Connect with us

Kozhikode

കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ പഞ്ചായത്തുകളെ ചുമതലപ്പെടുത്തി

Published

|

Last Updated

കോഴിക്കോട്: ജില്ലയിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ കുടിവെളള ലഭ്യത ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട പഞ്ചായത്തുകളെ ചുമതലപ്പെടുത്താന്‍ പഞ്ചായത്ത് – സാമൂഹികക്ഷേമ മന്ത്രി ഡോ. എം കെ മുനീറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വരള്‍ച്ചാ അവലോകന യോഗം തീരുമാനിച്ചു.
തടയണകള്‍, കുഴല്‍ക്കിണറുകള്‍, കിണറുകള്‍, കുളങ്ങള്‍ എന്നിവ അടിയന്തരമായി നിര്‍മിക്കുകയോ അറ്റകുറ്റപ്പണികള്‍ നടത്തുകയോ വേണം. ഈ മാസം 19 നകം നിലവിലുളള കുടിവെള്ള പദ്ധതികള്‍ക്കുളള അപേക്ഷകള്‍ പരിശോധിച്ച് സാധ്യമായവയുടെ ലിസ്റ്റ് തയ്യാറാക്കണം. പുതിയ അപേക്ഷകള്‍ പഞ്ചായത്തുകള്‍ മുഖേന സ്വീകരിക്കാനും യോഗത്തില്‍ നിര്‍ദേശം നല്‍കി.
ജില്ലയില്‍ ദുരിതാശ്വാസ പദ്ധതികള്‍ക്കായി ഈ വര്‍ഷം ലഭിച്ച 2.57 കോടി രൂപയില്‍ 33,37,608 രൂപക്കുളള കുടിവെള്ള പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായി യോഗത്തില്‍ പങ്കെടുത്ത ജില്ലാ കലക്ടര്‍ കെ.വി മോഹന്‍കുമാര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഈയിനത്തില്‍ ലഭിച്ച ഫണ്ടില്‍ 27 ലക്ഷം രൂപ ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വരള്‍ച്ചാ അവലോകന യോഗം ഈ മാസം 19ന് കലക്ടറേറ്റില്‍ നടക്കും. യോഗത്തില്‍ എം എല്‍ എ മാരായ എ പ്രദീപ്കുമാര്‍, സി കെ നാണു, ഇ കെ വിജയന്‍, കെ കെ ലതിക, ഡെപ്യൂട്ടി കലക്ടര്‍ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) ആന്റണി, വി കെ സി മമ്മദ്‌കോയ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest