മിനി ബസുകള്‍ അപ്രത്യക്ഷമായി; സ്‌കൂള്‍ ബസുകളെ ബാധിക്കില്ല

Posted on: April 1, 2013 12:38 pm | Last updated: April 1, 2013 at 12:38 pm

മലപ്പുറം: നാലുചക്ര മിനിബസുകള്‍ റോഡില്‍ നിന്ന് അപ്രത്യക്ഷമായി. ഇന്നലെ വരെ മാത്രമേ ഇത്തരം വാഹനങ്ങള്‍ സര്‍വീസ് നടത്താവൂ എന്ന് ഹൈകോടതി ഉത്തരവാണ് ഇത്തരം വാഹനങ്ങള്‍ നിരത്ത് വിടേണ്ട അവസ്ഥയുണ്ടാക്കിയത്. ജില്ലയിലാണ് മിനി ബസുകള്‍ കൂടുതലായും സര്‍വീസ് നടത്തുന്നത്.

ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമീണ റൂട്ടുകളിലെ യാത്ര ദുരിതത്തിന് ഒരു പരിധിവരെ അറുതി വരുത്തിയിരുന്നത് ഇത്തരം മിനി ബസുകളായിരുന്നു. എന്നാല്‍ നാല് ചക്ര മിനിബസുകള്‍ അപകട പരമ്പര സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ആറ് ചക്ര ബസുകള്‍ക്ക് മാത്രം പെര്‍മിറ്റ് നല്‍കിയാല്‍ മതിയെന്ന് 2011ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതോടെ നൂറുകണക്കിന് വാഹനങ്ങള്‍ നിരത്തില്‍നിന്ന് അപ്രത്യക്ഷമായി. ഇപ്പോള്‍ ഇരുപതോളം മാത്രമാണ് ജില്ലയില്‍ സര്‍വീസ് നടത്തുന്നത്. സര്‍ക്കാര്‍ ഉത്തരവിനെതിരെ ബസുടമകളും തിരൂര്‍ സ്വദേശിയായ ബസ് ഉടമയും കോടതിയെ സമീപിച്ചിരുന്നു. ഇത് തീര്‍പ്പാക്കിയാണ് മാര്‍ച്ച് 31വരെ മാത്രം ഇത്തരം വാഹനങ്ങള്‍ സര്‍വീസ് നടത്താവൂ എന്ന് ഹൈകോടതി വിധിച്ചത്.
മറ്റ് വാഹനങ്ങളെ മറികടക്കുമ്പോള്‍ ഇത്തരം വാഹനങ്ങള്‍ക്ക് അപകടസാധ്യത കൂടുതലാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. ഉള്‍കൊള്ളാവുന്നതിലധികം ആളുകളെ കയറ്റുന്നതും മിനി ബസുകളെ അപകടങ്ങള്‍ക്ക് കാരണമാക്കിയിരുന്നു. മിക്ക മിനിബസുകളിലും ഡ്രൈവര്‍മാരായി ജോലി ചെയ്തിരുന്നത് പ്രായം കുറഞ്ഞ യുവാക്കളായിരുന്നു. ഇത്തരക്കാരുടെ അമിത വേഗവും അപകടങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. എന്നാല്‍ സ്‌കൂള്‍ ബസുകളായി ഉപയോഗിക്കുന്ന നാലുചക്ര മിനിബസുകള്‍ക്ക് ഉത്തരവ് ബാധകമാകില്ല.
പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഹരിത സെസ് ചുമത്തണമെന്ന സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ശിപാര്‍ശ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ജില്ലയിലെ സ്‌കൂള്‍ ബസുകളില്‍ ഭൂരിഭാഗവും മാറ്റേണ്ടി വരും. അന്യസംസ്ഥാനങ്ങളില്‍ നിന്നും പഴയ വണ്ടികള്‍ കേരളത്തിലെത്തിച്ച് ഇവിടെ രജിസ്റ്റര്‍ ചെയ്താണ് പല സ്‌കൂള്‍ വണ്ടികളും ഓടിക്കൊണ്ടിരിക്കുന്നത്. പത്തും പതിനഞ്ചും വര്‍ഷം പഴക്കമുള്ള വണ്ടികളാണ് സ്‌കൂള്‍ വണ്ടികളായി സംസ്ഥാനത്ത് ഓടിക്കൊണ്ടിരിക്കുന്നത്. ജില്ലയിലെ സ്വകാര്യ ലൈന്‍ ബസുകള്‍ പഴകിയാല്‍ അവയും നേരെ സ്‌കൂള്‍ ബസുകളായാണ് പുനരവതരിക്കുന്നത്.
ഹരിത സെസിന് പുറമെ സെക്കന്‍ഡ് ഹാന്റ് വാഹനങ്ങളുടെ വില്‍പന നടക്കുമ്പോള്‍ വില്‍പന നികുതിയുടെ അഞ്ച് ശതമാനം നികുതി ചുമത്തണമെന്ന നിര്‍ദേശം കൂടി വരുമ്പോള്‍ അത് ഇത്തരം സ്‌കൂള്‍ വാഹനങ്ങളെ കൂടുതലായി ബാധിക്കും.