Connect with us

Palakkad

വടക്കഞ്ചേരി നഗരത്തില്‍ രാത്രിയുടെ മറവില്‍ ഓട്ടോ സ്റ്റാന്റില്‍ വ്യാപക കൈയേറ്റം

Published

|

Last Updated

വടക്കഞ്ചേരി:  നഗരത്തില്‍ ഗതാഗത പരിഷ്‌കാരങ്ങളും ഹൈക്കോടതി ഉത്തരവിനും യാതൊരു മാനദണ്ഡവും പാലിക്കാതെ പോലീസിനെ നോക്കുകുത്തിയാക്കി ഓട്ടോറിക്ഷാസ്റ്റാന്റില്‍ അതിര്‍ത്തി രേഖകളില്‍ കൃതിമം കാണിച്ച് വ്യാപകമായി കൈയേറ്റം.നഗരത്തിലെ പ്രധാന സ്റ്റാന്റിലാണ് വ്യാപകമായ കൃതിമം കാണിച്ച് രാത്രിയുടെ അതിര്‍ത്തി കൈയേറിയിരിക്കുന്നത്.
വര്‍ഷങ്ങളായി നഗരത്തിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണമാണ് ഓട്ടോറിക്ഷകള്‍. ഇതിന് പരിഹാരം കാണാനായിട്ടാണ് പതിനൊന്നംഗ വ്യപാരികള്‍ രംഗത്തിറങ്ങി ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് 2000ല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും വ്യാപാരികള്‍ക്ക് സൗകര്യത്തിനുമായി സ്റ്റാന്റ് പഞ്ചായത്ത് സേഫ് പാര്‍ക്കിലേക്ക് മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വടക്കഞ്ചേരിയില്‍ നടപ്പിലാക്കാന്‍ ആ വര്‍ഷം കഴിഞ്ഞില്ല. സ്റ്റാന്റ് മാറ്റം ചെയ്യാന്‍ തയ്യാറാവാതെ തൊഴിലാളികള്‍ സംയുക്ത ട്രേഡ് യൂനിയനുകളുടെ സഹകരണത്തോടെ മൂന്ന് ദിവസം ഹര്‍ത്താല്‍ ആചരിക്കുകയും വ്യാപാരികള്‍ക്ക് നേരെ ഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു. 2005ലാണ് ഇതിന് പരിഹാരമെന്നോണം വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സംയുക്ത ട്രേഡ് യൂനിയനും പോലീസും പഞ്ചായത്തും വ്യാപാര സംഘടനകളും ചേര്‍ന്ന് ചര്‍ച്ച നടത്തി, 11 കടകള്‍ക്ക് മുമ്പില്‍ പ്രത്യേകം നിര്‍ദേശിച്ച അതിര്‍ത്തി നിശ്ചയിച്ച് നാലു ഓട്ടോറിക്ഷ എന്ന രീതിയില്‍ പാര്‍ക്കിംഗ് കൊണ്ട് വന്നത്. എന്നാല്‍ ഒരു വര്‍ഷം പോലും ഈ നിയമങ്ങള്‍ പാലിക്കാന്‍ ഡൈവര്‍മാര്‍ക്ക് കഴിഞ്ഞില്ല.
വടക്കഞ്ചേരി പോലീസിന്റെ നിര്‍ദേശത്തോടെ വ്യാപാരികള്‍ സഹകരിച്ചാണ് എല്ലാ വര്‍ഷവും അതിര്‍ത്തിക്കളങ്ങളില്‍ പെയിന്റിംഗ് ചെയ്യുന്നത്. മായുന്നതിന് അനുസരിച്ച് പോലീസിന്റെ മേല്‍നോട്ടത്തിലാണ് ഇത് പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഏപ്രില്‍ ഒന്നിന് നേരം പുലരുമ്പോല്‍ അതിര്‍ത്തിക്കളങ്ങള്‍ മാറ്റി വരച്ച് കൃതിമം ചെയ്ത വ്യാപകമായി കൈയേറിയിരിക്കുന്നതാണ് കാണുന്നത്. ഇതിന് പിന്നില്‍ രാത്രിയില്‍ സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യുന്ന വിവിധ സ്ഥലങ്ങളിലെ ഓട്ടോഡൈവര്‍മാരാണെന്ന് സംശയിക്കുന്നു. വടക്കഞ്ചേരി സ്റ്റാന്റില്‍ പെര്‍മിറ്റുള്ള ഓട്ടോറിക്ഷകള്‍ക്ക് തന്നെ നിര്‍ത്താന്‍ കഴിയാതെ ആദ്യകാല ഡൈവര്‍മാര്‍ നെട്ടോട്ടമോടുമ്പോള്‍ മറ്റു പഞ്ചായത്തുകളിലെ പെര്‍മിറ്റുകളുള്ള ഓട്ടോ റിക്ഷകളാണ് സ്റ്റാന്റില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതെന്ന് സ്റ്റാന്റിലെ മുതിര്‍ന്ന പരിചയ സമ്പന്നരായ ഡൈവര്‍മാര്‍ പറയുന്നു.
മദ്യത്തിനും ലഹരി പദാര്‍ഥങ്ങള്‍ക്കും അടിമയായ ചെറുപ്പക്കാരാണ് രാത്രിക്കാലങ്ങളില്‍ ഇവിടെ പാര്‍ക്ക് ചെയ്യുന്നതെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. ഇവര്‍ മറ്റു ഡൈവര്‍മാര്‍മാര്‍ക്കും വ്യാപാരികള്‍ക്കും കടയില്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ വരുന്ന യാത്രക്കാര്‍ക്കും ഒരു നിത്യ ശല്യമാണത്രേ. അനധികൃത കളം നിര്‍മിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ക്ക് ഇതിന് പിന്നില്‍ ആരെന്ന് കണ്ട് പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.
നിലവിലെ നാലു അതിര്‍ത്തിക്കളങ്ങള്‍ക്ക് പുറമെ അനധികൃതമായി സൈഡിലൂടെ മീറ്ററുകളോളം ബോഡര്‍ വരച്ചിരിക്കുകയാണിപ്പോള്‍. വരയില്‍ കൃതിമം രൂപപ്പെട്ടപ്പോള്‍ നാലു ഓട്ടോറിക്ഷകള്‍ക്ക് പകരം 9 ഓട്ടോറിക്ഷകളാണ് നിരത്തി ഇട്ടിരിക്കുന്നത്. നഗ്നമായ നിയമ ലംഘനമാണ് ഡൈവര്‍മാര്‍ ചെയ്തിരിക്കുന്നത്. ഇത് മൂലം വ്യാപാര സ്ഥാപനങ്ങളിലേക്ക് ആവശ്യക്കാര്‍ക്ക് കടക്കാനോ, ഉടമസ്ഥര്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനോ കഴിയുന്നില്ല. വ്യാപകമായ കോടതി നിയമ ലംഘനം ഏറ്റെടുക്കാന്‍ ഒരു ഡൈവേഴ്‌സ യൂനിയനും ഇത് വരെതയ്യാറായിട്ടില്ല.
ആരുടേയും അറിവോടെയല്ലെന്നും ആരും ഇതിനായി ഡൈവര്‍മാരോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് യൂനിയന്‍ നേതാക്കള്‍ പറയുന്നു. ഇരുട്ടിന് മറവില്‍ നിയമലംഘനം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് മാതൃകാപരമായ ശിക്ഷ നടപ്പിലാക്കാന്‍ പോലീസ് തയാറാവണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.

Latest