പോണ്ടിംഗിന്റെ നേതൃത്വത്തില്‍ മുംബൈ ഇറങ്ങുന്നു

Posted on: April 4, 2013 7:00 am | Last updated: April 4, 2013 at 2:54 pm

MUMBAI BANGLURബംഗളുരു: സമ്പത്ത് ഏറെയുണ്ട്. പക്ഷേ പ്രതാപികളാകാന്‍ സാധിച്ചിട്ടില്ല. ഐ പി എല്ലില്‍ ഇന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടാനൊരുങ്ങുന്ന മുംബൈ ഇന്ത്യന്‍സിന്റെ ഗതിയാണിത്. ഒരു തവണ റണ്ണേഴ്‌സപ്പായ മുംബൈ രണ്ട് തവണ സെമിഫൈനല്‍ കളിച്ചു. ആറാം സീസണില്‍ അവര്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ഓരോ സീസണിലും കളിക്കാര്‍ക്കായി പണമൊഴുക്കുന്നതില്‍ ഒന്നാം സ്ഥാനം കൈവരിക്കാറുള്ള മുംബൈ ഇന്ത്യന്‍സിന് ആശ്വസിക്കാനുള്ള വക ചാമ്പ്യന്‍സ് ലീഗ് ട്രോഫി നേടിയതാണ്. ഐ പി എല്‍ കിരീടം നേടുക എന്ന ലക്ഷ്യത്തോടെ മുംബൈ നേതൃസ്ഥാനത്തേക്ക് മുന്‍ ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിനെ കൊണ്ടു വന്നു. സച്ചിന്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് ഹര്‍ഭജന്‍ സിംഗായിരുന്നു മുംബൈയെ മുന്‍ സീസണില്‍ നയിച്ചത്. ആസ്‌ത്രേലിയയിലെ ബിഗ് ബാഷ് ടി20യിലും ഷെഫീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച പോണ്ടിംഗില്‍ മുംബൈ വന്‍പ്രതീക്ഷ വെക്കുന്നു. സന്തുലിതമായ നിരയാണ് മുംബൈയുടെത്. ബാറ്റിംഗ് നിരക്കാണ് കൂടുതല്‍ കരുത്ത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം ഓപണ്‍ ചെയ്യാനെത്തുക ഡ്വെയിന്‍ സ്മിത്തോ ജെയിംസ് ഫ്രാങ്ക്‌ലിനോ ആയിരിക്കും. ഇരുവരും ബൗളിംഗിലും തിളങ്ങുന്നവരാണ്. മൂന്നാം നമ്പര്‍ ബാറ്റിംഗില്‍ പോണ്ടിംഗെത്തും. മധ്യനിരക്ക് സ്ഥിരത നല്‍കാന്‍ ദിനേശ് കാര്‍ത്തിക്കിന് സാധിക്കും. രോഹിത്ശര്‍മ, അംബാട്ടി റായുഡു കഴിഞ്ഞ ഐ പി എല്ലില്‍ അടിച്ചുകൂട്ടിയത് യഥാക്രമം 333,433 റണ്‍സാണ്. ലസിത് മലിംഗ, പ്രഗ്യാന്‍ ഓജ, മുനാഫ് പട്ടേല്‍ എന്നിങ്ങനെ അനായാസം വിക്കറ്റെടുക്കാന്‍ കഴിവുള്ള ത്രയങ്ങള്‍ മുംബൈ ബൗളിംഗിന്റെ പ്രത്യേകതയാണ്. സ്പിന്നര്‍മാരാണ് കൂട്ടത്തില്‍ ദുര്‍ബല കണ്ണി. കഴിഞ്ഞ സീസണില്‍ പതിനേഴ് മത്സരങ്ങളില്‍ ആറ് വിക്കറ്റുകളാണ് ഹര്‍ഭജന്‍ സിംഗിന് നേടാനായത്. പ്രഗ്യാന്‍ ഓജക്ക് ഒമ്പത് വിക്കറ്റാണ് ലഭിച്ചത്. എന്നാല്‍, രാജ്യാന്തര ക്രിക്കറ്റില്‍ ഓജയുടെ സമീപകാല ഫോം മികച്ചതാണ്. നാല് വിദേശ കളിക്കാരെ മാത്രമേ ഒരു മത്സരത്തില്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നത് മുംബൈക്ക് തിരിച്ചടിയാണ്. ആറാം സീസണിലെ മില്യണ്‍ ഡോളര്‍ താരം ഗ്ലെന്‍ മാക്‌സ് വെല്‍, ഡ്വെയിന്‍ സ്മിത്, കീരന്‍ പൊള്ളാര്‍ഡ്, ജേക്കബ് ഓറം, ജെയിംസ് ഫ്രാങ്ക്‌ലിന്‍, മലിംഗ എന്നിവരില്‍ രണ്ട് പേര്‍ക്ക് പുറത്തിരിക്കേണ്ടി വരും.റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രതീക്ഷ യുവനായകന്‍ വിരാട് കോഹ്‌ലിയിലാണ്. വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയില്‍, ശ്രീലങ്കയുടെ തിലകരത്‌നെ ദില്‍ഷന്‍, ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലേഴ്‌സ് എന്നിവരാണ് ചലഞ്ചേഴ്‌സിന്റെ വിദേശീകരുത്ത്. 1639 റണ്‍സാണ് ചലഞ്ചേഴ്‌സിനായി വിരാട് കോഹ്‌ലി ഐ പി എല്ലില്‍ നേടിയത്. ക്രിസ് ഗെയില്‍ നേടിയത് 1341 റണ്‍സാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ ഗെയില്‍ തിളങ്ങുന്ന ദിവസം ചലഞ്ചേഴ്‌സിന് ജയം അനായാസമാകും. പേസ് ബൗളര്‍ സഹീര്‍ ഖാന്റെ പരുക്കാണ് ബാംഗ്ലൂര്‍ ടീമിന് വലിയ തലവേദന.

