സൈബര്‍ തട്ടിപ്പു സംഘങ്ങള്‍ ഫോണ്‍ വിളികളിലേക്കു ചുവടു മാറ്റുന്നു

Posted on: April 7, 2013 10:47 am | Last updated: April 7, 2013 at 10:47 am

മസ്‌കത്ത് : വന്‍ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തും വന്‍ തുക പാരിതോഷികമായി ലഭിക്കുന്ന ഇടപാടുകളില്‍ സഹകരിക്കാന്‍ ആവശ്യപ്പെട്ടുമുള്ള സന്ദേശങ്ങളില്‍ ഒമാന്‍ മുന്നിലെന്ന് പഠനം. മിഡില്‍ ഈസ്റ്റിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഒമാനിലെ ഇന്റര്‍നെറ്റ് മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഇത്തരം സന്ദേശങ്ങളുടെ വന്‍ ഒഴുക്കാണെന്നാണ് സൈബര്‍ പഠനങ്ങള്‍ തെളിയിക്കുന്നത്.
‘ആഫ്രിക്കയിലേക്ക് ദശലക്ഷം ഡോളര്‍ മാറ്റാന്‍ സഹായിക്കുക’, ‘കൂടുതലല്‍ അധ്വാനമില്ലാതെ വന്‍തോതില്‍ പണം നേടുക’, ‘നിങ്ങള്‍ ഒരു സൗജന്യ ഹോളി ഡേ ട്രിപ്പിന് യോഗ്യത നേടിയിരിക്കുന്നു നിങ്ങളുടെ അക്കൗണ്ട് ഉറപ്പുവരുത്തുക’ തുടങ്ങിയ സന്ദേശങ്ങളാണ് കൂടുതലായി പ്രവഹിക്കുന്നതെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി (ടി ആര്‍ എ) പറയുന്നു. ടി ആര്‍ എ ലിസ്റ്റ് ചെയ്തു വെച്ച സന്ദേശ വാചങ്ങളും ഇവയാണ്. രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പുകളുടെ ഭാഗമായാണ് ഇത്തരം സന്ദേശങ്ങള്‍ വരുന്നതെന്നും ഇതില്‍ വഞ്ചിതരാകുന്നവര്‍ നിരവധിയുണ്ടെന്നും ടി ആര്‍ എ മീഡിയ ആന്‍ഡ് കണ്‍സ്യൂമര്‍ വിഭാഗം മാനേജര്‍ സൈദ് ഹിലാല്‍ ഒ അല്‍ സിയാബി പറഞ്ഞു.
സന്ദേശങ്ങള്‍ക്ക് പഴയ പോലെ ഫലം കിട്ടുന്നില്ലെന്ന് തിരിച്ചറിഞ്ഞ തട്ടിപ്പു കേന്ദ്രങ്ങളില്‍നിന്നും ഇപ്പോള്‍ രാജ്യത്തു വസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും നേരിട്ടുള്ള വിളികളാണ് വരുന്നത്. ലോക്കല്‍ നമ്പറില്‍നിന്നായിരിക്കും കോളുകള്‍ വരിക. ഇത് വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനും ഇടയാക്കുന്നു. രാജ്യാന്തര തലത്തില്‍ തന്നെയുള്ള പ്രവര്‍ത്തനമോ രാജ്യത്തെ നമ്പര്‍ സംഘടിപ്പിച്ചോ ടെലിഫോണ്‍ ബൂത്തുകള്‍ ഉപയോഗിച്ചോ ഉള്ള പ്രവര്‍ത്തനമാണിതെന്ന് ടി ആര്‍ എ അധികൃതര്‍ വിശദീകരിക്കുന്നു. വിവിധ ഓഫറുകള്‍ അറിയിച്ചും നറുക്കെടുപ്പുകളില്‍ വിജയിച്ചതായി അറിയിച്ചുമാണ് വിളികള്‍ വരുന്നത്. ഇവരുടെ പ്രാദേശിക കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്താനും സമ്മാനം നേടാനും ആവശ്യപ്പെടുന്നു. പലരും വിളികളില്‍ വിശ്വിസിച്ച് തട്ടിപ്പിനു വിധേയമാവുകയാണ്.
