Connect with us

Kerala

ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിന് സ്റ്റേ

Published

|

Last Updated

ചെന്നൈ: ആറന്മുള വിമാനത്താവള നിര്‍മാണത്തിന് സുപ്രീം കോടതിയുടെ ഹരിത ട്രൈബ്യൂണലിന്റെ സ്റ്റേ. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബഞ്ചാണ് പദ്ധതി സ്റ്റേ ചെയ്തത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കും വിമാനത്താവള പദ്ധതി പ്രൊമോട്ടര്‍മാരായ കെ ജി എസ് ഗ്രൂപ്പിനും െ്രെടബ്യൂണല്‍ നോട്ടീസയക്കുകയും ചെയ്തു. കൃഷി ഭൂമി വ്യവസായ ആവശ്യങ്ങള്‍ക്ക് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്കാണ് ഇതോടെ തിരിച്ചടിയായിരിക്കുന്നത്.
വിമാനത്താവള നിര്‍മാണം കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി ശക്തമായ സമരങ്ങള്‍ ആറന്മുളയില്‍ തുടരുന്ന പശ്ചാത്തലത്തിലുണ്ടായ സ്റ്റേ വിമാനത്താവള വിരുദ്ധ വികാരത്തിന് ബലം കൂട്ടുന്നതാണ്. കേന്ദ്ര പ്രതിരോധ മന്ത്രാലയം, പരിസ്ഥിതി മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്ന് പദ്ധതിക്ക് അനുമതി ലഭിച്ചിരുന്നു. ഈ അനുമതികളെ ചോദ്യം ചെയ്യുന്നതാണ് നിലവിലെ സ്റ്റേ. സംസ്ഥാനം ഭരിക്കുന്ന യു ഡി എഫ് സര്‍ക്കാറും പദ്ധതിക്ക് അനുകൂലമായാണ് നിലപാടെടുത്തിരിക്കുന്നത്. ആറന്മുളയില്‍ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് സാധ്യമല്ലെന്ന ഹരജിക്കാരുടെ വാദങ്ങള്‍ പ്രഥമദൃഷ്ട്യാ ട്രൈബ്യൂണല്‍ അംഗീകരിച്ചു. ജസ്റ്റിസ് എം ചൊക്കലിംഗം, ജസ്റ്റിസ് ആര്‍ നാഗേന്ദ്രന്‍ എന്നിവരാണ് ഹരജി പരിഗണിച്ചത്.—
ആറന്മുള വിമാനത്താവളത്തിന് നയപരമായ അംഗീകാരം നല്‍കിയ യു ഡി എഫ്, വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരാളെയും കുടിയൊഴിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. കൂടുതലായി ഭൂമി ഏറ്റെടുക്കില്ലെന്നും കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തിയ ഭൂമി ഇടപാടുകള്‍ വ്യവസായ വകുപ്പ് അന്വേഷിക്കുമെന്നും യു ഡി എഫ് നേതൃത്വം അറിയിച്ചു. എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് പദ്ധതിക്ക് അനുമതി നല്‍കുന്നത്. നിര്‍ദിഷ്ട ആറന്മുള വിമാനത്താവളത്തിന് എതിരെ മേധാ പട്കര്‍ ഉള്‍പ്പെടെ നിരവധി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. പദ്ധതി അടിയന്തരമായി റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. പദ്ധതിക്കായി പ്രദേശത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചത് നിയമവിരുദ്ധമാണെന്നും നെല്‍വയല്‍ നികത്തുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.
ആറന്മുള വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയതായി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി കഴിഞ്ഞ ഫെബ്രുവരി 21ന് പാര്‍ലിമെന്റില്‍ പറഞ്ഞിരുന്നു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. അടിസ്ഥാന സൗകര്യ വികസനകാര്യങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് ആറന്മുള വിമാനത്താവളത്തിന് അംഗീകാരം നല്‍കുന്നതെന്ന് രാഷ്ട്രപതി വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍, നവി മുംബൈ വിമാനത്താവളങ്ങള്‍ക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് ആറന്മുള വിമാനത്താവളത്തിനും സര്‍ക്കാര്‍ അനുമതി നല്‍കിയത്.

Latest