യുപിയിലെ വ്യാജ ഏറ്റുമുട്ടല്‍: മൂന്ന് പോലീസുകാര്‍ക്ക് വധശിക്ഷ

Posted on: April 5, 2013 4:20 pm | Last updated: April 5, 2013 at 5:07 pm

ലക്‌നോ: ഉത്തര്‍പ്രദേശില്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതികളായ മൂന്ന് പോലീസുകാര്‍ക്ക് വധശിക്ഷ. അഞ്ച് പ്രതികള്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്.
ലക്‌നോവിലെ സിബിഐ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്.ഗോണ്ട ജില്ലയിലെ മഥോപൂരില്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്ന കെ.പി സിംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് വിധി.

1982 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മഥോപൂരില്‍ ഒളിവില്‍ കഴിഞ്ഞ തീവെട്ടിക്കൊള്ളക്കാരെ നേരിടുന്നതിനിടെ വെടിയേറ്റ് കെ.പി സിംഗ് മരിച്ചുവെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് സിംഗ് കൊല്ലപ്പെട്ടതെന്ന ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. ജൂണിയര്‍ ഓഫീസറായിരുന്ന സരോജിന്റെ വെടിയേറ്റാണ് സിംഗ് കൊല്ലപ്പെട്ടതെന്ന് സിബിഐ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന സരോജ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കാണ് ശിക്ഷ ലഭിച്ചത്.ജോണ്‍പൂരിലെ എസ്‌ഐ ആയിരുന്ന രാംനായിക് പാണ്‌ഡേ റിട്ടയേര്‍ഡ് കോണ്‍സ്റ്റബിള്‍ രാം കരണ്‍ എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റു രണ്ടു പേര്‍.ലക്‌നോവിലെ സിബിഐ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്.