Connect with us

National

വിദേശ വനിതാ ടൂറിസ്റ്റുകളില്‍ വന്‍ കുറവ്

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന വനിതാ ടൂറിസ്റ്റുകളുടെ എണ്ണം വന്‍തോതില്‍ കുറയുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ മൂലമാണ് ഈ കുറവ് വന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വനിതാ ടൂറിസ്റ്റുകളുടെ എണ്ണം കഴിഞ്ഞ മൂന്ന് മാസങ്ങളിലായി 35 ശതമാനം കുറഞ്ഞതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്ക് പകരം മലേഷ്യ, തായ്‌ലാന്‍ഡ് പോലുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് ഇപ്പോള്‍ വനിതാ ടൂറിസ്റ്റുകള്‍ യാത്ര പോകുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ 23 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഇന്ത്യയിലാകെ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിന് ശേഷവും നിരവധി സമാന സംഭവങ്ങള്‍ രാജ്യതലസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലും നടന്നു. മധ്യപ്രദേശില്‍ സൈക്കിളില്‍ യാത്രചെയ്യുകയായിരുന്ന സ്വിസ് യുവതിയെയും മറ്റൊരു സംഭവത്തില്‍ ഉത്തര കൊറിയന്‍ വനിതാ ടൂറിസ്റ്റിനെയും ഈയടുത്ത് പീഡിപ്പിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ രാജ്യത്തേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് വിഘാതം സൃഷ്ടിച്ചുവെന്ന് സര്‍വേക്ക് നേതൃത്വം നല്‍കിയ ഡി എസ് റാവത്ത് വ്യക്തമാക്കി. വിവിധ നഗരങ്ങളിലെ 1,200 ഓളം ടൂറിസ്റ്റുകളെ അഭിമുഖം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്. കാനഡ, അമേരിക്ക, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി വനിതാ ടൂറിസ്റ്റുകള്‍ ഈ സംഭവങ്ങള്‍ക്ക് ശേഷം സന്ദര്‍ശനം റദ്ദ് ചെയ്തതായി അറിയിച്ചുവെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്കുള്ള സുരക്ഷയും ആഗോള സാമ്പത്തിക മാന്ദ്യവും പ്രതികൂലമായി ബാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക രംഗം ഇഴഞ്ഞുകൊണ്ടിരിക്കുന്നത് മുന്നില്‍ കണ്ട് സര്‍ക്കാര്‍ നടത്തുന്ന ടൂറിസം പ്രോത്സാഹന പരിപാടികള്‍ക്ക് ഇത് ക്ഷീണം ചെയ്യുമെന്നത് ഉറപ്പാണ്.

Latest