Connect with us

Wayanad

നിക്ഷേപകരെ കബളിപ്പിച്ച് 10 കോടിയുമായി ചിട്ടി കമ്പനി ഉടമകള്‍ മുങ്ങി

Published

|

Last Updated

ഗൂഡല്ലൂര്‍: 10 കോടി രൂപയുമായി ചിട്ടി കമ്പനി ഉടമകള്‍ മുങ്ങിയതായി പരാതി. ഗൂഡല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ചിട്ടി കമ്പനിയാണ് നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയത്.
ഗൂഡല്ലൂര്‍ ടൗണിലെ ശങ്കരന്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന ചിട്ടി കമ്പനിയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചു പൂട്ടിയത്. ഉടമകള്‍ പണവും രേഖകളുമായി മുങ്ങുകയായിരുന്നു. ഗൂഡല്ലൂര്‍ ബ്രാഞ്ചില്‍ മാത്രം രണ്ടായിരത്തോളം നിക്ഷേപകരുണ്ടെന്നാണ് പറയപ്പെടുന്നത്. കുന്നൂര്‍, മഞ്ചൂര്‍ ബ്രാഞ്ചുകളിലും നിരവധി പേര്‍ നിക്ഷേപകരായിയുണ്ട്. കോത്തഗിരി, ഊട്ടി ബ്രാഞ്ചുകള്‍ നടത്തികൊണ്ടുപോകാന്‍ സാധിക്കാത്തതിനാല്‍ വില്‍ക്കേണ്ടതായും വന്നിരുന്നു. മേട്ടുപാളയം ബ്രാഞ്ചിലാണ് ആദ്യം പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നത്. ഇവിടുത്തെ മാനേജര്‍ പണം തിരിമറി നടത്തി സ്ഥലം വിട്ടതോടെ നിക്ഷേപകര്‍ സംഘടിച്ചു സ്ഥാപനത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇതോടെ ഒരു മാസം മുമ്പ് പ്രസ്തുത സ്ഥാപനം അടച്ചുപൂട്ടുകയായിരുന്നു. 5 ലക്ഷം, 2 ലക്ഷം, 50,000, 25,000 രൂപയുടെ ചിട്ടികളിലാണ് ആളുകള്‍ ചേര്‍ന്നിരുന്നത്. അതേസമയം മാസങ്ങള്‍ക്ക് മുമ്പ് തന്നെ ചിട്ടിയില്‍ അംഗങ്ങളായവര്‍ക്ക് കൃത്യമായി പണം നല്‍കാന്‍ ഉടമകള്‍ തയ്യാറായിരുന്നില്ല. അതേസമയം കുറച്ച് പേര്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് വ്യാപക ആക്ഷേഭം ഉയര്‍ന്നിട്ടുണ്ട്. നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയ ചിട്ടികമ്പനി ഉടമകള്‍ കേരളത്തില്‍ വിലസുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിനാല്‍ നിക്ഷേപകര്‍ സംഘടിച്ച് മുഖ്യമന്ത്രി, ജില്ലാ കലക്ടര്‍, എസ് പി എന്നിവര്‍ക്ക് പരാതി നല്‍കാനുള്ള നീക്കത്തിലാണിപ്പോള്‍. മാനേജര്‍മാര്‍ പണം തിരിമറി നടത്തിയതായാണ് പറയപ്പെടുന്നത്. സ്ഥാപനത്തിന്റെ എം ഡി വല്ലപ്പോഴും മാത്രമെ സ്ഥാപനത്തിലെത്താറുള്ളു. ഇയാള്‍ക്ക് ആവശ്യമായ പണം സ്വീകരിച്ച് മടങ്ങാറാണ് പതിവ്. സ്ഥാപനം അടച്ചുപൂട്ടിയതിന് ശേഷം കബളിപ്പിക്കപ്പെട്ട നിക്ഷേപകര്‍ സ്ഥിരമായി ഓഫീസില്‍ എത്തുന്നുണ്ടെങ്കിലും അടച്ചിട്ടതായി കാണുമ്പോള്‍ മടങ്ങിപോകുകയാണ് ചെയ്യുന്നത്. അയ്യംകൊല്ലി, പാട്ടവയല്‍, ബിദര്‍ക്കാട്, സൂസംപാടി, ഓവാലി, നാടുകാണി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് ചിട്ടിയില്‍ ചേര്‍ന്നിരുന്നത്. പാവപ്പെട്ട നിരവധി പേര്‍ ഇതില്‍ ചേര്‍ന്നിരുന്നു. ഉടമകള്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കി വെച്ചിട്ടുണ്ട്.