ബ്രിട്ടീഷ് ചാരസംഘടന രഹസ്യ ഫയലുകള്‍ പുറത്തുവിടണമെന്ന ആവശ്യം ശക്തമാകുന്നു

Posted on: April 5, 2013 1:15 pm | Last updated: April 5, 2013 at 2:17 pm

lumumbaലണ്ടന്‍: കോംഗോയുടെ സ്വാതന്ത്ര്യ സമരപോരാട്ട നായകനും രാജ്യത്ത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന പാട്രീസ് ലുമുംബയെ തട്ടിക്കൊണ്ടുപോയി വെടിവെച്ച് കൊന്നതിന് പിന്നില്‍ ബ്രിട്ടീഷ് ചാരസംഘടനയായ എം 16ന്റെ പങ്ക് എന്തെന്നറിയാന്‍ അതിന്റെ കോംഗോ രഹസ്യ ഫയലുകള്‍ പുറത്ത് വിടണമെന്ന ആവശ്യം ശക്തമാകുന്നു.’ഇരുപതാം നൂറ്റാണ്ടിലെ അതിപ്രധാനമായ കൊലപാതക’മെന്ന് ചരിത്രം വിശേഷിപ്പിക്കുന്ന ലുമുംബയുടെ വധത്തിന് പിന്നിലെ സത്യാവസ്ഥ മുഴുവന്‍ പുറംലോകമറിയണമെങ്കില്‍ രഹസ്യ ഫയലുകള്‍ ബ്രിട്ടന്‍ പുറത്ത് വിടണം. കാള്‍ഡര്‍ വാള്‍ട്ടന്റെ ബ്രിട്ടീഷ് ഇന്റലിജന്‍സിനെ കുറിച്ചുള്ള പുതിയ ഗ്രന്ഥമാണ് ബ്രിട്ടീഷ് ചാരസംഘടനയുടെ പങ്കിനെ സംബന്ധിച്ച് വിവാദമുയര്‍ത്തുന്നത്. ലുമുംബയുടെ വധത്തിന് പിന്നില്‍ ബ്രിട്ടീഷ് ഗൂഢാലോചനയുണ്ടോ എന്നത് സംബന്ധിച്ച ചോദ്യം, ചോദ്യമായി തന്നെ അവശേഷിക്കുന്നു എന്നാണ് ഗ്രന്ഥകാരന്‍ പറയുന്നത്. എന്നാല്‍ ഈ പരാമര്‍ശത്തിന് പത്രാധിപര്‍ക്കുള്ള കത്തില്‍ പ്രതികരിച്ച ബ്രിട്ടനിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവായ ഡേവിഡ് എഡ്വാര്‍ഡ് ലിയ പ്രഭു, ബ്രിട്ടന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പറയുന്നുണ്ട്.കോംഗോയിലെ ലിയോപോള്‍ഡ്‌വില്ലെയിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റില്‍ 1959 മുതല്‍ 1961വരെ കോണ്‍സലും ഒന്നാം സെക്രട്ടറിയുമായിരുന്ന ഡാഫിനി പാര്‍ക്കുമായി ലിയോ പ്രഭു നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയിലാണ് ലുമുംബയുടെ കൊലപാതകം സംബന്ധിച്ച പരാമര്‍ശം പുറത്ത് വന്നത്. ഗ്രന്ഥകാരന്‍ ബ്രിട്ടീഷ് പങ്കില്‍ സംശയം പ്രകടിപ്പിച്ചതിനെ ലിയോ പ്രഭു അനുസ്മരിപ്പിച്ചപ്പോഴാണ്, എം 16ന്റെ ചുമതലകൂടി ഉണ്ടായിരുന്ന ഡാഫിനി പാര്‍ക്ക്, ‘ഞങ്ങളാണ് അത് ചെയ്തത്. ഞാനാണ് അത് സംഘടിപ്പിച്ചത്’ എന്ന് വെട്ടിത്തുറന്ന് പറഞ്ഞത്. ഡാഫിനി 2010ല്‍ നിര്യാതയായി. അതിന് ഏതാനും മാസംമുമ്പായിരുന്നു ഈ കൂടിക്കാഴ്ച.കോംഗോയെ കോളനിയാക്കി വെച്ചിരുന്ന ബെല്‍ജിയത്തിനും അമേരിക്കന്‍ സൈനിക ചാരസംഘടനയായ സി ഐ എക്കും ലുമുംബയുടെ വധത്തില്‍ പങ്കുണ്ടെന്ന് നേരത്തെതന്നെ വെളിപ്പെടുത്തപ്പെട്ടതാണ്. പ്രധാനമന്ത്രിയായി അധികാരമേറ്റ് രണ്ട് മാസങ്ങള്‍ക്കകം (1961 ജനുവരി 17ന്) സൈനിക അട്ടിമറി സൃഷ്ടിച്ച് ലുമുംബയെ തട്ടിക്കൊണ്ട്‌പോയി വെടിവെച്ച് കൊല്ലുന്നതിന് മുമ്പും ലുമുംബയെ വകവരുത്താന്‍ വേറെയും ഗൂഢാലോചനകള്‍ നടന്നിട്ടുണ്ട്. സി ഐ എയായിരുന്നു ഇതിന് പിന്നില്‍. ലുമുംബ പല്ലുതേപ്പുംമറ്റും നടത്തുന്ന കുളിമുറിയില്‍ വിഷം ചേര്‍ത്ത ടൂത്ത്‌പെയ്സ്റ്റ് വെക്കാനായിരുന്നു ഒരു ശ്രമം.

എന്നാല്‍, ഈ ദൗത്യം ഏല്‍പ്പിച്ചിരുന്ന ലിയോപോള്‍ഡ്‌വില്ലെയിലെ സി ഐ എ സ്റ്റേഷന്‍ തലവനായ ലാറി ഡേവ്‌ലിന്‍ പെയ്സ്റ്റ് കോംഗോ നദിയില്‍ വലിച്ചെറിഞ്ഞതിനാല്‍ പദ്ധതി വിഫലമായി.