Connect with us

Gulf

നടപടി തുടങ്ങി; ആയിരങ്ങള്‍ക്ക് ജോലി നഷ്ടമായി

Published

|

Last Updated

ജിദ്ദ:സഊദിയിലെ പ്രമുഖ നിര്‍മാണ കമ്പനികള്‍ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്ലാതെ ജോലിയെടുക്കുന്നവരെ ജോലിയില്‍ നിന്നൊഴിവാക്കാന്‍ തുടങ്ങിയതോടെ മലയാളികളടക്കം ആയിരക്കണക്കിന് തൊഴിലാളികള്‍ തൊഴില്‍രഹിതരായി. സഊദിയിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ സഊദി ബിന്‍ലാദന്‍ ഗ്രൂപ്പ്(എ ബി സി ഡി) സ്‌പോണ്‍സര്‍ഷിപ്പ് നിയമം പാലിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പില്ലാത്തവരോട് ജോലിക്ക് വരേണ്ടതില്ല എന്നറിയിച്ചതോടെ വിവിധ രാജ്യക്കാരായ പതിനായിരക്കണക്കിനാളുകള്‍ പ്രതിസന്ധിയിലായി. ഇന്ത്യക്കാരും പാക്കിസ്ഥാനികളുമാണ് ഇതിലേറെയും.ബിന്‍ലാദന്‍ കമ്പനിയുമായി കരാറിലേര്‍പ്പെട്ട സബ് കോണ്‍ട്രാക്ടര്‍മാരുടെ സ്‌പോണ്‍സര്‍ഷിപ്പിലല്ലാത്ത തൊഴിലാളികള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ കമ്പനിയുടെ പ്രധാന പ്രൊജക്ടുകളെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. ജിദ്ദയിലെ പുതിയ എയര്‍പോര്‍ട്ട് നിര്‍മാണത്തെയാകും ഇത് ഏറ്റവുമധികം ബാധിക്കുക. മിക്ക പ്രൊജക്ടുകളും പാതിവഴിയിലാണ്. ഫ്രീ വിസക്കാര്‍ ജോലിക്ക് വരാതായതോടെ പദ്ധതി പ്രദേശത്തെ തൊഴിലാളികളുടെ എണ്ണം മുപ്പത് ശതമാനമായി കുറഞ്ഞു. എയര്‍പോര്‍ട്ടിന് പുറമെ മക്ക ഹറം വികസനം, മത്വാഫ് വികസനം, മസ്ജിദുന്നബവി വികസനം, ശമാമിയാ പ്രൊജക്ട് തുടങ്ങിയവയെല്ലാം ബിന്‍ലാദന്‍ കമ്പനി ഏറ്റെടുത്തു നടത്തുന്ന മുഖ്യ പദ്ധതികളാണ്. സ്‌പോണ്‍സര്‍ഷിപ്പിലല്ലാത്ത മുഴുവന്‍ പേരും സേവനം അവസാനിപ്പിക്കണമെന്നറിയിച്ച് ബിന്‍ലാദന്‍ കമ്പനി സര്‍ക്കുലര്‍ പുറത്തിറക്കുകയായിരുന്നു. സബ് കോണ്‍ട്രാക്ടര്‍മാരുടെ സ്‌പോണ്‍സര്‍ഷിപ്പിലല്ലാത്തവരും ജോലി അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു. അവര്‍ പദ്ധതി പ്രദേശത്തേക്ക് പ്രവേശിക്കുന്നതും കമ്പനിയുടെ ഹ്യൂമണ്‍ റിസോഴ്‌സ് വിഭാഗം വിലക്കിയിട്ടുണ്ട്. സഊദി പൗരന്‍മാരെ നിയമിച്ചും വിദേശത്തുനിന്ന് പുതിയ തൊഴിലാളികളെ കൊണ്ടുവന്നും ഈ കുറവുകള്‍ നികത്താനാകുമെന്നും കമ്പനി പ്രതിനിധി ഹസന്‍ അല്‍ അത്താസ് പറഞ്ഞു.ബിന്‍ലാദന് പുറമെ മിക്ക വന്‍കിട കമ്പനിക്കാരും ഫ്രീ വിസക്കാരായ തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കത്തിലാണ്. ഫ്രീ വിസാ നിയമം രാജ്യം കര്‍ശനമാക്കുന്നതോടെ ഇന്ത്യക്കാരടങ്ങുന്ന ഏഷ്യന്‍ രാജ്യക്കാരായിരിക്കും ഏറ്റവുമധികം തൊഴില്‍രഹിതരാകുന്നത്. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുകയോ എക്‌സിറ്റ് ചെയ്ത് നാട്ടില്‍ പോയി പുതിയ വിസ തരപ്പെടുത്തി തിരിച്ചുവരികയോ ആണ് ഇനി അവരുടെ മുമ്പിലുള്ള വഴികള്‍. ഫ്രീ വിസക്കാരായി ഇവിടെ അനിശ്ചിതമായി തുടര്‍ന്നാല്‍, പിടിക്കപ്പെട്ടാല്‍ ഇനി രാജ്യത്തേക്ക് തിരിച്ചുവരാനാകാത്ത വിധം അവര്‍ കയറ്റി അയക്കപ്പെടും. പുതിയ സംഭവവികാസങ്ങള്‍ മലയാളികളടക്കമുള്ള പതിനായിരക്കണക്കിന് ഫ്രീവിസക്കാരെയാണ് ആശങ്കയിലാക്കിയിരിക്കുന്നത്. ബിന്‍ലാദന്‍ കമ്പനിയില്‍ നിന്ന് കഴിഞ്ഞ ദിവസം പിരിച്ചുവിടപ്പെട്ടവരില്‍ ആയിരത്തിലധികം മലയാളികളുണ്ടെന്നറിയുന്നു.

ജിദ്ദയില്‍ ചില കമ്പനികളില്‍ ഇന്നലെ പ്രൊഫഷന്‍ ചെക്കിംഗ് നടന്നു. ഇക്കാമയില്‍ രേഖപ്പെടുത്തിയ ജോലി തന്നെയാണോ ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ചെയ്യുന്ന ജോലിയും ഇക്കാമയിലെ പ്രൊഫഷനും തമ്മില്‍ യാതൊരു ബന്ധവുമില്ലാത്തവരാണ് അധിക പേരും. എന്നാല്‍ ഇത്തരക്കാരോട്, പ്രൊഫഷന്‍ എത്രയും വേഗം മാറ്റണമെന്നറിയിച്ച് തിരിച്ചുപോകുകയായിരുന്നു ഉദ്യോഗസ്ഥര്‍.
അതേസമയം, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് വിസാ ചട്ടം പാലിക്കാന്‍ അല്‍പ്പം കൂടി സാവകാശം നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. തത്കാലം വീട്ടമ്മമാര്‍ക്കും അധ്യാപനം നടത്താമെന്നും സ്‌പോണ്‍സര്‍ഷിപ്പ് നിയമം പേടിച്ച് സ്‌കൂള്‍ തുറക്കാതിരിക്കേണ്ടതില്ലെന്നും സ്‌കൂളുകളില്‍ ഇപ്പോള്‍ പരിശോധന ഉദ്ദേശിക്കുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍ദാഖിനി അറിയിച്ചു.