Connect with us

Palakkad

മെമുവിന്റെ യാത്ര ഷൊര്‍ണൂര്‍ വഴിയല്ല;യാത്രാ ദുരിതവുമായി ആയിരങ്ങള്‍

Published

|

Last Updated

പാലക്കാട്: കാത്തിരിപ്പിനു ശേഷം ഓടി തുടങ്ങിയ എറണാകുളം-പാലക്കാട് മെമു ഷൊര്‍ണൂര്‍ വഴി പോകാത്തത് യാത്രക്കാരെ വലക്കുന്നു. നിലവില്‍ ഷൊര്‍ണൂര്‍ വഴി സ്പര്‍ശിക്കാതെയാണ് മെമുവിന്റെ യാത്ര. സമയക്രമമനുസരിച്ച് ഉച്ചക്ക് രണ്ടര മണിക്ക് എറണാകുളത്തു നിന്ന് യാത്ര തിരിക്കുന്ന ട്രെയിന്‍ ഷൊര്‍ണൂര്‍ വഴിയാക്കിയാല്‍ വൈകുന്നേരം 5.50ന് ഷൊര്‍ണൂര്‍ ജംഗ്ഷനിലെത്താനാകും.
ഇതേ സമയം വൈകുന്നേരം 5.45ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടുന്ന 56601-ാം നമ്പര്‍ ഷൊര്‍ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ പത്ത് മിനിറ്റ് വൈകി 5.55ന് പുറപ്പെട്ടാല്‍ കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്കും ഗുണകരമാകും. ഇതുവഴി എറണാകുളം-കോഴിക്കോട് റൂട്ടില്‍ പുതിയ ട്രെയിന്‍ ലഭ്യമാകുന്ന ഗുണമാണ് പ്രതിഫലിക്കുക. നിലവില്‍ എറണാകുളത്ത് നിന്നും 1.30ന് നേത്രാവതി എക്‌സ്പ്രസ് കഴിഞ്ഞാല്‍ 4.30ന് കണ്ണൂര്‍ ഇന്റര്‍സിറ്റി മാത്രമാണ് കോഴിക്കോട്ടേക്കുള്ളത്.
ഷൊര്‍ണൂരിലെത്തുന്ന കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റിയില്‍ എത്തുന്ന പാലക്കാട് ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് മെമുവില്‍ യാത്ര തുടരുകയും ചെയ്യാം. വൈകുന്നേരം ആറിനാണ് ഇന്റര്‍സിറ്റിയെത്തുന്നത്. യാത്രക്കാര്‍ കയറിയിറങ്ങുന്ന സമയത്തിനുള്ളില്‍ ലോക്കോ പൈലറ്റിനും ഗാര്‍ഡിനും പരസ്പരം കാബിന്‍ മാറിയിരിക്കാന്‍ സാധിക്കും. സാധാരണ വണ്ടികളിലേതു പോലെ എന്‍ജിന്‍ ചെയ്ഞ്ച് ആവശ്യമില്ലാത്തതിനാലും ഷൊര്‍ണൂരിന് മെമുവിന് വലിയ നഷ്ടമൊന്നും സംഭവിക്കില്ല. പാതയിരട്ടിപ്പിക്കല്‍ പദ്ധതി മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുന്നതോടെ പ്ലാറ്റ്‌ഫോം ലഭ്യതയും എളുപ്പമാണ്. ഇപ്പോള്‍ മംഗലാപുരം-ചെന്നൈ ട്രെയിനില്‍ പാലക്കാട്ടേക്കെത്താന്‍ രാത്രി 8.30 ആണ് സമയം. രാവിലെ പാലക്കാട്ടു നിന്ന് പുറപ്പെടുന്ന മെമു ഷൊര്‍ണൂരില്‍ വന്നാല്‍ തൃശൂര്‍-എറണാകുളം ഭാഗങ്ങളിലേക്ക് ഷൊര്‍ണൂരില്‍ നിന്ന് 9.30ന് ഒരു പാസഞ്ചര്‍ ട്രെയിന്‍ ലഭിക്കുന്ന ആശ്വാസവുമുണ്ട്.
നിലവില്‍ ഷൊര്‍ണൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ പുലര്‍ച്ചെ 4.50നാണ് പുറപ്പെടുന്നത്. ശേഷം വൈകുന്നേരം 4.40ന് മാത്രമേ എറണാകുളത്തേക്ക് പാസഞ്ചര്‍ ട്രെയിനുള്ളൂ. ചുരുക്കത്തില്‍ മെമു ഷൊര്‍ണൂരില്‍ വന്നാല്‍ നിത്യേന എറണാകുളം, തൃശൂര്‍ ഭാഗങ്ങളിലേക്കും മലബാര്‍ ഭാഗത്തേക്കുമുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഗുണകരമാകും. ഷൊര്‍ണൂരില്‍ നിന്ന് രാവിലെ 10.30ന് യാത്ര തുടരുന്ന മംഗലാപുരം ഏറനാട് എക്‌സ്പ്രസിലെ പാലക്കാട് നിന്നുള്ള യാത്രക്കാര്‍ക്ക് കണക്ഷന്‍ ട്രെയിനായും മെമു ഉപകരിക്കപ്പെടും. മലബാറിന്റെ യാത്രാ പ്രശ്‌നത്തിന് ഒരു പരിധിവരെ പുതിയ മെമു പരിഹാരമാകുമെന്നാണ് യാത്രക്കാരോടൊപ്പം റെയില്‍വേ ട്രേഡ് യൂനിയന്‍ ഐക്യവേദി ഭാരവാഹികളും പറയുന്നത്.