വിമാനത്തിലെത്തി ആഭരണ കവര്‍ച്ച: സംഘത്തലവന്‍ അറസ്റ്റില്‍

Posted on: April 2, 2013 6:30 pm | Last updated: April 2, 2013 at 10:17 pm

haji soniകോഴിക്കോട്: ഡല്‍ഹിയില്‍നിന്ന് വിമാനമാര്‍ഗം കേരളത്തിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിന്റെ മുഖ്യസൂത്രധാരനെ ദല്‍ഹിയില്‍നിന്നും പൊലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് ബുലന്ത് ഷാര്‍ സ്വദേശിയും ദല്‍ഹി ചാന്ദ്ബാഗിലെ എ.ടി.എസ്.എസ് എന്റര്‍പ്രൈസസ്‌ ഉടമയുമായ ഹാജി സോണി എന്ന നസറുദ്ദീന്‍ സോണി എന്ന കാജാ(46)യാണ് പിടിയിലായത്.നേരത്തേ അറസ്റ്റിലായ കൂട്ടാളികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് സോണിയെ പിടികൂടിയത്. കോഴിക്കോട് മോഷണത്തിനുപയോഗിച്ച ഡല്‍ഹി രജിസ്‌ട്രേഷനിലുള്ള ബൈക്ക് സോണിയുടെ മകന്റെ പേരിലാണുള്ളത്. ഈ ബൈക്ക് മോഷണം പോയതായി നേരത്തേ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്തെങ്കിലും കാരണവശാല്‍ പിടിക്കപ്പെട്ടാല്‍ ബൈക്ക് മോഷ്ടിക്കപ്പെട്ടതാണെന്ന വാദം നിരത്തി രക്ഷപ്പെടാനായിരുന്നു ഇത്.രണ്ടു വര്‍ഷമായി തന്റെ സംഘം കേരളത്തില്‍ വളരെയേറെ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സോണി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കേരളത്തില്‍ വിമാനത്തില്‍ ആളെയെത്തിച്ച് ബൈക്കും താമസവുമടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്ത് മോഷണം നടത്തിക്കുകയെന്നതാണ് സോണിയുടെ രീതി. മോഷ്ടാക്കള്‍ക്ക് മോഷണമുതലിന്റെ മൂല്യത്തിന് ആനുപാതികമായി പ്രതിഫലം നല്‍കിയിരുന്നു. കേരളത്തില്‍ സ്ത്രീകള്‍ കൂടുതലായി സ്വര്‍ണം ഉപയോഗിക്കുന്നതിനാലാണ് ഇവിടം തിരഞ്ഞെടുക്കാന്‍ സോണിയെ പ്രേരിപ്പിച്ചത്.