Connect with us

Ongoing News

ആരോഗ്യ പരിപാലനവും കേരളവും

Published

|

Last Updated

ലോകാരോഗ്യ സംഘടന നിലവില്‍ വന്നത് 1948 ഏപ്രില്‍ ഏഴിനാണ്. ഈ സുദിനത്തിന്റെ അനുസ്മരാണാര്‍ഥമാണ് എല്ലാ വര്‍ഷവും ലോകാരോഗ്യ ദിനം ആചരിക്കുന്നത്. “ഉയര്‍ന്ന രക്തസമ്മര്‍ദം” എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ആരോഗ്യ പരിപാലന രംഗത്ത് കേരളം കൈവരിച്ചിട്ടുള്ള നേട്ടം മഹത്തരവും ലോകാരോഗ്യ സംഘടനതന്നെ കേരള മോഡല്‍ എന്ന വിശേഷണം നല്‍കി അംഗീകരിച്ചിട്ടുള്ളതുമാണ്. ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക്, സ്തീപുരുഷ അനുപാതം, പ്രജനന നിരക്ക്, തുടങ്ങിയ ആരോഗ്യ സൂചികകളില്‍ നമ്മുടെ സംസ്ഥാനം വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ഇതു കൂടാതെ പ്രതിരോധ കുത്തിവെപ്പ്, കുടുംബാസൂത്രണം, ആയുര്‍ദൈര്‍ഘ്യം എന്നിങ്ങനെ പൊതുജനാരോഗ്യത്തിന്റെ സമസ്ത മേഖലകളിലും കേരളം ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ്. എന്നാല്‍, നാം കൈവരിച്ച ഈ നേട്ടങ്ങള്‍ക്കൊപ്പം നിരവധി ആരോഗ്യ പ്രശ്‌നങ്ങളും തല ഉയര്‍ത്തുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍, നിര്‍മാര്‍ജനം ചെയ്യപ്പെട്ട മലേറിയ പോലുള്ള രോഗങ്ങളുടെയും വാക്‌സിന്‍ മുഖേന പ്രതിരോധിക്കപ്പെട്ട ഡിഫ്ത്തീരിയ, നിയോനേറ്റല്‍ ടെറ്റനസ് തുടങ്ങിയുടെയും തിരിച്ചുവരവ് എന്നിവ ഇതിന് ചില ഉദാഹരണങ്ങള്‍ മാത്രം.
ഇതോടൊപ്പം നമ്മുടെ ആരോഗ്യരംഗത്ത് പ്രതിസന്ധികള്‍ ഉയര്‍ത്തുന്ന പുതിയ വെല്ലുവിളികളും സംജാതമായിട്ടുണ്ട്. വര്‍ധിച്ചുവരുന്ന മദ്യാസക്തി, ഉയര്‍ന്ന ആത്മഹത്യാ നിരക്ക്, റോഡപകടങ്ങള്‍, ഉയരുന്ന മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍, വര്‍ധിച്ചുകൊണ്ടിരിക്കുന്ന വൃദ്ധ ജനസംഖ്യ തുടങ്ങിയ പ്രശ്‌നങ്ങള്‍ നമുക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. എന്നാല്‍ കേരളം നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രതിസന്ധി ജീവിതശൈലീരോഗങ്ങളില്‍ ഉണ്ടാകുന്ന ക്രമാതീതമായ വര്‍ധനവാണ്.
കേരളം ഇന്ന് പ്രമേഹ രോഗത്തിന്റെ തലസ്ഥാനമായിട്ടാണ് അിറയപ്പെടുന്നത്. കേരളത്തിലെ 27% പുരുഷന്‍മാരും 19% സ്തീകളും പ്രമേഹരോഗികള്‍ ആണെന്നാണ് കണക്ക്. രക്താതിസമ്മര്‍ദം 42 ശതമാനത്തോളം പുരുഷന്‍മാരേയും 38 ശതമാനത്തോളം സ്ത്രീകളേയും ബാധിച്ചിരിക്കുന്നു. നമ്മുടെ നാട്ടില്‍ നടക്കുന്ന മരണങ്ങളുടെ 50 ശതമാനത്തിനുമുകളില്‍, അതും 30 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍, ജീവിതശൈലീരോഗങ്ങളില്‍ ഏതെങ്കിലും ഒരു കാരണം കൊണ്ടാണ് മരിക്കുന്നത്. ഈ വിപത്തിന് ശരിയായ ഒരു പരിഹാരം വൈകിയാണെങ്കിലും “അമൃതം ആരോഗ്യം” എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ 2012ല്‍ നടപ്പിലാക്കുകയുണ്ടായി.
സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ കൊണ്ട് നടന്ന മരണങ്ങള്‍ കഴിഞ്ഞ വര്‍ഷം ആരോഗ്യ വകുപ്പില്‍ കിട്ടിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 100 ല്‍ താഴെയാണ്. ജീവിത ശൈലീരോഗങ്ങള്‍ കൊണ്ടുണ്ടായ മരണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്. നമ്മുടെ മാറിവരുന്ന അനാരോഗ്യകരമായ ജീവീതശൈലി പല തരം രോഗങ്ങള്‍ക്കും കാരണമാകുന്നു. ഇവയില്‍ രക്താതിസമ്മര്‍ദം, പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം, ക്യാന്‍സറുകള്‍ എന്നിവയാണ് പ്രധാനം. അഞ്ചില്‍ ഒരാള്‍ക്ക് ഏതെങ്കിലും ഒരു ജീവീതശൈലീരോഗമുള്ളതായും 10ല്‍ ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ ജീവിതശൈലീരോഗമുള്ളതായും കണക്കുകള്‍ തെളിയിക്കുന്നു. മദ്യപാനം. പുകവലി, ശരിയായ വ്യായാമത്തിന്റെ അപര്യാപ്തത, തെറ്റായ ഭക്ഷണരീതി എന്നിവ മേല്‍പറഞ്ഞ രോഗങ്ങള്‍ക്ക് കാരണമാകുന്നു.
കേരളത്തില്‍ 42% പുരുഷന്‍മാര്‍ക്കും. 38% സ്ത്രീകള്‍ക്കും രക്താതിസമ്മര്‍ദം ഉണ്ടെന്നാണ് കണക്ക്. ഇതുകൊണ്ടുതന്നെ ഹൃദ്രോഗം, പക്ഷാഘാതം എന്നിങ്ങനെയുള്ള ഗുരുതരമായ രോഗാവസ്ഥയുടെ എണ്ണത്തിലും നാം മുന്‍പന്തിയിലാണ്. നമ്മുടെ സമൂഹത്തില്‍ രക്താതിസമ്മര്‍ദമുള്ള പകുതി പേര്‍മാത്രമേ രോഗം നിര്‍ണയിക്കപ്പെടുന്നുള്ളൂ. അതില്‍ പകുതി പേര്‍ മാത്രമേ ചികിത്സക്ക് വിധേയരാകുന്നുള്ളൂ. അതില്‍ പകുതി മാത്രമേ ശരിയായ ചികിത്സ ലഭ്യമാകുന്നുള്ളൂ. ഉയര്‍ന്ന രക്തസമ്മര്‍ദം നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കുന്ന ആഘാതങ്ങള്‍ കുറക്കണമെങ്കില്‍ ഈ രോഗം വരാന്‍ കാരണമാകുന്ന ശീലങ്ങള്‍ ഒഴിവാക്കുകയും ശരിയായ ഭക്ഷണരീതിയും വ്യായാമവും പ്രോത്സാഹിപ്പിക്കുകയും കൃത്യമായ രോഗ നിര്‍ണയം നടത്തുകയും ശരിയായ ചികിത്സാ രീതികള്‍ അവലംബിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
ഈ ആശയം ജനങ്ങളില്‍ ഉയര്‍ത്തിക്കാട്ടാന്‍ വേണ്ടിയാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദം വിഷയമായി തിരഞ്ഞെടുത്തത്. കേരളത്തില്‍ വര്‍ധിച്ചുവരുന്ന രക്താതിസമ്മര്‍ദവും മറ്റ് ജീവിതശൈലീരോഗ ബാധിതരുടെ എണ്ണവും കണക്കിലെടുത്താണ് അതിന്റെ പ്രതിരോധത്തിനും നിയന്ത്രണത്തിനുംവേണ്ടി അമൃതം ആരോഗ്യം എന്ന പേരില്‍ ജീവിതശൈലീ രോഗനിയന്ത്രണ പരിപാടി ആരംഭിച്ചത്. ഈ പദ്ധതി 2012 മുതല്‍ കേരളത്തിലെ എല്ലാ ജില്ലകളിലും കുടുംബക്ഷേമ ഉപകേന്ദ്രതലം വരെ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്. ഈ പദ്ധതിപ്രകാരം എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സബ് സെന്ററുകളിലും ആഴ്ചയില്‍ ഒരു ദിവസം ജീവിതശൈലീരോഗ സ്‌ക്രീനിംഗ് നടക്കുന്നു. 30 വയസ്സിനുമുകളില്‍ പ്രായമുള്ള എല്ലാ ജനങ്ങളുടെയും രകതസമ്മര്‍ദം, രക്തത്തിലെ ഷുഗറിന്റെ അളവ്, ബി എം ഐ എന്നിവ പരിശോധിക്കുകയും രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ഡോക്ടറുടെ പരിശോധനക്ക് വിധേയരാക്കുകയും ചെയ്യുന്നു. പുകവലി, മദ്യപാനം, ഭക്ഷണം, വ്യായാമം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളും പ്രത്യേക ക്യാമ്പുകളും പരിശോധന സ്ഥലത്ത് നടത്തുന്നു. സി എച്ച് സി, പി എച്ച് സി തലത്തില്‍ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് ചികിത്സ നിര്‍ണയിക്കുകയോ, സങ്കീര്‍ണതകളുണ്ടെങ്കില്‍ റഫര്‍ ചെയ്യുകയോ ചെയ്യും. കേരളത്തിലെ വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോള്‍ പ്രകാരം 12 ഇനം മരുന്നുകള്‍ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും എത്തിച്ചിട്ടുണ്ട്. എല്ലാ കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ വരെയും ബി പി അപ്പാരറ്റസ്, ഗ്ലുക്കോമീറ്റര്‍, വെയിംഗ് മെഷീന്‍ തുടങ്ങിയ ഉപകരണങ്ങളും ട്രീറ്റ്‌മെന്റ് പ്രോട്ടോകോള്‍, രജിസ്റ്ററുകള്‍, റിപ്പോര്‍ട്ടിംഗ് ഫോമുകള്‍ എന്നിവയും എത്തിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം കേരളത്തില്‍ ഇതിനോടകം 24 ലക്ഷത്തില്‍ പരം ആളുകളെ സ്‌ക്രീനിംഗിന് വിധേയമാക്കിയിട്ടുണ്ട്. അതില്‍ 1,74,024 എണ്ണം ഡയബറ്റിക്കും, 2,19,247 എണ്ണം പുതിയ രക്തസമ്മര്‍ദവും 1,13,000 ഇത് രണ്ടും കൂടിയുള്ളതും കണ്ടുപിടിച്ചിട്ടുണ്ട്. കേന്ദ്ര പദ്ധതിയായ എന്‍ പി സി ഡി സി എസ് പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ആഴ്ചയില്‍ 6 ദിവസം നീണ്ടുനിക്കുന്ന എന്‍ സി ഡി ക്ലിനിക്കുകള്‍ എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേകം ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, ഡയറ്റീഷ്യന്‍മാര്‍ , ഫിസിയോതെറാപ്പിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ എന്നിവരെ നിയമിക്കുകയുണ്ടായി. ഈ ജില്ലകളിലെ ജില്ലാ ആശുപത്രികളിലും കൊറോണറി കെയര്‍ യൂനിറ്റ്, ജെറിയാട്രിക്ക് യൂനിറ്റ്, ക്യാന്‍സര്‍ യൂനിറ്റ് എന്നീ സൗകര്യങ്ങള്‍ സജ്ജീകരിക്കുകയും വേണ്ട ജീവനക്കാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. രക്താതിസമ്മര്‍ദത്തിന് കാരണമാകാവുന്ന പുകവലിക്കെതിരെ വിവിധ പദ്ധതികള്‍ ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്നുണ്ട്.
അമൃതം ആരോഗ്യം പദ്ധതി മുന്നോട്ടുവെച്ച ജീവിത ശൈലീരോഗ നിയന്ത്രണ പരിപാടികള്‍ ഒന്നുകൂടി ഈര്‍ജിതപ്പെടുത്തുന്നതിനും ഇതിന്റെ പ്രയോജനം എല്ലാവിധ ജനവിഭാഗങ്ങളിലേക്കും എത്തിക്കുന്നതിനുമാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മപദ്ധതി തയ്യാറാക്കുന്നത്. ഈ പദ്ധതിപ്രകാരം ഇതുവരെ 24 ലക്ഷത്തില്‍ പരം ജനങ്ങളെ പരിശോധനക്കു വിധേയരാക്കി. എന്നാല്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളോ സാമൂഹികാരോഗ്യ കേന്ദ്രങ്ങളോ ഇല്ലാത്ത പ്രദേശങ്ങളിലും കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും വസിക്കുന്ന ജനങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കത്തക്ക വിധത്തില്‍ പദ്ധതി തയ്യാറാക്കുന്നതും ഈ കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തുന്നതാണ്.
സ്‌കൂള്‍ തലത്തിലും ഈ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതുവഴി ജീവിതശൈലീരോഗങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളില്‍ തന്നെ സൃഷ്ടിക്കുന്നതിനും അതുവഴി അവരുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതിനും ജീവിതശൈലീരോഗങ്ങള്‍ ഭാവിയില്‍ കുറക്കുന്നതിനും കര്‍മപദ്ധതി ലക്ഷ്യമിടുന്നു. ഓഫീസുകള്‍, ഫാക്ടറികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഈ പദ്ധതി പ്രകാരം സ്‌ക്രീനിംഗ് നടത്തുന്നതിനും രോഗാവസ്ഥയുള്ളവരെ കണ്ടെത്തുന്നതിനും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും ഈ വര്‍ഷം നടപടികള്‍ ഉണ്ടാകും.

Latest