Connect with us

National

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം; അതൃപ്തരായി കൂടുതല്‍ നേതാക്കള്‍

Published

|

Last Updated

ബംഗളൂരു: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവരുന്നു. കര്‍ണാടകയിലെ മുതിര്‍ന്ന നേതാവായ വി ആര്‍ സുദര്‍ശനും കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു. കഴിഞ്ഞ ജൂണില്‍ നടന്ന നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ എതിര്‍ത്ത് വോട്ട് ചെയ്തവര്‍ക്ക് ടിക്കറ്റ് നല്‍കുന്നതിലാണ് സുദര്‍ശന്റെ എതിര്‍പ്പ്.നിയമസഭാ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എതിര്‍ത്ത് വോട്ട് ചെയ്തവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കുകയും തന്നെപ്പോലെ ആത്മാര്‍ഥയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ടിക്കറ്റ് നിഷേധിക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധം അറിയിച്ച് കെ പി സി സി പ്രസിഡന്റ് ജി പരമേശ്വരക്ക് സുദര്‍ശന്‍ കത്തെഴുതി. എല്ലാ അംഗങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും എത്രയും വേഗം ആവശ്യമായത് ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ബംഗളൂരുവിലെ ജയനഗര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടണമെന്നാണ് സുദര്‍ശന്റെ ആഗ്രഹം. എന്നാല്‍ കെ പി സി സി പ്രസിഡന്റിന്റെ അടുത്തയാളായ എം സി വേണുഗോപാലിനെ രംഗത്തിറക്കാനാണ് അണിയറയില്‍ നീക്കം. കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി ഇഖ്ബാല്‍ അഹ്മദ് സരാദാഗി പരാജയപ്പെടാനുണ്ടായ സാഹചര്യത്തെ സംബന്ധിച്ച് അന്വേഷിക്കാന്‍ കെ പി സി സി നിയോഗിച്ച കമ്മിറ്റിയുടെ തലവനായിരുന്നു സുദര്‍ശന്‍. ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വേണ്ടി മറിച്ച് വോട്ടുചെയ്ത കോണ്‍ഗ്രസ് അംഗങ്ങളുടെ പേര് വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് കമ്മിറ്റി സമര്‍പ്പിക്കുകയും ചെയ്തു. റിപ്പോര്‍ട്ടിന് അകാല ചരമം ഉണ്ടാകുമെന്ന് ഉറപ്പായ നേതാക്കള്‍, മറിച്ച് വോട്ട് ചെയ്തവര്‍ക്ക് നിയസമഭാ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കരുതെന്ന മിനിമം ഡിമാന്‍ഡ് മുന്നോട്ടുവെച്ചിരുന്നു. കെ പി സി സി പ്രസിഡന്റിന്റെ മറുപടി ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് സുദര്‍ശന്‍ അറിയിച്ചു.ക്രിമിനല്‍ പശ്ചാത്തലമുള്ളവരും അഴിമതിയാരോപിതരായവര്‍ക്കുമാണ് ടിക്കറ്റ് നല്‍കുന്നതെന്ന്, ടിക്കറ്റ് നിഷേധിക്കപ്പെടുമെന്ന് ഉറപ്പായ ഒരു നേതാവ് കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലോബീയിംഗിനും സമ്മര്‍ദ തന്ത്രങ്ങള്‍ക്കും കോണ്‍ഗ്രസ് കീഴടങ്ങുന്ന കാഴ്ചയാണുള്ളത്. 90 മണ്ഡലങ്ങളുള്ള പഴയ മൈസൂര്‍ മേഖലയില്‍ ഒരു ലിംഗായത് നേതാവി (എച്ച് എസ് മഹാദേവപ്രസാദ്)ന് മാത്രമാണ് മത്സരിക്കാന്‍ അവസരം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായ നേതാക്കളുടെ അനുയായികള്‍ ക്വീന്‍സ് റോഡിലെ കെ പി സി സി ആസ്ഥാന മന്ദിരത്തിലേക്ക് പ്രതിഷേധങ്ങളുടെ പരമ്പര തന്നെയാണ് നടത്തിയത്. തേജസ്വിനി രമേശിന് ടിക്കറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് ബംഗളൂരു സൗത്തില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പ്രതിഷേധ സംഗമം നടത്തി. ഇതേ ആവശ്യത്തില്‍ ഡല്‍ഹിയിലും പ്രതിഷേധം നടന്നിരുന്നു. പ്രാദേശിക നേതാക്കള്‍ക്ക് സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് ചാമരാജ്‌പേട്ട്, യശ്വന്ത്പൂര്‍, അനേകല്‍ തുടങ്ങിയവയില്‍ നിന്നുള്ള പ്രവര്‍ത്തകരും പ്രതിഷേധം നടത്തി.

Latest