സലാലയിലെ പ്രഥമ പഞ്ചനക്ഷത്ര ഹോട്ടല്‍ ഈ വര്‍ഷം പൂര്‍ത്തിയാകും

Posted on: April 7, 2013 10:51 am | Last updated: April 7, 2013 at 10:51 am

സലാല: സലാലയിലെ പഞ്ച നക്ഷത്ര ഹോട്ടല്‍   റോട്ടാന ബീച്ച് റിസോര്‍ട്ട് ഈ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തന ക്ഷമമാകും. മുറിയ ടൂറിസം ഡെവലപ്‌മെന്റ് അറിയിച്ചതാണിക്കാര്യം. മുറിയ ടൂറിസം ഡെവലപ്‌മെന്റും അര്‍ധ ഗവര്‍മെന്റ് കമ്പനിയായ ഉംറാനും സംയുക്തമായി രാജ്യത്ത് രണ്ട് പ്രധാന കേന്ദ്രങ്ങളിലാണ് ഹോട്ടല്‍ സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത്. ഇന്റഗ്രേറ്റഡ് ടൂറിസം ഡെവലപ്‌മെന്റ്‌സ് എന്ന പദ്ധതിയുടെ ഭാഗമായി സലാലയിലും ജബല്‍ സിഫയിലും  ആഢംബര ഹോട്ടലുകള്‍ നിലവില്‍ വരും.
ജബല്‍ സിഫയിലല്‍ ആറു ഹോട്ടലുകളിലായി 1000 മുറികളും സലാലയില്‍ ഏഴു ഹോട്ടലുകളിലായി 1900 മുറികളും നിര്‍മിക്കും. 64 മുറികളുളള ബട്ടക് ഹോട്ടല്‍ കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം തുടങ്ങിയതായും 400 മുറികളുളള റോട്ടാന ഹോട്ടല്‍ ഈ വര്‍ഷാവസാനം പ്രവര്‍ത്തനമാരംഭിക്കുമെന്നും സ്വകാര്യ വെബ്‌സൈറ്റിനനുവദിച്ച അഭിമുഖത്തില്‍ മുറിയ ടൂറിസം ഡെവലപ്‌മെന്റ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ബഹാ ഹഫ്‌സുല്ല പറഞ്ഞു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. മിനുക്കു പണികള്‍ മാത്രമാണ് അവശേഷിക്കുന്നത്. ക്ലബ് മെഡ് മൂവന്‍പിക്ക് ഹോട്ടലുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ തരം ബാറുകള്‍, റസ്റ്റോറന്റുകള്‍, ഹെല്‍ത്ത് ഫിറ്റ്‌നസ് സെന്റര്‍, സ്‌കാര്യബീച്ച്, നീന്തല്‍ കുളങ്ങള്‍ എന്നിവ റോട്ടാന ബീച്ച് റിസോര്‍ട്ടിലുണ്ടാകും.
സഞ്ചാരികളുടെ സ്വപ്‌ന തീരമായ സലാലയിലേക്ക് വിനേദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഗവണ്‍മെന്റ് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ട്.