Connect with us

Thiruvananthapuram

ബസുകളുടെ അനധികൃത പാര്‍ക്കിംഗ് അപകടങ്ങള്‍ക്കിടയാക്കുന്നു

Published

|

Last Updated

പുനലൂര്‍: കെ എസ് ആര്‍ ടി സി ബസുകളുടെ അനധികൃത പാര്‍ക്കിംഗ് നഗരത്തില്‍ അപകടങ്ങള്‍ക്ക് കാരണമാവുന്നു. രാത്രി ഒമ്പതുകഴിഞ്ഞാല്‍ പുനലൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോക്ക് സമീപം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
രാത്രിയില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ പലതും സര്‍വീസ് അവസാനിപ്പിച്ച് പാര്‍ക്ക് ചെയ്യുന്നത് ഡിപ്പോക്ക് സമീപമുള്ള റോഡിലാണ്. അനധികൃതമായുള്ള ഇത്തരം പാര്‍ക്കിംഗ് അപകടങ്ങള്‍ക്കിടവരുത്തുന്നു. ഗതാഗതക്കുരുക്ക് മൂലം രാത്രിയിലും വാഹനങ്ങള്‍ക്ക് രക്ഷയില്ല. ആശുപത്രി കേസുകളും മറ്റുമായി ബന്ധപ്പെട്ട് എത്തുന്നവരാണ് ഗതാഗതക്കുരുക്കില്‍ ഏറെ ബുദ്ധിമുട്ടുന്നത്. കഴിഞ്ഞദിവസം പുനലൂരിലെ ഒരു ജനപ്രതിനിധി മകളെയും കൊണ്ട് കാറില്‍ ആശുപത്രിയിലേക്ക് പോകുന്നവഴി ഏറെനേരം പ്രയാസപ്പെടേണ്ടി വന്നു. ബസുകളുടെ പാര്‍ക്കിംഗ് വാഹനത്തിന് തടസമുണ്ടാക്കി. ബസ് മാറ്റിത്തരണമെന്ന് ജനപ്രതിനിധി ആവശ്യപ്പെട്ടെങ്കിലും ഡിപ്പോയിലെ ഒരു ഡ്രൈവറും അതിന് തയാറായില്ല. മാത്രമല്ല അദ്ദേഹത്തോട് തട്ടികയറുകയാണ് ചെയ്തത്. ഏറെനേരത്തിനുശേഷമാണ് അദ്ദേഹത്തിന് മകളെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് കെ എസ് ആര്‍ ടി സി ബസുകള്‍ റോഡിനിരുവശവും പാര്‍ക്ക് ചെയ്യുന്നത്. ഡിപ്പോയില്‍ മുഴുവന്‍ വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമില്ല.ഇതുമൂലമാണ് റോഡിന്റെ വശങ്ങളില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത്. മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന തരത്തില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

 

Latest