ഇനിയും പരുക്കില്‍ നിന്ന് സഹീര്‍ മുക്തനായിട്ടില്ല. അഭിമന്യു മിഥുന്‍, ആര്‍ വിനയ് എന്നിവരുടെ മികവുറ്റ ബൗളിംഗ് പ്രകടനത്തിന് ചലഞ്ചേഴ്‌സ് അനുകൂലികള്‍ കാത്തിരിക്കുകയാണ്. കരീബിയന്‍ പേസര്‍ രവി രാംപോള്‍, സീനിയര്‍ സ്പിന്നര്‍മാരായ മുത്തയ്യമുരളീധരന്‍, ഡാനിയല്‍ വെറ്റോറി എന്നിവര്‍ക്കൊപ്പം മുരളി കാര്‍ത്തിക്കും ചലഞ്ചേഴ്‌സിനെ റോയല്‍ ആക്കുന്നു.
സ്‌ക്വാഡ്‌സ്:
മുംബൈ ഇന്ത്യന്‍സ്: റിക്കി പോണ്ടിംഗ് (ക്യാപ്റ്റന്‍), അബു നെചിം അഹമ്മദ്, അക്ഷര്‍ പട്ടേല്‍, ആദിത്യ താരെ, എയ്ദന്‍ ബ്ലിസാദ്, അംബാട്ടി റായുഡു, അമിറ്റോസെ സിംഗ്, ധവാല്‍ കുല്‍ക്കര്‍ണി, ദിനേശ് കാര്‍ത്തിക്ക്, ഡ്വെയിന്‍ സ്മിത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഹര്‍ഭജന്‍ സിംഗ്, ജേക്കബ് ഓറം, ജലജ് സക്‌സേന, ജെയിംസ് ഫ്രാങ്ക്‌ലിന്‍, കീരന്‍ പൊള്ളാര്‍ഡ്, ലസിത് മലിംഗ, മിച്ചല്‍ ജോണ്‍സന്‍, മുനാഫ് പട്ടേല്‍, നഥാന്‍ കോള്‍ട്ടര്‍-നില്‍, ഫില്‍ ഹ്യൂസ്, പവന്‍ സുയാല്‍, പ്രഗ്യാന്‍ ഓജ, റിഷി ധവാന്‍, രോഹിത് ശര്‍മ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൂര്യകുമാര്‍ യാദവ്, സുശാന്ത് മറാതെ, യുശ്വേന്ദ്ര സിംഗ് ചാഹല്‍.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോഹ്‌ലി(ക്യാപ്റ്റന്‍), എ ബി ഡിവില്ലേഴ്‌സ്, അഭിമന്യു മിഥുന്‍, അഭിനവ് മുകുന്ദ്, ആന്‍ഡ്രൂ മക്‌ഡൊനാള്‍ഡ്, അരുണ്‍ കാര്‍ത്തിക്ക്, ചേതേശ്വര്‍ പുജാര, ക്രിസ് ഗെയില്‍, ക്രിസ്റ്റഫര്‍ ബാണ്‍വെല്‍, ഡാനിയല്‍ ക്രിസ്റ്റ്യന്‍, ഡാനിയല്‍ വെറ്റോറി, ഹല്‍ഷല്‍ പട്ടേല്‍, ജയ്‌ദേവ് ഉനാകത്, കെ പി അപ്പണ്ണ, കരുണ്‍ നായര്‍, മായങ്ക് അഗര്‍വാള്‍, മോയിസസ് ഹെന്റികസ്, മുരളി കാര്‍ത്തിക്ക്, മുത്തയ്യമുരളീധരന്‍, പങ്കജ് സിംഗ്, പ്രശാന്ത് പരമേശ്വരന്‍, ആര്‍ വിനയ് കുമാര്‍, രവി രാംപോള്‍, രുദ്ര പ്രതാപ് സിംഗ്, എസ് ആരവിന്ദ്, സന്ദീപ് വാര്യര്‍, സൗരഭ് തിവാരി, ഷെല്‍ഡന്‍ ജാക്‌സന്‍, സണ്ണി സോഹല്‍, സഈദ് മുഹമ്മദ്, തിലകരത്‌നെ ദില്‍ഷന്‍, വിജയ് സോള്‍, സഹീര്‍ഖാന്‍.