റൊണാള്‍ഡീഞ്ഞോ, പാറ്റോ ബ്രസീല്‍ ടീമില്‍

Posted on: April 4, 2013 6:00 am | Last updated: April 4, 2013 at 12:50 am

PATO RONALDINHOസാവോ പോളോ: ബ്രസീല്‍ ഫുട്‌ബോള്‍ ടീമിലേക്ക് റൊണാള്‍ഡീഞ്ഞോയും പാറ്റോയും തിരിച്ചെത്തി. ബൊളിവിയക്കെതിരെ ശനിയാഴ്ച നടക്കുന്ന സൗഹൃദ മത്സരത്തിലേക്കാണ് കോച്ച് ലൂയിസ് ഫിലിപ് സ്‌കൊളാരി പഴയ പടക്കുതിര റൊണാള്‍ഡീഞ്ഞോയെ പരീക്ഷണാര്‍ഥം ടീമിലുള്‍പ്പെടുത്തിയത്.
സാന്റോസ് താരം നെയ്മറും ഇതുവരെ പരീക്ഷിക്കപ്പെടാത്ത യുവതാരങ്ങളെയും ഉള്‍പ്പെടുത്തി പതിനെട്ടംഗ സ്‌ക്വാഡിനെയാണ് സ്‌കൊളാരി പ്രഖ്യാപിച്ചത്. സ്‌കൊളാരി വീണ്ടും ബ്രസീല്‍ കോച്ചായി ചുമതലയേറ്റതിന് ശേഷം ആദ്യ മത്സരത്തിന് റൊണാള്‍ഡീഞ്ഞോ ടീമിലുണ്ടായിരുന്നു.
വെംബ്ലിയില്‍ ഇംഗ്ലണ്ടിനെതിരെ 2-1ന് ബ്രസീല്‍ ആ മത്സരം തോറ്റു. എ സി മിലാനില്‍ നിന്ന് ബ്രസീല്‍ ലീഗിലെ കോറിന്ത്യന്‍സിലേക്ക് ചുവട്മാറ്റിയ സ്‌ട്രൈക്കര്‍ പാറ്റോ അവസാനമായി ബ്രസീല്‍ ദേശീയ ജഴ്‌സിയണിഞ്ഞത് ആഗസ്റ്റിലാണ്. കോച്ച് മാനോ മെനെസസിന് കീഴില്‍ സ്വീഡനെ നേരിട്ടപ്പോള്‍. 2014 ലോകകപ്പ് ഫുട്‌ബോളിന് തയ്യാറെടുക്കുന്ന ആതിഥേയരായ ബ്രസീല്‍ മികച്ച കോമ്പിനേഷന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ജൂണില്‍ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് ബ്രസീലിന് വലിയ പരീക്ഷണകേന്ദ്രമാകും.