Connect with us

Editorial

പഞ്ചസാരക്ക് നിയന്ത്രണം നീങ്ങുമ്പോള്‍

Published

|

Last Updated

ഉദാരവത്കരണത്തിന്റെയും ആഗോള സാമ്പത്തിക സമ്മര്‍ദങ്ങളുടെയും പ്രതിഫലനമെന്നോണം സബ്‌സിഡി വെട്ടിച്ചുരുക്കുകയും വിപണിയിലുള്ള നിയന്ത്രണം എടുത്തുകളയുകയും ചെയ്യുന്ന പ്രക്രിയ പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ തുടരുകയാണ്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പഞ്ചസാരയുടെ വിലനിയന്ത്രണം നീക്കാനുള്ള തീരുമാനം. പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതി അധ്യക്ഷനായ ഡോ. പി. രംഗരാജന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ സാമ്പത്തിക കാര്യ സമിതി തീരുമാനം കൈക്കൊണ്ടത്.
പഞ്ചസാര ഉത്പാദകര്‍ക്ക് വില വര്‍ധിപ്പിക്കുന്നതിനുള്ള തടസ്സം നീങ്ങുമെന്നതിനാല്‍ പൊതുവിപണിയില്‍ പഞ്ചസാര വിലവര്‍ധനവിന് തീരുമാനം വഴിയൊരുക്കുമെന്ന് വിലയിരുത്തപ്പെടുന്നു. പൊതുവിതരണ ശൃംഖല വഴി നിര്‍ധനര്‍ക്ക് സബ്‌സിഡി നിരക്കില്‍ പഞ്ചസാര നല്‍കുന്നത് തുടരുന്നതിനാല്‍ സര്‍ക്കാറിന്റെ ചെലവ് കൂടുകയും ചെയ്യും. ഫലത്തില്‍ കുത്തക വ്യവസായികളുടെ താത്പര്യം മാത്രമായിരിക്കും സംരക്ഷിക്കപ്പെടുക.
പഞ്ചസാരയുടെ ഉത്പാദനം മുതല്‍ വിതരണ ഘട്ടം വരെ വ്യവസായികളെ നിയന്ത്രിച്ചിരുന്ന സര്‍ക്കാരിന് കടിഞ്ഞാണ്‍ നഷ്ടപ്പെടുന്നതിനാല്‍ കുത്തക വ്യവസായികളുടെ വാണിജ്യതാത്പര്യത്തിനനുസൃതമായി പൊതുവിപണിയില്‍ പഞ്ചസാരയുടെ വിലനിലവാരം നിശ്ചയിക്കപ്പെടും . സാധാരണക്കാരന്റെ ഭക്ഷണപ്പട്ടികയിലെ മുഖ്യ ഇനങ്ങളിലൊന്നായ പഞ്ചസാരക്ക് കയ്പ്പ് അനുഭവപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നതും ഇതുകൊണ്ടുതന്നെ. പെട്രോള്‍, ഡീസല്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞതിന്റെ ഭാരം പേറേണ്ടിവരുന്നതിനാല്‍ ജീവിതച്ചെലവിലെ ഉയര്‍ച്ച മൂലം പ്രയാസപ്പെടുന്ന സാധാരണക്കാര്‍ക്ക്, വിശിഷ്യാ ഉപഭോഗ സംസ്ഥാനമായ കേരളത്തിലെ ഇടത്തരക്കാര്‍ക്ക് കേന്ദ്ര തീരുമാനം കൂനിന്മേല്‍ കുരുവാകുമെന്നാണ് വിലയിരുത്തല്‍. ഉത്പാദകര്‍ക്ക് പൊതുവിപണിയില്‍ വില്‍ക്കാവുന്ന പഞ്ചസാരയുടെ ക്വാട്ട കേന്ദ്രമാണ് നിശ്ചയിച്ചിരുന്നത്. മില്ലുകള്‍ ഉത്പാദിപ്പിക്കുന്ന പഞ്ചസാരയില്‍ പത്ത് ശതമാനം റേഷന്‍ കടകളിലൂടെയുള്ള വിതരണത്തിന് സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതുമൂലം തങ്ങള്‍ക്ക് പ്രതിവര്‍ഷം 3000 കോടിരൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നാണ് പഞ്ചസാര വ്യവസായികളുടെ വാദം. ഇങ്ങനെ, രണ്ട് തരത്തിലുള്ള നിയന്ത്രണം ആവശ്യമില്ലെന്നാണ് രംഗരാജന്‍ സമിതി നിര്‍ദേശിച്ചത്.
