അബുദാബിയിലെ വിദ്യാലയങ്ങളില്‍ 3,000 സീറ്റുകള്‍ കൂടി

Posted on: April 4, 2013 7:33 pm | Last updated: April 4, 2013 at 7:33 pm

അബുദാബി: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോ ത്സാഹിപ്പിക്കുകയും കുട്ടികള്‍ക്കായുള്ള പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ലക്ഷ്യമാക്കി അബുദാബി ഭരണകൂടം കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാന്‍ ഒരുങ്ങുന്നു. വിദ്യാലയങ്ങളില്‍ സീറ്റ് കിട്ടുന്നില്ലെന്ന കാലങ്ങളായുള്ള രക്ഷിതാക്കളുടെ പരാതിക്ക് പരിഹാരമെന്ന നിലയിലാണ് പുതുതായി സ്വകാര്യ മേഖലയില്‍ 3,000 സീറ്റുകള്‍ അനുവദിക്കാന്‍ തയാറായിരിക്കുന്നത്.സ്വകാര്യ മേഖലയില്‍ വിദ്യാലയങ്ങള്‍ തുടങ്ങാന്‍ മുന്നോട്ടുവരുന്നവരെ എല്ലാവിധത്തിലും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ അധീനതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന നാല് കെട്ടിടങ്ങള്‍, വിദ്യാലയങ്ങള്‍ നടത്താന്‍ തല്‍പര്യമുള്ളവര്‍ക്ക് വിട്ടുകൊടുക്കും. കുട്ടികളും രക്ഷിതാക്കളും സീറ്റിനായി നെട്ടോട്ടമോടുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പുതിയ വിദ്യാലയം തുടങ്ങുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സ്വകാര്യ മേഖലയില്‍ വിദ്യാലയം നടത്തുന്നവര്‍ക്കായി നല്‍കുന്നത്.സര്‍ക്കാര്‍ അധീനതയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച നാല് കൂറ്റന്‍ കെട്ടിട ങ്ങളാണ് നല്‍കുന്നത്. ഇവയില്‍ മാത്രം 3,090 കുട്ടികള്‍ക്ക് വിദ്യ അഭ്യസിക്കാന്‍ ആവശ്യമായ സൗകര്യം ഒരുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അബുദാബി എജ്യുക്കേഷന്‍ കൗണ്‍സില്‍ (എ ഡി ഇ സി) അധികൃതര്‍ വ്യക്തമാക്കി. മൂന്ന് കെട്ടിടങ്ങള്‍ അബുദാബി ദ്വീപിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ ബ്രിട്ടീഷ്, അമേരിക്കന്‍ പാഠ്യപദ്ധതി പിന്തുടരുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ ത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. നാലാമത്തെ കെട്ടി ടം ബനിയാസ് പട്ടണത്തിന്റെ പ്രാന്തത്തിലാണ് നിലകൊള്ളുന്നത്. ഇവിടെ അബുദാബി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയമാവും ഉണ്ടാവുക.അബുദാബി എമിറേറ്റില്‍ പഠിക്കുന്ന 1,98,000 വിദ്യാര്‍ഥികളും 185 സ്വകാര്യ വിദ്യാലയങ്ങളിലാണ് പഠനം നടത്തുന്നത്. അബുദാബിയില്‍ പഠനം നടത്തുന്ന മൊത്തം കുട്ടികളുടെ 60 ശതമാനം വരും ഇത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി ഓരോ വര്‍ഷവും പുതുതായി വിദ്യാലയത്തില്‍ എത്തുന്ന കുട്ടികളില്‍ ഏഴ് ശതമാനത്തിന്റെ തുടര്‍ച്ചയായ വര്‍ധനവാണ് കണ്ടുവരുന്നത്. ഭാവിയില്‍ ജനസംഖ്യയില്‍ അഞ്ച് ശതമാനത്തിന്റെ വളര്‍ച്ചകൂടി സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.എ ഡി ഇ സി നടത്തിയ പഠനത്തില്‍ കൂടുതല്‍ സ്വകാര്യ വിദ്യാലയങ്ങള്‍ എമിറേറ്റില്‍ ആവശ്യമാണെന്ന് കണ്ടെത്തിയിരുന്നു.