചു. ജില്ല കലക്ടര്‍ കെ വി മോഹന്‍ കുമാര്‍, മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രന്‍, എ ഐ സി സി സി അംഗം പി വി ഗംഗാധരന്‍, മാധ്യമപ്രവര്‍ത്തകന്‍ ടി എന്‍ ഗോപകുമാര്‍ ചടങ്ങില്‍ പങ്കെടുത്തു.