നിയന്ത്രണം നീക്കുന്നതോടെ സംസ്ഥാനങ്ങള്‍ക്ക് പൊതുവിതരണത്തിനുള്ള പഞ്ചസാര പൊതുവിപണിയില്‍ നിന്ന് വാങ്ങേണ്ടിവരും. നിലവിലുള്ള വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ഒരു നിശ്ചിത തുക സബ്‌സിഡി നല്‍കും. എന്നാല്‍ സബ്‌സിഡി വെട്ടിച്ചുരുക്കുകയെന്ന നയം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്ന സാഹചര്യം നിലനില്‍ക്കെ, ഈ മേഖലയിലും ഏറെക്കാലം ഇത് തുടരാനിടയില്ല. സബ്‌സിഡി ഒഴിവാക്കിയാല്‍ വ്യവസായികള്‍ നിശ്ചയിക്കുന്ന വിലക്ക് പൊതുവിപണിയില്‍ നിന്ന് പഞ്ചസാര സംസ്ഥാനങ്ങള്‍ വാങ്ങേണ്ടി വരും.
ലോകത്ത് ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പഞ്ചസാര ഉത്പാദിപ്പിക്കുന്ന, പഞ്ചസാര ഉപഭോഗത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന രാജ്യമാണ് ഇന്ത്യ. പ്രതിദിനം 250-260 ലക്ഷം മെട്രിക് ടണ്‍ പഞ്ചസാരയാണ് ഇന്ത്യയില്‍ ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ 20 ലക്ഷം ടണ്‍ മാത്രമേ പൊതുവിതരണത്തിനു വേണ്ടതുള്ളൂ.
പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പരിണത ഫലമെന്നോണം സ്യകാര്യമേഖല ശക്തിപ്പെടുകയും പൊതുമേഖല തളരുകയും ചെയ്യുന്ന പ്രവണതയാണ് നിലനില്‍ക്കുന്നത്. പൊതുവിതരണ സമ്പ്രദായം നാമമാത്രമായി ചുരുങ്ങുകയും കൂടി ചെയ്യുമ്പോള്‍ സര്‍ക്കാര്‍ സബ്‌സിഡിയിനത്തില്‍ നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്നത് നിത്യജീവിതത്തിന് കഷ്ടപ്പെടുന്ന സാധാരണക്കാരന് വയറ്റത്തടിയാകും. പൊതുവിപണിയില്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ ഇടപെടാന്‍ മടിക്കുന്ന സര്‍ക്കാര്‍ പലപ്പോഴും ഉപഭോക്താവിന്റെ താത്പര്യങ്ങള്‍ അവഗണിച്ച് കുത്തക മുതലാളിമാരുടെ താത്പര്യങ്ങളുടെ കാവലാളാകുകയാണ്. പഞ്ചസാര വിലനിയന്ത്രണം എടുത്തുകളയുന്നത് മൂലം പകലന്തിയോളം കഷ്ടപ്പെടുന്ന യു പിയിലെയും മഹാരാഷ്ട്രയിലെയും കരിമ്പ് കര്‍ഷകര്‍ക്കല്ല, വന്‍കിട മില്ലുടമകള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിന് പ്രചാരണം കൊഴുപ്പിക്കാന്‍ പണച്ചാക്ക് എറിയുന്ന പഞ്ചസാര മില്ലുടമകള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രത്യുപകാരമായി കണ്ടാലും തെറ്റാണെന്ന് പറയാനാകില്ല. പഞ്ചസാര സ്റ്റോക്ക് മാര്‍ക്കറ്റില്‍ 20 ശതമാനത്തിന്റെ കുതിപ്പ് രേഖപ്പെടുത്തിയത് തന്നെ ആര്‍ക്കാണ് പ്രയോജനപ്പെടുകയെന്ന് വ്യക്തമാക്കുന്നുണ്ട്.
ഭരണരംഗത്ത് നടപ്പാക്കുന്ന പരിഷ്‌കാരങ്ങളും നയനിലപാടുകളും ജനകീയ താത്പര്യം മുന്‍നിര്‍ത്തിയാണെങ്കില്‍ പരക്കെ സ്വാഗതം ചെയ്യപ്പെടുന്നതാണ്. എന്നാല്‍ അധികാരത്തിലെത്തിച്ച ജനങ്ങളെ മറന്നു കൊണ്ടാണ് പലപ്പോഴും ഭരണകര്‍ത്താക്കളില്‍ നിന്ന് തീരുമാനങ്ങള്‍. ഈ നിലപാടാണ് മാറേണ്ടത്. വന്‍കിട വ്യവസായികള്‍ക്കും ഉത്പാദകര്‍ക്കും ലാഭം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭരണകൂടം സാധാരണക്കാരന് കീശയിലെ ചില്ലിക്കാശു കൊണ്ട് നിത്യജീവിതം തള്ളി നീക്കാനുള്ള സാഹചര്യമാണൊരുക്കേണ്ടത്.

Latest