കഷണ്ടി ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

Posted on: April 5, 2013 2:14 pm | Last updated: April 5, 2013 at 3:49 pm

headടോക്യോ: കഷണ്ടിയുള്ളവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുന്നതായി പഠനം. ജപ്പാനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 37,000 ആളുകളില്‍ നടത്തിയ ഗവേഷണ റിപ്പോര്‍ട്ട് ബി എം ജെ ഓപണ്‍ എന്ന ഓണ്‍ലൈന്‍ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.കഷണ്ടിയുള്ള ആളുകള്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാകാന്‍ മറ്റുള്ളവരെ അപേക്ഷിച്ച് 32 ശതമാനം സാധ്യത കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. പുരുഷന്മാര്‍ ഇക്കാര്യത്തില്‍ അവരുടെ ഇടുപ്പിന്റെ അളവ് മാത്രമേ ശ്രദ്ധിക്കുന്നുള്ളൂവെന്നും മുടിയുടെ കാര്യം ശ്രദ്ധിക്കുന്നില്ലെന്നും ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടുന്നു.തലയുടെ മധ്യത്തിലായി കഷണ്ടിയുള്ളവര്‍ക്ക് ഹൃദയസംബന്ധമായ അസുഖം വരാന്‍ സാധ്യത കൂടുതലുള്ളതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ ടോക്യോ സര്‍വകലാശാലയിലെ ഡോ. തോമോഹൈഡ് യാംഡെ പറഞ്ഞു. കഷണ്ടി ഹൃദയാരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നുണ്ടെങ്കിലും അത് പുകവലി, അമിതവണ്ണം, കൊളസ്‌ട്രോള്‍ എന്നിവയുടെ അത്ര പ്രശ്‌നക്കാരനല്ലെന്നും ഡോ. യാംഡെ പറയുന്നു. പരമ്പരാഗതമായ മുടിക്കൊഴിച്ചില്‍ നിയന്ത്രിക്കാനാകില്ലെന്നും ഗവേഷകര്‍ പറയുന്നു.

ALSO READ  എന്താണ് ഷുഗര്‍ ഹാംഗ്ഓവര്‍?