ചേറൂര്‍ ജി യു പി സ്‌കൂള്‍ ഗ്രൗണ്ടില്‍ മരം നടുന്നത് നാട്ടുകാര്‍ തടഞ്ഞു

Posted on: April 5, 2013 9:29 am | Last updated: April 5, 2013 at 9:29 am

വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ ചേറൂര്‍ ജി യു പി സ്‌കൂളിലെ ഗ്രൗണ്ടിന്റെ വശത്ത് തണല്‍ മരം നടുന്നു. ഗ്രാമപഞ്ചായത്ത് ഹരിത ഗ്രാമം പദ്ധതി പ്രകാരം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് തണല്‍ മരം നട്ടുപിടിപ്പിക്കാനാണ് പദ്ധതിയുള്ളത്. ചേറൂര്‍ ജി യു പി സ്‌കൂളിന്റെ ഗ്രൗണ്ടിന്റെ വശത്ത് നിലവില്‍ കുട്ടികളുടെ അത്‌ലറ്റിക് മത്സരങ്ങള്‍ നടക്കുന്ന പിച്ചിലാണ് ഇന്നലെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തണല്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ചത്.
ഗ്രൗണ്ടിന് തടസ്സമാവുമെന്ന് കണ്ടതോടെ നാട്ടുകാരും രക്ഷിതാക്കളും നട്ട മരങ്ങള്‍ പറിച്ച് മാറ്റി. ഗ്രൗണ്ടില്‍ നടന്നിരുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ഒരു വിഭാഗം ലീഗ് നേതാക്കളുടെ താത്പര്യ പ്രകാരം രണ്ട് വര്‍ഷമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഫുട്‌ബോളിന്റെ വരുമാനത്തില്‍ നിന്ന് സ്‌കൂളിന്റെ വികസനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ട് ചിലവിടുന്നത് കാരണം നേരത്തെ ഗ്രാമപഞ്ചായത്ത് ഭരണ സമിതികള്‍ നികുതി ഇളവ് നല്‍കിയിരുന്നു. ഫുട്‌ബോര്‍ സംഘാടകര്‍ക്കെതിരെ ലീഗിലെ ഈ വിഭാഗം കരുക്കുകള്‍ നീക്കിയതോടെ നികുതി ഇളവും നല്‍കേണ്ടെന്ന് തീരുമാനിച്ചിരുന്നു. പ്രസ്തുത സംഭവത്തില്‍ ക്ലബ്ബ് അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഈ വടം വലിയുടെ ഭാഗമായാണ് ടൂര്‍ണമെന്റ് നടക്കുന്ന ഗ്രൗണ്ടിന് വിഘാതം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മരങ്ങള്‍ നട്ടുപിടിപ്പിച്ചത്. കൊടും വേനലില്‍ സ്‌കൂളിലെ ആവശ്യത്തിന് പോലും കുടിവെള്ളം ലഭ്യമാകാത്ത അവസ്ഥയുള്ളപ്പോഴാണ് ചെടികള്‍ നട്ടുപിടിപ്പിച്ചതെന്നും വൈര്യം കൂട്ടാനാണ് ജനപ്രതിനിധികളായ ലീഗ് ശ്രമിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
അതേ സമയം മരങ്ങള്‍ ഇപ്പോള്‍ സംഭാവനയായി ലഭ്യമായത് കൊണ്ടാണ് ഈ സമയം മരങ്ങള്‍ നട്ടതെന്നാണ് വിശദീകരണം. ഇന്നലെ മരം നടല്‍ തടഞ്ഞ സംഭവം വിവാദമായതോടെ പ്രതിഷേധക്കാരും ഗ്രാമപഞ്ചായത്ത് അധികൃതരും തമ്മില്‍ പോലീസിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും എസ് ഐ സ്ഥലത്തില്ലെന്ന കാരണത്താല്‍ വാര്‍ഡ് അംഗം കൂടിയായ വൈസ് പ്രസിഡന്റിന്റെ താത്പര്യ പ്രകാരം ഇന്നത്തേക്ക് മാറ്റി വെച്ചിട്ടുണ്ട്.