Connect with us

Ongoing News

മണിപ്പൂരിലെ ഏറ്റുമുട്ടലുകള്‍ വ്യാജമെന്ന് സുപ്രീംകോടതി സമിതി

Published

|

Last Updated

supreme court

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സൈന്യവും പോലീസും നടത്തിയ ആറ് ഏറ്റുമുട്ടലുകള്‍ വ്യാജമായിരുന്നുവെന്ന് സന്തോഷ് ഹെഗ്‌ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി സമിതി അന്വേഷണത്തില്‍ കണ്ടെത്തി.
കഴിഞ്ഞ 30 വര്‍ഷത്തിനിടെ മണിപ്പൂരില്‍ നടന്ന 1500 ഏറ്റുമുട്ടലുകളെ കുറിച്ച് അന്വേഷിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയെ തുടര്‍ന്നാണ് ഏറ്റുമുട്ടലുകള്‍ അന്വേഷിക്കാന്‍ സന്തോഷ് ഹെഗ്‌ഡെയുടെ നേതൃത്വത്തില്‍ സുപ്രീംകോടതി സമിതിയെ നിയോഗിച്ചത്. ആദ്യ ഘട്ടമായി ആറ് ഏറ്റുമുട്ടലുകള്‍ അന്വേഷിക്കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നത്. ഈ ഏറ്റുമുട്ടലുകളാണ് വ്യാജമെന്ന് സമിതി കണ്ടെത്തിയിരിക്കുന്നത്.
റിപ്പോര്‍ട്ട് അസ്വസ്ഥപ്പെടുത്തുന്നതാണെന്ന കോടതി നിരീക്ഷിച്ചു. ജനങ്ങളെ ഒന്നിച്ചു കൊണ്ടുപോവുന്നതിന് പകരം അകറ്റാനുള്ള ശ്രമമാണ് നടന്നത്. റിപ്പോര്‍ട്ടിന്‍മേല്‍ ഈ മാസം ഒമ്പതാം തിയ്യതിക്കകം വിശദീകരണം നല്‍കാന്‍ കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
1980 മുതല്‍ സൈന്യത്തിന്റെ പ്രത്യേകാധികാര നിയമം(അഫ്‌സ്പ) നിലവിലുള്ള മണിപ്പൂരിലെ സൈന്യത്തിന്റെ അതിക്രമങ്ങള്‍ വിവാദ വിഷയമാണ്.
സൈന്യത്തിന്റെ പ്രത്യകാധികാരംത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ സൈന്യത്തിന്റെ ഏറ്റുമുട്ടലുകള്‍ വ്യാജമായിരുന്നെന്ന സുപ്രീംകോടതി സമിതിയുടെ റിപ്പോര്‍ട്ട് പ്രത്യേകാധികാര നിയമം പുനഃപ്പരിശോധിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചേക്കും.