ഫാമിലി വിസക്ക് വാടകക്കരാര്‍: നിയമം നേരത്തെയുള്ളതെന്ന് ആര്‍ ഒ പി

Posted on: April 2, 2013 9:46 pm | Last updated: April 2, 2013 at 9:46 pm

മസ്‌കത്ത്: ഫാമിലി വിസക്ക് കെട്ടിടക്കരാര്‍ വേണമെന്ന നിയമം പുതിയതല്ലെന്നും ഇതു നേരത്തെയുള്ളതാണെന്നും റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി. ഇതു സംബന്ധിച്ച് വ്യത്യസ്ത വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് റോയല്‍ ഒമാന്‍ പോലീസ് വിശദീകരണം നല്‍കിയത്. എന്നാല്‍  സാമൂഹിക സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗായി നിയമം നടപ്പിലാക്കുന്നത് കര്‍ശനമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളുടെ കുടംബങ്ങള്‍ സംബന്ധിച്ച് പോലീസ് വിവരശേഖരണം നടത്തി വരികയാണ്. അതു കൊണ്ടു തന്നെ കുടുംബങ്ങള്‍ എവിടെ താമസിക്കുന്നുവെന്ന വിവരം അറിയേണ്ടതുണ്ട്. കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിന് അനുയോജ്യമായ കെട്ടിടങ്ങളും സൗകര്യങ്ങളുമാണ് തായാറാക്കിയിരിക്കുന്നതെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്നും പോലീസ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. വിദേശ ജീവനക്കാരന്റെ ജോലിയുടെ സ്വഭാവം, തസ്തിക, മാസ ശമ്പളം എന്നിവയും തെളിയിക്കേണ്ടതുണ്ട്. കുടുംബത്തെ കൊണ്ടു വരുന്നവര്‍ക്ക് അതിനുള്ള പ്രാപ്തിയുണ്ടോ എന്നറിയുന്നതിനാണിതെന്നും ആര്‍ ഒ പി പറയുന്നു.
ഫാമിലി വിസക്ക് കെട്ടിട വാടകക്കരാര്‍ നിര്‍ബന്ധമാക്കിയതായി നേരത്തെ സിറാജ് വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍, ഫാമിലി വിസ സംബന്ധിച്ച് പുതിയ നിയമമൊന്നും  നടപ്പിലാക്കിയിട്ടില്ലെന്ന് ആര്‍ ഒ പി വൃത്തങ്ങളെ ഉദ്ധരിച്ച് ഒദ്യോഗിക പത്രമായ ഒമാന്‍ ഒബ്‌സര്‍വര്‍ വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയത് കൂടുതല്‍ ആശയക്കുഴപ്പത്തിനു വഴിവെക്കുകയായിരുന്നു. ശേഷവും വിസ അപേക്ഷകള്‍ നിരസിക്കപ്പെടുകയും കരാര്‍ നിര്‍ബന്ധമാണെന്ന് നിരസിക്കുന്ന അപേക്ഷകളില്‍ അധികൃതര്‍ എഴുതി നല്‍കുകയും ചെയ്തു. ഫാമിലി വിസ സംബന്ധിച്ച് ആര്‍ ഒ പി പ്രസിദ്ധീകരിച്ച ലഘുലേഖയിലും കെട്ടിട വാടകക്കരാര്‍ വേണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇതിനിടെയാണ് നിയമം പുതിയതല്ലെന്നും നേരത്തെ തന്നെ നിലവിലുള്ളതാണെന്നും ആര്‍  ഒ പി വ്യക്തമാക്കിയിരിക്കുന്നത്. പത്രങ്ങളില്‍ വന്ന വ്യത്യസ്ത വാര്‍ത്തകള്‍ ആശയക്കുഴപ്പം തീര്‍ക്കുന്നതിനു വേണ്ടിയെന്ന മുഖവുരയോടെയാണ് ആര്‍ ഒ പിയുടെ വിശദീകരണം.