Connect with us

Kerala

കൊച്ചി മെട്രോ നിര്‍മാണ കരാറിന് കെ എം ആര്‍ എല്‍ ബോര്‍ഡിന്റെ അംഗീകാരം

Published

|

Last Updated

കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണത്തിന് ഡി എം ആര്‍ സിയുമായി ഒപ്പിടുന്ന ധാരണാപത്രത്തിന് കൊച്ചിയില്‍ ചേര്‍ന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ എം ആര്‍ എല്‍) ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. നിര്‍മാണത്തിലെ പങ്കാളിത്തം സംബന്ധിച്ച് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനുമായി കെ എം ആര്‍ എല്‍ ഈ മാസം തന്നെ കരാര്‍ ഒപ്പിടുമെന്ന് ബോര്‍ഡ് യോഗത്തിന് ശേഷം കെ എം ആര്‍ എല്‍. എം ഡി ഏലിയാസ് ജോര്‍ജ് അറിയിച്ചു. പദ്ധതിയിലെ ഡി എം ആര്‍ സിയുടെ പങ്കാളിത്തം സംബന്ധിച്ച് വിവാദങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് ധാരണാപത്രം ഉണ്ടാക്കുന്നതിനായി ഉന്നതതല സമിതിയെ നിയോഗിച്ചത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും ആശയ വിനിമയങ്ങള്‍ക്കും ശേഷം രൂപപ്പെട്ട കരാറിനാണ് ഇന്നലത്തെ യോഗം അംഗീകാരം നല്‍കിയത്. പദ്ധതി നിര്‍വഹണത്തിലും ടെന്‍ഡറിംഗ് അടക്കമുള്ള കാര്യങ്ങളിലും സുപ്രധാന പങ്കാളിത്തം ഡി എം ആര്‍ സിക്ക് ഏല്‍പ്പിച്ച് േനരത്തെ തന്നെ ഉണ്ടാക്കിയ ടേംസ് ഓഫ് എന്‍ഗേജ്‌മെന്റ്‌സിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്നതാണ് അന്തിമ കരാറിലെ വ്യവസ്ഥകള്‍. നിര്‍മാണ മേല്‍നോട്ടവും ടെന്‍ഡറും ഉള്‍പ്പെടെയുള്ള പ്രധാന ചുമതലകള്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ തന്നെ വഹിക്കുമെന്നും മെട്രോ നിര്‍മാണം മേയില്‍ തുടങ്ങാനാണ് തീരുമാനമെന്നും കെ എം ആര്‍ എല്‍ ചെയര്‍മാനും കേന്ദ്ര നഗരവികസന സെക്രട്ടറിയുമായ സുധീര്‍ കൃഷ്ണ പറഞ്ഞു. കാക്കനാട്ട് 17 ഏക്കറില്‍ മെട്രോ ടൗണ്‍ഷിപ്പ് വികസിപ്പിക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനുള്ള ഏജന്‍സികള്‍ക്കായി താത്പര്യ പത്രം ക്ഷണിക്കുന്നതിനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. വിവിധ ഉപയോഗങ്ങള്‍ക്ക് സഹായകമായ ഉല്ലാസ വാണിജ്യ കേന്ദ്രമായി ഇതിനെ മാറ്റിത്തീര്‍ക്കുന്നതിനാണ് കെഎം ആര്‍ എല്‍ ഉദ്ദേശിക്കുന്നത്. കൊച്ചി മെട്രോക്കാവശ്യമായ കൂടുതല്‍ ധനസമാഹരണത്തിനുള്ള ഉപാധി എന്ന നിലയില്‍ കൂടി ടൗണ്‍ഷിപ് പദ്ധതിയെ കെ എം ആര്‍ എല്‍ കാണുന്നുണ്ട്. പുതിയ സിഗ്നലിംഗ് സംവിധാനം അടക്കമുള്ള സാങ്കേതിക കാര്യങ്ങള്‍ പരിശോധിച്ച സമിതിയുടെ നിര്‍ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു. മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തന രൂപരേഖയും യോഗത്തില്‍ അവതരിപ്പിച്ചു. കൊച്ചി മെട്രോക്കുള്ള ഫണ്ടിംഗ് സംബന്ധിച്ച് വിവിധ ഏജന്‍സികളുമായി നടത്തിവരുന്ന ചര്‍ച്ചകള്‍ തുടരുന്നതിനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ജപ്പാന്‍ സഹകരണ ഏജന്‍സിക്കൊപ്പം സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുള്ള ഫ്രഞ്ച് ധനകാര്യ ഏജന്‍സിയായ എ എഫ് ഡിയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. ഫ്രഞ്ച് ഏജന്‍സിയുടെ അടുത്ത സംഘം തുടര്‍ചര്‍ച്ചകള്‍ക്കായി അടുത്തയാഴ്ച്ച കൊച്ചിയിലെത്തുന്നുണ്ട്. കേന്ദ്ര നഗര വികസന ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയ സി കെ ഖെയ്ത്താന്‍, ഫിനാന്‍സ് ഡയറക്ടര്‍ എബ്രഹാം ഉമ്മന്‍, പ്രോജക്ട്‌സ് ഡയറക്ടര്‍ മഹേഷ് കുമാര്‍ എന്നീ പുതിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ നിയമനവും ബോര്‍ഡ് അംഗീകരിച്ചു.

കേന്ദ്ര നഗര വികസന സെക്രട്ടറിയും കെ എം ആര്‍ എല്‍ ചെയര്‍മാനുമായ സുധീര്‍ കൃഷ്ണ, കെ എം ആര്‍ എല്‍. എം ഡി ഏലിയാസ് ജോര്‍ജ്, സി കെ ഖൈതാന്‍, മഹേഷ്‌കുമാര്‍, എബ്രഹാം ഉമ്മന്‍ തുടങ്ങിയവര്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ സംബന്ധിച്ചു.