ഇത്തരം തട്ടിപ്പുകള്‍ക്ക് കുടുങ്ങുന്നവരില്‍ കൂടുതലും സാധാരണ തൊഴിലാളികളാണെന്ന് ടി ആര്‍ എ മീഡിയ ആന്‍ഡ് കണ്‍സ്യൂമര്‍ വിഭാഗം സ്‌പെഷ്യലിസ്റ്റ് മാജിദ് കെ അല്‍ ബലൂഷി പറഞ്ഞു. ഇത്തരം സൈബര്‍ തട്ടിപ്പുകലെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്ത ഇവര്‍ ഫോണ്‍ കോളുകളില്‍ വിശ്വിസിച്ച് നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനോ പ്രാദേശിക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സമ്മാനത്തുക കൈമാറുന്നതിനു മുമ്പുള്ള നടപടിക്രമങ്ങള്‍ക്കായി ആവശ്യപ്പെടുന്ന സംഖ്യ അടക്കാനോ തയാറാകുന്നു. ഈ തുക അടക്കുന്നതോടെ തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാകുന്നത് ഏറെ നാള്‍ കഴിഞ്ഞ ശേഷമായിരിക്കും. വിളി വന്ന നമ്പറില്‍ വിളിച്ചാല്‍ പ്രതികരണമുണ്ടാകില്ല. ഓഫീസുകള്‍ അടച്ചുപൂട്ടി പോയിട്ടുമുണ്ടാകും. ഇത്തരം ഫോണ്‍ കോളുകള്‍ വരുമ്പോള്‍ പേരും മറ്റു വിവരങ്ങളും അറിയിച്ചാണ് വിളിക്കുക. ഇതോടെ വിശ്വാസ്യത വര്‍ധിക്കുന്നു. പാസ്‌പോര്‍ട്ടിലും ലേബര്‍ കാര്‍ഡിലുമുള്ള പേരുകളായിരിക്കും വിളിക്കുന്നവര്‍ പറയുക. തട്ടിപ്പു സംഘങ്ങള്‍ക്ക് മൊബൈല്‍ നമ്പറുകളില്‍നിന്നും പേരും വിലാവസവും സംഘടിപ്പിക്കുന്നതിനുള്ള അപ്ലിക്കേഷന്‍ വിദ്യകള്‍ അറിയാമെന്ന് ടി ആര്‍ എ വൃത്തങ്ങള്‍ പറയുന്നു.
വ്യാജ സന്ദേശങ്ങളും വിളികളും വര്‍ധിച്ച സാഹചര്യത്തില്‍ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നറിയിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ ടെലികോം ഓപറേറ്റര്‍മാരായ നൗറസും ഒമാന്‍ ടെല്ലും മുഴുവന്‍ ഉപഭോക്താക്കള്‍ക്കും സന്ദേശം അയച്ചിരുന്നു.
ഫോണ്‍ കോളുകള്‍ വരുമ്പോള്‍ പേരും മറ്റു വിവിരങ്ങളും അറിയിച്ചതു കൊണ്ട് വിശ്വസിക്കരുതെന്നും വീണ്ടും ഉറപ്പു വരുത്തിയ ശേഷം മാത്രമേ ഇത്തരം അറിയിപ്പുകള്‍ക്കു പിറകേ പോലും പോകാവൂ എന്നുമാണ് വിദഗ്ധര്‍ പറയുന്നത്. അടുത്ത കാലത്ത് പലരുടെയും പണം നഷ്ടപ്പെട്ടിട്ടുണ്ട്. പരാതിയുമായി എത്തുന്നവരോട് സൂക്ഷിക്കാന്‍ പറയാന്‍ മാത്രമേ ടി ആര്‍ എക്കും നിര്‍വാഹമുള്ളൂ. ഇത്തരം സന്ദേശങ്ങള്‍ക്കെതിരെ  ജാഗ്രത പാലിക്കാനും മറുപടി നല്‍കാതിരിക്കാനുമാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്.