തീരദേശ മേഖലയുടെ സുരക്ഷ

Posted on: April 7, 2013 8:44 am | Last updated: April 7, 2013 at 8:44 am

siraj copyഅറബിക്കടലിന് ഓരം പറ്റിക്കിടക്കുന്ന കേരളത്തിന് 590 കിലോമീറ്റര്‍ കടലോരമേഖലയുണ്ട്. അതിവിശാലമായ ഈ കടലോരക്കാഴ്ച ആരുടെയും മനം കവരുന്നതാണ്. മനോഹരമായ ബീച്ചുകള്‍ ടൂറിസത്തിന് ഏറെ സാധ്യതയുള്ളതാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളായി വികസിപ്പിക്കാവുന്ന ബീച്ചുകളും കായലോരങ്ങളും മറ്റും ഇനിയും ഏറെയുണ്ട്. ഇത് ഒരു വശം. ഇതിന് ഒരു മറുവശം കൂടിയുണ്ട്. കടലോര മേഖല ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണിയാണത്. 2008 നവംബര്‍ 26ന് നടന്ന, രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം ഇക്കാര്യത്തില്‍ നമ്മുടെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. തീരദേശ മേഖല ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നുകയറാവുന്ന വിധമാണെന്ന തിരിച്ചറിവ് ഈ ദുരന്തം നമുക്ക് പകര്‍ന്നു നല്‍കി. എന്നാല്‍, കണ്ടാലും കൊണ്ടാലും പഠിക്കാത്ത അവസ്ഥയിലാണ് കേരളത്തിലെ തീരദേശ സുരക്ഷാ സംവിധാനത്തിന്റെ കിടപ്പ്. സംസ്ഥാനത്തെ ഈ ദുരവസ്ഥയിലേക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. സി എ ജിയുടെ റിപ്പോര്‍ട്ട് ഏതാനും മാസം മുമ്പ് സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ചതാണ്. പക്ഷേ അതിലേക്ക് അധികൃതരുടെ ശ്രദ്ധ വേണ്ടവിധം പതിഞ്ഞതായി കണ്ടില്ല.
മുംബൈ ഭീകരാക്രമണത്തിന് വളരെ മുമ്പ് തന്നെ രാജ്യത്തെ കടലോര മേഖലയിലെ സുരക്ഷാ സംവിധാനവും ഒരുക്കങ്ങളും തീര്‍ത്തും അപര്യാപ്തമാണെന്ന് പ്രതിരോധ വകുപ്പ് ചൂണ്ടിക്കാട്ടിയതാണ്. നാവിക സേനയും തീരദേശ സേനയും അതിന്റെ പരിമിതികളെ കുറിച്ച് ബോധവാന്മാരായിരുന്നു. കേരള കടലോര മേഖലയില്‍ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തേണ്ടത് സംബന്ധിച്ച് 2005ല്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായുള്ള ഉന്നതാധികാര സമിതി സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു. സംസ്ഥാനത്തെ എട്ട് കടലോര ജില്ലകളില്‍ എട്ട് തീരദേശ പോലീസ് സ്റ്റേഷനുകള്‍ തുറക്കാനുള്ള തീരുമാനം അതിലൊന്നായിരുന്നു. നിര്‍മാണച്ചുമതല കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന് നല്‍കുകയും ചെയ്തു. 15 മാസം കൊണ്ട് പണിപൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. പക്ഷേ, 2009 അവസാനം വരെയും പോലീസ് സ്റ്റേഷന്‍ പണിയേണ്ട സ്ഥലം പോലും വിട്ടുകിട്ടിയില്ല. എന്നാല്‍, മുംബൈ ഭീകരാക്രമണത്തിനു ശേഷം കാര്യങ്ങള്‍ വേഗത്തില്‍ നടന്നു. 2012 ഓടെ എട്ട് തീരദേശ പോലീസ് സ്റ്റേഷനുകളുടെയും നിര്‍മാണം പൂര്‍ത്തിയായി. 2009 ജൂലൈക്കും 2010 നവംബറിനും ഇടയില്‍ കേന്ദ്രം കടലിലെ പട്രോളിംഗിനായി കേരളത്തിന് 24 അത്യാധുനിക ഇന്റര്‍സെപ്റ്റര്‍ ബോട്ടുകളും ലഭ്യമാക്കി. പക്ഷേ, ഇതുകൊണ്ട് എല്ലാം ഭദ്രമായെന്ന് കരുതിയാല്‍ തെറ്റി.
