ജവാന്റെ വിധവയെ കബളിപ്പിച്ച് 10 ലക്ഷം കവര്‍ന്നു

Posted on: April 6, 2013 2:21 pm | Last updated: April 6, 2013 at 2:21 pm

money bagമധുര: പാക് സൈന്യം കൊലപ്പെടുത്തിയ ലാന്‍സ് നായിക്കിന്റെ വിധവയെ കബളിപ്പിച്ച് 10 ലക്ഷം രൂപ കവര്‍ന്നു. ലാന്‍സ് നായിക്ക് ഹേമരാജിന്റെ വിധവ ധര്‍മവതിയാണ് കബളിപ്പിക്കപ്പെട്ടത്. മരണത്തെത്തുടര്‍ന്ന ലഭിച്ച 20 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയായിരുന്നു.
അമിത് കുമാര്‍ എന്നാണ് മോഷ്ടാവ് സ്വയം പരിചയപ്പെടുത്തിയത്. നഷ്ടപരിഹാര തുക വ്യത്യസ്ത ബാങ്കുകളില്‍ നിക്ഷേപിക്കണമെന്ന് അമിത് കുമാര്‍ ധര്‍മ്മവതിയെയും ബന്ധുക്കളെയും ബോധ്യപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് ധര്‍മ്മവതിയോടും രണ്ട് ബന്ധുക്കളോടും ഒപ്പം അമിത് കുമാറും ബാങ്കിലെത്തി. 10 ലക്ഷം രൂപ പിന്‍വലിച്ച് ബാക്കി 10 ലക്ഷം രൂപ അതേ ബ്രാഞ്ചില്‍ മകളുടെ പേരില്‍ സ്ഥിര നിക്ഷേപമായി നിലനിര്‍ത്തി. പിന്‍വലിച്ച 10 ലക്ഷം രൂപ തൊട്ടടുത്ത ബാങ്കില്‍ നിക്ഷേപിക്കാന്‍ അമിത്കുമാറിന്റെ കൂടെ ധര്‍മവതിയും പോയിരുന്നു. അമിത് കുമാറിന്റെ ബൈക്കിലാണ് ധര്‍മ്മവതി ഇരുന്നിരുന്നത്. വഴിയില്‍ പെട്രോള്‍ പമ്പിലെത്തിയപ്പോള്‍ ധര്‍മ്മവതിയോട് ഇറങ്ങാന്‍ ആവശ്യപ്പെടുകയും അമിത് കുമാര്‍ പണവുമായി കടന്നുകളയുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. യാത്രയില്‍ അമിത് കുമാറിന്റെ ബാഗിലായിരുന്നു പണം വെച്ചതെന്ന് ധര്‍മ്മവതി പറയുന്നു. പെട്രോള്‍ പമ്പിലെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.