Connect with us

Kerala

24ന് ഡോക്ടര്‍മാരുടെ സൂചനാ പണിമുടക്ക്

Published

|

Last Updated

തിരുവനന്തപുരം:പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ കീഴിലുള്ള സബ് സെന്ററുകളില്‍ ഡോക്ടര്‍മാരല്ലാത്തവര്‍ക്കും ചികിത്സ നടത്താന്‍ അനുമതി നല്‍കാനുള്ള നീക്കവും സര്‍ക്കാര്‍ ആശുപത്രികളില്‍ ആയുഷ് ക്ലിനിക്കുകള്‍ ആരംഭിക്കാനുള്ള നീക്കവും പിന്‍വലിച്ചില്ലെങ്കില്‍ ഈ മാസം 24 ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് ഡോക്ടര്‍മാരുടെ സംഘടനകളുടെ ആക്ഷന്‍ കൗണ്‍സില്‍.

സര്‍ക്കാര്‍ ആശുപത്രികളിലടക്കം ഒ പി ബഹിഷ്‌കരിച്ചായിരിക്കും രണ്ട് മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തുക. പ്രശ്‌ന പരിഹാരത്തിനായി ഡോക്ടര്‍മാരുടെ വിവിധ സംഘടനകള്‍ ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടാകുകയാണെങ്കില്‍ പണിമുടക്കില്‍ നിന്ന് പിന്‍മാറാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മതിയായ ഡോക്ടര്‍മാരില്ലാത്ത സാഹചര്യത്തിലാണ് ബി എസ് സി നഴ്‌സിംഗ് കഴിഞ്ഞവരെ കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍മാരായി നിയമിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ഡോക്ടര്‍മാരെ അറിയിച്ചു. ഡോക്ടര്‍മാരില്ലാത്ത സ്ഥലങ്ങളില്‍ ഐ എം എ ഡോക്ടര്‍മാരെ നല്‍കാന്‍ തയ്യാറാണെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി.
ഡോക്ടര്‍മാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്ന് മന്ത്രി ഡോക്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കി. ആവശ്യങ്ങളടങ്ങിയ വിശദമായ നിവേദനവും മന്ത്രിക്ക് സമര്‍പ്പിച്ചു. മോഡേണ്‍ മെഡിസിന്‍ പിന്തുടരുന്ന ആശുപത്രികളില്‍ ആയുര്‍വേദം അടക്കമുള്ള ചികിത്സാവിധികള്‍ നടത്തുന്നത് ആരോഗ്യരംഗത്ത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഐ എം എ കേന്ദ്ര പ്രവര്‍ത്തക സമിതി അംഗം ശ്രീജിത്ത് എന്‍ കുമാര്‍ പറഞ്ഞു.
ബി എസ്‌സി നഴ്‌സിംഗ് കഴിഞ്ഞവരെ കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസറായി നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് വിവാദമായത്. ഐ എം എ, കെ ജി എം ഒ എ, കെ ജി എം സി ടി എ, ഹൗസ് സര്‍ജന്‍മാര്‍, പി ജി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചത്. ഐ എ എ സംസ്ഥാന പ്രസിഡന്റ് ഡോ ദേവദാസ് കെ ജി എം ഒ എ സംസ്ഥാന പ്രസിഡന്റ് ഡോ.ശ്യാം സുന്ദര്‍, കെ ജി എം സി ടി എ സംസ്ഥാന പ്രസിഡന്റ് ഡോ. മോഹനന്‍, പി ജി അസോസിയേഷന്‍ പ്രസിഡന്റ് ശബരീനാഥ്, ഐ എ എ കേന്ദ്ര പ്രവര്‍ത്തകസമിതി അംഗം മാര്‍ത്താണ്ഡ പിള്ള എന്നിവരാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.