കേരളയാത്രാ ഉപഹാരം: കുടിവെള്ള പദ്ധതി സമര്‍പ്പിച്ചു

Posted on: April 1, 2013 12:25 pm | Last updated: April 7, 2013 at 10:54 am

mail 4എടപ്പാള്‍: കാന്തപുരത്തിന്റെ കേരളയാത്ര ഉപഹാരമായി തവനൂരിലെ സര്‍ക്കാര്‍ വൃദ്ധസദനത്തിലേക്ക് പ്രഖ്യാപിച്ച കുടിവെള്ള പദ്ധതി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമര്‍പ്പിച്ചു.

കേരള യാത്രക്കിടെ വൃദ്ധസദനം സന്ദര്‍ശിക്കാനെത്തിയ കാന്തപുരം ഇവിടുത്തെ അന്തേവാസിയായ 88കാരനായ നാരായണന്‍ നായരുടെ കൈപിടിച്ച് അവരുടെ പ്രശ്‌നങ്ങള്‍ ആരാഞ്ഞു. അന്തേവാസികള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് കുടിവെള്ളത്തിനാണെന്ന് മനസ്സിലാക്കി. അങ്ങനെയാണ് കുടിവള്ള പദ്ധതി പ്രഖ്യാപിച്ചത്.
ജലം ജീവന് തുല്ല്യമാണെന്നും ജലമില്ലാതെ ജീവന് നിലനില്‍പ്പില്ലെന്നും ജീവനുള്ള സകലതിന്റെയും ജന്മാവകാശമാണ് ജലമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. കിണര്‍ കുഴിക്കന്നത് വരെ മാത്രമെ ഉടമസ്ഥന് അതില്‍ അവകാശമുള്ളു. ലഭിക്കുന്ന വെള്ളം മത ജാതി വ്യത്യാസമില്ലാതെ എല്ലാ ജീവ ജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും കാന്തപുരം പറഞ്ഞു. തവനുരിലെ സര്‍ക്കാര്‍ സാമൂഹ്യ ക്ഷേമ സമുച്ചയത്തില്‍ സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ശുദ്ധ ജല വിതരണ പദ്ധതിയുടെ സമര്‍പ്പണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാന്തപുരം.
ജല സംരക്ഷണവും ദാനവും ആരാധനയുടെ കൂടി ഭാഗമാണ്. ഈ ബോധം നമ്മുടെ രാജ്യത്തിന്റെ പൈതൃകവും മത സൗഹാര്‍ദവും ഊട്ടി ഉറപ്പിക്കുന്നതില്‍ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ ജല സ്രോതസ്സുകള്‍ സ്വകാര്യ വത്കരിക്കാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കം ജന ജീവിതം കൂടുതല്‍ ദുസ്സഹമാക്കും ഇതിനെതിരെ പൗര സമൂഹം ഉണരണമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
ജനബാഹുല്യം കൊണ്ട് മാത്രമല്ല കേരള യാത്ര ശ്രദ്ധേയമായതെന്നും സംസ്ഥാനത്തുടനീളം നടപ്പിലാക്കിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കൂടിയായിരുന്നുവെന്നും ഡോ. കെ ടി ജലീല്‍ പറഞ്ഞു. ശുദ്ധ ജല വിതരണ പദ്ധതിയുടെ സമര്‍പ്പണ പൊതുസമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പാവങ്ങളുടേയും സാധാരണക്കാരുടേയും പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളാണ് കാന്തപുരത്തിന്റേത്. ജനമനസ്സുകള്‍ ഇവ എന്നും ഓര്‍ക്കുമെന്നും ജലീല്‍ വ്യക്തമാക്കി. ജീവകാരുണ്യ- സാമൂഹ്യ-സേവന മണ്ഡലങ്ങളില്‍ കാന്തപുരവും അദ്ദേഹം നേതൃത്വം നല്‍കുന്ന സംഘടനകളും രാജ്യത്തിന് മാതൃകയാണെന്ന് പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 40 വര്‍ഷമായി കാന്തപുരവുമായുള്ള ബന്ധം സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ളപോരാട്ടത്തിന് തനിക്ക് വലിയ ഊര്‍ജമാണ് നല്‍കുന്നതെന്ന് മുന്‍ എം പി സി ഹരിദാസ് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ ബാലകൃഷ്ണന്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സി പി സൈതലവി മാസ്റ്റര്‍, ജില്ലാ പ്രസിഡന്റ്പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ജനറല്‍ സെക്രട്ടറി പി എം മുസ്തഫ മാസ്റ്റര്‍, പി ബാവ ഹാജി, പി ജ്യോതിഭാസ്, ബശീര്‍ പറവന്നൂര്‍ വി എം സി നമ്പൂതിരി, എം കെ ശാഹുല്‍ ഹമീദ്, കെ ബാലന്‍ മാസ്റ്റര്‍ പ്രസംഗിച്ചു. മുഹമ്മദ് പറവൂര്‍ സ്വാഗതവും വാരിയത്ത് മുഹമ്മദലി നന്ദിയും പറഞ്ഞു.