ടി പി വധക്കേസ്:രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി

Posted on: April 3, 2013 7:01 am | Last updated: April 9, 2013 at 8:54 am

T P CHANDRASHEKHARANകോഴിക്കോട്: ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ വിസ്തരിച്ച രണ്ട് മഹസ്സര്‍ സാക്ഷികളും കൂറുമാറി. 36ാം സാക്ഷി പള്ളൂര്‍ ചെമ്പ്ര പുതുക്കുടി വി സജിത്, 37ാം സാക്ഷി കൂത്തുപറമ്പ് പറമ്പിച്ചാല്‍ വീട്ടില്‍ എം ചന്ദ്രന്‍ എന്നിവരാണ് മാറാട് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ പ്രതികള്‍ക്കനുകൂലമായി മൊഴി തിരുത്തിയത്.
പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിടത്ത് പോലീസ് തിരച്ചില്‍ നടത്തിയപ്പോള്‍ തയ്യാറാക്കിയ മഹസ്സറില്‍ ഒപ്പ് െവച്ചവരാണിവര്‍. കൊടി സുനിയുമായി പോലീസ് സംഘം തെളിവെടുപ്പ് നടത്തിയതിന്റെ മഹസ്സര്‍ സാക്ഷിയായിരുന്നു വി സജിത്. പ്രതികള്‍ ഒളിച്ചുതാമസിച്ച സി പി എം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസില്‍ തെളിവെടുപ്പ് നടത്തിയതിന്റെ മഹസ്സര്‍ സാക്ഷിയാണ് എം ചന്ദ്രന്‍. എന്നാല്‍ പോലീസ് തയ്യാറാക്കിയ മഹസറില്‍ ഒപ്പിട്ടിട്ടില്ലെന്ന് രണ്ട് സാക്ഷികളും കോടതിയില്‍ മൊഴി നല്‍കി. ഇരുവരും നേരത്തെ നല്‍കിയ മൊഴികളെല്ലാം മാറ്റിപ്പറഞ്ഞു. ഇതോടെ ഈ കേസില്‍ കൂറുമാറിയവരുടെ എണ്ണം 11 ആയി.
ഇന്നലെ വിസ്തരിക്കാനിരുന്നവരില്‍ 68ാം സാക്ഷി ഓര്‍ക്കാട്ടേരി കിഴക്കയില്‍ വീട്ടില്‍ കൃഷ്ണന്‍ സുഖമില്ലാതെ കിടപ്പിലായതിനാല്‍ ഇയാളെ വിസ്തരിച്ചില്ല. 69ാം സാക്ഷി ഓര്‍ക്കാട്ടേരി ആറോത്ത് വീട്ടില്‍ ശ്രീധരന്‍, 72ാം സാക്ഷി പൊന്നയം മാധവി സദനത്തില്‍ സതീശന്‍ എന്നിവരെ വിസ്തരിക്കുന്നതും പ്രോസിക്യൂഷന്‍ ഒഴിവാക്കി. 71ാം സാക്ഷി ചെമ്പ്ര പാറാല വാണിയന്റവിട വീട്ടില്‍ സി ബാബു മരിച്ചയാളാണെന്ന കാര്യം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അദ്ദേഹത്തിന്റെ പേര് സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.
ഇന്ന് കേസിലെ 74 മുതല്‍ 78 വരെയുള്ള സാക്ഷികളെ വിസ്തരിക്കും.