മിഥില മോഹന്‍ വധം: സന്തോഷിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

Posted on: April 4, 2013 5:00 pm | Last updated: April 4, 2013 at 5:51 pm
midhila-mohan
കൊല്ലപ്പെട്ട മിഥില മോഹന്‍

കൊച്ചി: അബ്കാരി കരാറുകാരന്‍ മിഥില മോഹനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി സന്തോഷ് കുമാര്‍ എന്ന കണ്ണനെ 12 ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സന്തോഷിനെ ഹാജരാക്കിയത്.എരമല്ലൂരിലെ മദ്യ വ്യവസായി മിഥില മോഹന്‍ എന്ന വി എം മോഹനെ (70) വെടിവെച്ചു കൊന്ന കേസില്‍ മുഖ്യപ്രതിയെ ആറ് വര്‍ഷത്തിന് ശേഷം ക്രൈം ബ്രാഞ്ച് അറസ്റ്റ്ചെയ്തത്. കേസിലെ ഒന്നാം പ്രതി തൃശൂര്‍ പാട്ടുരായ്ക്കല്‍ പെറ്റേക്കാട് വീട്ടില്‍ സന്തോഷ്‌കുമാര്‍ (കണ്ണന്‍-47) ആണ് അറസ്റ്റിലായത്. ചോദ്യം ചെയ്യാനായി ബുധനാഴ്ച വൈകീട്ട് അഞ്ചിന് ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ചു വരുത്തിയ ഇയാള്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് പോലീസ് സൂപ്രണ്ട് കെ ജി സൈമണ്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ലോക്കല്‍ പോലീസിനെയും ക്രൈം ബ്രാഞ്ചിനെയും നട്ടംതിരിച്ച കൊലപാതക കേസിലെ പ്രതിയെ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ക്രൈം ബ്രാഞ്ച് തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മിഥില മോഹനും കണ്ണനും തമ്മില്‍ സ്പിരിറ്റ് കടത്തുന്ന ഇടപാടുകള്‍ ഉണ്ടായിരുന്നു. പിന്നീട് ഇവര്‍ തെറ്റുകയും കണ്ണന്‍ സ്പിരിറ്റ് കടത്തിയിരുന്ന വാഹനങ്ങള്‍ പലതും മിഥില മോഹന്‍ പോലീസിനെക്കൊണ്ടും എക്‌സൈസിനെക്കൊണ്ടും പിടിപ്പിക്കുകയും ചെയ്തു. ഗുണ്ടകളെ വിട്ടും കണ്ണന്റെ വാഹനങ്ങള്‍ തട്ടിയെടുത്തു. ഇതേ തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഇതിനായി തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ക്രിമിനല്‍ ദിണ്ഡിക്കല്‍ പാണ്ഡ്യനുമായി ബന്ധപ്പെട്ടു. ഇയാള്‍ പരിചയപ്പെടുത്തിയ രണ്ട് വാടകക്കൊലയാളികളെ ഉപയോഗിച്ചാണ് കൊല നടത്തിയത്.2006 ഏപ്രില്‍ അഞ്ചിന് രാത്രി മിഥില മോഹന്റെ വീട്ടില്‍ എത്തിയ ഇവര്‍ ഇദ്ദേഹത്തിന് നേരെ അഞ്ച് റൗണ്ട് വെടി ഉതിര്‍ത്ത ശേഷം തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടു. കൊലപാതകികള്‍ക്ക് ആദ്യം 20,000 രൂപ അഡ്വാന്‍സ് ആയും പിന്നീട് പത്ത് ലക്ഷം രൂപയും പ്രതിഫലമായി കണ്ണന്‍ നല്‍കി. വാടക കൊലയാളികള്‍ക്കായി തമിഴ്‌നാട്ടില്‍ അന്വേഷണം തുടരുകയാണെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ക്രൈം ബ്രാഞ്ച് എസ് പി. കെ ജി സൈമണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതിനു ശേഷം 110 ഓളം പേരെ ചോദ്യം ചെയ്തു. മോഹന്‍ നടത്തിയിട്ടുള്ള സ്പിരിറ്റ് ഇടപാടുകളെ സംബന്ധിച്ചും ഇയാളുമായി ശത്രുതയുള്ളവരെക്കുറിച്ചുമുള്ള അന്വേഷണമാണ് കണ്ണനെ സംശയിക്കാന്‍ കാരണമായത്. ഇയാള്‍ വാഹനങ്ങള്‍ മോഷ്ടിച്ച് വിറ്റിരുന്നതും തമിഴ്‌നാട് ബന്ധങ്ങളും ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് കണ്ണനെ നിരവധി തവണ ചോദ്യം ചെയ്തത്. ഇയാളെ ബ്രെയിന്‍ മാപ്പിംഗിന് വിധേയമാക്കാനും അനുമതി തേടിയിരുന്നു. ഇക്കാര്യം കണ്ണനോട് പറഞ്ഞപ്പോള്‍ അയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും.