Connect with us

National

വന്‍കിട കോര്‍പറേറ്റുകള്‍ക്ക് മോഡി സര്‍ക്കാര്‍ വഴിവിട്ട സഹായം നല്‍കി

Published

|

Last Updated

അഹമ്മദാബാദ്:വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വഴിവിട്ട ഇളവുകള്‍ നല്‍കുക വഴി ഗുജറാത്തിലെ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഖജനാവിന് 580 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന് കംപ്‌ട്രോളര്‍ ആര്‍ഡ് ഓഡിറ്റര്‍ ജനറല്‍(സി എ ജി). റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, എസ്സാര്‍ സ്റ്റീല്‍, അദാനി പവര്‍ ലിമിറ്റഡ് എന്നവയടക്കമുള്ള വന്‍കിട കമ്പനികള്‍ക്കാണ് മോഡി സര്‍ക്കാര്‍ കോടികളുടെ ഇളവുകള്‍ നല്‍കിയതെന്ന് 2012 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തേക്കുള്ള റിപ്പോര്‍ട്ടില്‍ സി എ ജി ചൂണ്ടിക്കാണിക്കുന്നു. റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. വാഹന നിര്‍മാണ ഭീമന്‍മാരായ ഫോര്‍ഡ് ഇന്ത്യക്കും ലാര്‍സന്‍ ആന്‍ഡ് ടര്‍ബോക്കും ചട്ടം ലംഘിച്ച് ഭൂമി നല്‍കിയതിലും വന്‍ റവന്യൂ നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പ്രകൃതി വാതക നീക്കത്തിനായി പൊതു മേഖലാ സ്ഥാപനമായ ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് ലിമിറ്റഡിന്റെ പൈപ്പ് ലൈന്‍ ശൃംഖല ഉപയോഗിച്ചുവെന്നും ഇതിനായി അടക്കേണ്ട തുക ഇളവ് ചെയ്യാനായി ചട്ടങ്ങളില്‍ മാറ്റം വരുത്തിയെന്നും സി എ ജി കണ്ടെത്തി. ഇതുവഴി റിലയന്‍സിന് 52.27 കോടിയുടെ നേട്ടമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വന്തം താത്പര്യം സംരക്ഷിക്കാന്‍ പെട്രോനെറ്റിന് സാധിച്ചില്ലെന്നും സി എ ജി വ്യക്തമാക്കുന്നു. വൈദ്യുതി വില്‍പ്പന കരാറില്‍ തിരിമറി നടത്തിയാണ് ആദാനി പവര്‍ ലിമിറ്റഡ് 160.26 കോടി രൂപ നേട്ടമുണ്ടാക്കിയത്. കരാറില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിച്ച കമ്പനിക്ക് മേല്‍ പിഴ ചുമത്താന്‍ ഗുജറാത്ത് ഊര്‍ജ വികാസ് നിഗം ലിമിറ്റഡ് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മി നികത്താന്‍ ആവശ്യമായതിനേക്കാള്‍ കൂടുതല്‍ തുക ധനകമ്പോളത്തില്‍ നിന്ന് വായ്പയെടുക്കുക വഴി മോഡി സര്‍ക്കാര്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും സി എ ജി കണ്ടെത്തിയിട്ടുണ്ട്. ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ പൊള്ളത്തരമാണ് വെളിപ്പെട്ടതെന്നും മോഡിയുടെ വഴിവിട്ട കോര്‍പറേറ്റ് ബന്ധം തങ്ങള്‍ പലവട്ടം ചൂണ്ടിക്കാണിച്ചതാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. ഇത്തരം ഇളവുകളിലൂടെയാണ് മോഡി കോര്‍പറേറ്റുകളുടെ കൈയടി നേടുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.എന്നാല്‍, സി എ ജിയുടെ കണ്ടെത്തലുകള്‍ അഴിമതിയുടെ പട്ടികയില്‍ വരുന്നതല്ലെന്ന് ഗുജറാത്ത് ധനകാര്യ മന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു. “ക്രമക്കേടുകള്‍” മാത്രമാണ് അവയെന്ന് അദ്ദേഹം അവകാശപ്പെട്ടു. റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് വിട്ടെന്ന് അദ്ദേഹം അറിയിച്ചു.

Latest