റിസര്‍വ് ബേങ്ക് മന്ദിരത്തില്‍ അതിക്രമിച്ചു കയറിയ പ്രതിക്കെതിരെ പൊന്‍കുന്നത്തും കേസ്

Posted on: April 4, 2013 5:59 am | Last updated: April 4, 2013 at 12:15 am

കാഞ്ഞിരപ്പള്ളി: റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ഫോര്‍ട്ടിലുള്ള മന്ദിരത്തില്‍ എയര്‍ ഗണ്ണുമായി അതിക്രമിച്ചു കയറി വെടിയുതിര്‍ത്ത കേസില്‍ പിടിയിലായ പത്മഗിരീഷ് പൊന്‍കുന്നത്തെ ലോട്ടറി ഏജന്റിന്റെ മൂന്നര ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി. പൊന്‍കുന്നം അമ്മു ലക്കി സെന്ററില്‍ ജീവനക്കാരനായിരുന്ന പത്മഗിരീഷ് പത്തനംതിട്ടയിലുള്ള ഹോള്‍സെയില്‍ കടയിലേക്ക് കൊടുത്തു വിട്ട പണമാണ് അപഹരിച്ചത്. കഴിഞ്ഞ 19നായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് നാടുവിട്ട പത്മഗിരീഷ് ബംഗളൂരു, ഊട്ടി, മദ്രാസ് വഴിയാണ് മുംബൈയില്‍ എത്തിയത്. ചാമംപതാല്‍ പുത്തന്‍പുരയില്‍ രാജശേഖരന്റെ മകനാണ് 27 കാരനായ പത്മഗിരീഷ്. മകനെ കാണാതായതോടെ മാതാവ് മണിമല പോലീസില്‍ കഴിഞ്ഞ 21ന് പരാതി നല്‍കി. ഇതിന് ശേഷം യുവാവിനെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച ‘ഞാന്‍ കോടീശ്വരനായേ തിരികെ എത്തൂ. അതിനുള്ള മാര്‍ഗങ്ങള്‍ തുറന്നുകിട്ടിയിട്ടുണ്ട്’ എന്ന മെസ്സേജ് മാതാവിന് ലഭിച്ചു. മകനെ കാണാതായെന്ന പരാതിയുടെയും പണം അപഹരിച്ചുവെന്ന അമ്മു ലക്കി സെന്റര്‍ ഉടമയുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി. എസ് സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പത്മഗിരീഷ് പോയ വഴി വ്യക്തമായി. ഇതേ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു. മുംബൈയിലുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം രാവിലെ പോലീസിന് ലഭിച്ചിരുന്നു. മുംബൈക്ക് പോകുന്ന വഴി കോഴിക്കോട്ട് നിന്നാണ് ഇയാള്‍ എയര്‍ഗണ്‍ വാങ്ങിയത്. മജീദ ബസാറിലെ കടയില്‍ നിന്നും എയര്‍ഗണ്‍ വാങ്ങി നേരെ പോയത് ബാംഗളൂരുവിലേക്കായിരുന്നു. അവിടെ നിന്നും ഊട്ടി, മദ്രാസ് വഴി മുംബൈക്കും. കറുത്ത ഷര്‍ട്ടും പാന്റൂം ജാക്കറ്റും കൂളിംഗ് ഗ്ലാസും ധരിച്ച് എത്തിയ പത്മഗിരീഷ് ആര്‍ ബി ഐയുടെ പ്രധാന ഗേറ്റിലൂടെയാണ് കടക്കാന്‍ ശ്രമിച്ചത്. സെക്യൂരിറ്റി സ്റ്റാഫ് തടഞ്ഞതോടെ മുകളിലേക്ക് നിറ ഒഴിക്കുകയായിരുന്നു. ഉടന്‍ തന്നെ പിടികൂടി. പ്രതിയെ വിട്ടുകിട്ടുവാന്‍ കേരള പോലീസ് മുംബൈ കോടതിയില്‍ അപേക്ഷ നല്‍കിയെന്ന് കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി അറിയിച്ചു. പത്മഗിരീഷിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് പോലീസ് സംഘം മുംബൈയിലേക്ക് തിരിക്കുമെന്ന് പൊന്‍കുന്നം സി ഐ. പി രാജ്കുമാര്‍ പറഞ്ഞു.