Connect with us

Kerala

ആറന്മുളയില്‍ വിമാനം ഇറങ്ങുന്നതോടെ എതിര്‍പ്പുകള്‍ തീരും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന് ഗ്രീന്‍ ട്രൈബ്യൂണലിന്റെ സ്റ്റേ വന്ന സാഹചര്യത്തില്‍ ഇവിടെ വിമാനത്താവളം വേണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും വിമാനം ഇറങ്ങുന്നതോടെ എതിര്‍പ്പുകളും വിവാദങ്ങളും തീരുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതുസംബന്ധിച്ചുള്ള ചോദ്യങ്ങളോട് മന്ത്രിസഭാ യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആറന്മുളയില്‍ യു ഡി എഫ് സര്‍ക്കാര്‍ ഒരിഞ്ച് ഭൂമി ഏറ്റെടുക്കുകയോ നികത്തുകയോ ചെയ്തിട്ടില്ല. ആറന്മുള വിമാനത്താവളത്തിനായി എല്ലാ വിധ അനുമതിയും നല്‍കിയതും നിലം നികത്തിയതും ഭൂമി ഏറ്റെടുത്തതും ഇടതു സര്‍ക്കാറിന്റെ കാലത്താണ്.
നിയമലംഘനം മുഴുവനും നടന്നത് ഇടതു സര്‍ക്കാറിന്റെ കാലത്താണ്. ഇക്കാര്യത്തില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണ്. ഇടതു സര്‍ക്കാറിന്റെ കാലത്ത് നടത്തിയ നിയമലംഘനം പിന്തുടരേണ്ടതുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, നിയമലംഘനം നടന്നുകഴിഞ്ഞല്ലോയെന്നും നികത്തിയ നിലം ഇനി എന്തുചെയ്യാന്‍ കഴിയുമെന്നുമായിരുന്നു മറുപടി. സിയാല്‍ മാതൃകയില്‍ നെടുമ്പാശ്ശേരി വിമാനത്താവളം നിര്‍മിക്കുന്ന സമയത്തും ഇത്തരത്തില്‍ എതിര്‍പ്പുയര്‍ന്നതാണ്. തദ്ദേശവാസികള്‍ക്ക് വിമാനത്താവളം വരുന്നതിനോട് എതിര്‍പ്പില്ല. വിമാനത്താവളമുണ്ടാകണമെന്നതാണ് പൊതു അഭിപ്രായം. രാഷ്ട്രീയപ്പാര്‍ട്ടികളും ജനപ്രതിനിധികളും വിമാനത്താവളം വരുന്നതിന് അനുകൂലമാണ്. വിമാനത്താവളത്തിനെതിരായ എതിര്‍പ്പുകള്‍ വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ അവസാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.