കടലില്‍ കാഴ്ചയെത്തുന്ന ദൂരത്തിലായിരിക്കണം തീരദേശ പോലീസ് സ്റ്റേഷന്‍ എന്നായിരുന്നു നിര്‍ദേശം. പക്ഷേ, എട്ടില്‍ അഞ്ചെണ്ണവും ഈ നിര്‍ദേശം ലംഘിച്ചുകൊണ്ടാണ് പണിതത്. കടലോരത്തുനിന്നും മുക്കാല്‍ കിലോമീറ്റര്‍ മുതല്‍ മൂന്നര കിലോമീറ്റര്‍ വരെ അകലെയാണ് സ്റ്റേഷനുകള്‍ നിര്‍മിച്ചത്. കടലില്‍ നിരന്തര നിരീക്ഷണത്തിനുള്ള വാച്ച് ടവറുകള്‍ കടലോരത്തോട് ചേര്‍ന്നാകണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ല. ഇന്റര്‍സെപ്റ്റര്‍ ബോട്ടുകള്‍ കൈകാര്യം ചെയ്യാന്‍ സാങ്കേതിക പരിജ്ഞാനവും വൈദഗ്ധ്യവുമുള്ളവരെ നിയമിക്കണമെന്ന നിര്‍ദേശവും ലംഘിക്കപ്പെട്ടു. എട്ട് തീരദേശ പോലീസ് സ്റ്റേഷനുകളിലായി 568 പോലീസുകാരും 144 ബോട്ട് ജീവനക്കാരും ഉണ്ടായിരിക്കണം. എന്നാല്‍, നിയമിച്ചത് 341 പോലീസുകാരെ. സ്റ്റേഷനുകളില്‍ സേവനനിരതരാകുന്നത് 306 പേര്‍. ഇന്റര്‍സെപ്റ്റര്‍ ബോട്ടുകളില്‍ നിയമിച്ചത് 57 പേരെ. ഇവരെല്ലാം ദിവസക്കൂലിക്കാരാണ്. തീരദേശ പോലീസ് സ്റ്റേഷനുകളില്‍ അടിസ്ഥാന പരിശീലനം ലഭിച്ചവരെ വേണം നിയോഗിക്കുകയെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, പരിശീലനം ലഭിച്ചവര്‍ 161 പേര്‍ മാത്രം. സമുദ്രയാനവുമായി ബന്ധമുള്ള വിമുക്ത ഭടന്മാര്‍ക്ക് വേണം തീരദേശ സേനയിലേക്ക് മുന്‍ഗണന നല്‍കുന്നതെന്ന നിര്‍ദേശവും പാലിക്കപ്പെട്ടില്ല. വിതരണം ചെയ്ത നാള്‍ മുതല്‍ 2012 ജൂലൈ വരെ കാര്യക്ഷമമായി 24 ഇന്റര്‍സെപ്റ്റര്‍ ബോട്ടുകളും കടലില്‍ നിരീക്ഷണ റോന്തുചുറ്റല്‍ നടത്തിയിരുന്നെങ്കില്‍ 90,000ത്തിലേറെ മണിക്കൂര്‍ പ്രവര്‍ത്തിക്കുമായിരുന്നു. എന്നാല്‍, പ്രവര്‍ത്തിച്ചത് 5,086 മണിക്കൂര്‍ മാത്രം. ഇതാണ് കേരളത്തിലെ തീരദേശ സുരക്ഷയുടെ മാതൃക!.
രണ്ടാം ഘട്ടത്തില്‍ തീരദേശ മേഖലാ സംരക്ഷണത്തിന് കേരളത്തിന് പുതുതായി പത്ത് തീരദേശ പോലീസ് സ്റ്റേഷനുകളും 20 ഇന്റര്‍സെപ്റ്റര്‍ ബോട്ടുകളും അനുവദിച്ചതായാണ് അറിവ്. പക്ഷേ, ഇതിന് സ്ഥലം പോലും നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ആയിട്ടില്ലെന്നാണ് വിവരം. കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കിയില്ലെന്ന് പരാതി കേള്‍പ്പിക്കുന്നതിലും ഭേദം പദ്ധതി തന്നെ വേണ്ടെന്ന് വെക്കുന്നതല്ലേ എന്ന് വല്ലവരും ചിന്തിച്ചുപോയിട്ടുണ്ടെങ്കില്‍ അവരെ കുറ്റം പറയാനാകില്ല. കാരണം, സംഗതി രാജ്യരക്ഷയുമായി ബന്ധപ്പെട്ടതാണല്ലോ?. സി എ ജിയുടെ കണ്ടെത്തലുകള്‍ക്കും റിപ്പോര്‍ട്ടെഴുതിയ കടലാസിനും വേണ്ടപ്പെട്ടവര്‍ എന്തെങ്കിലും വില കല്‍പ്പിക്കുമോ എന്ന് കണ്ടറിയണം.