Connect with us

Editorial

തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കര്‍ണാടക

Published

|

Last Updated

കര്‍ണാടകയില്‍ യുദ്ധകാഹളം മുഴങ്ങിക്കഴിഞ്ഞു. മെയ് അഞ്ചിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 225 അംഗസഭയിലെ 224 പേരേയും തിരഞ്ഞെടുക്കും. ഒരാളെ നാമനിര്‍ദേശം ചെയ്യുകയാണ് പതിവ്. “ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ” സംസ്ഥാനമാണ് കര്‍ണാടക. മുഖ്യമന്ത്രി യഡിയൂരപ്പയുടെ സംഘാടകവൈഭവവും സാമുദായിക സമവാക്യങ്ങളുടെ ചേരുംപടി ചേര്‍ക്കലുമെല്ലാമായിരുന്നു കോണ്‍ഗ്രസിനേയും ജനതാദള്‍- എസിനേയും പിന്തള്ളി ബി ജെ പിയെ ഭരണത്തിലേക്കുയര്‍ത്തിയത്. അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ മൂന്ന് മുഖ്യമന്ത്രിമാരെ കണ്ട കര്‍ണാടക നാളിതു വരെ കണ്ടിട്ടില്ലാത്ത അസ്ഥിര ഭരണത്തിലായിരുന്നു. അഴിമതി സര്‍വവ്യാപകമായി, സ്വജനപക്ഷപാതവും ക്രമരഹിത നടപടികളും രണ്ട് വര്‍ഷം കൊണ്ടുതന്നെ ബി ജെ പിയെ ദുഷിപ്പിച്ചു. ഏറ്റവും ഒടുവില്‍ ബി ജെ പി എം എല്‍ എയായ രഘുപതി ഭട്ടിനെതിരെ ലൈംഗിക ആരോപണവും പുറത്തുവന്നു. ധാര്‍മിക മൂല്യങ്ങളുടെ സംരക്ഷകര്‍ ചമഞ്ഞ് സദാചാരത്തെകുറിച്ച് വാതോരാതെ സംസാരിക്കുന്നവരുടെ മുഖംമൂടി അഴിഞ്ഞു വീണിരിക്കുന്നു എന്നാണ് ഈ സംഭവത്തെക്കുറിച്ച് പൊതു വിലയിരുത്തല്‍. ഭട്ട് ആരോപണം നിഷേധിക്കുകയും അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
സ്ഥാനാര്‍ഥിനിര്‍ണയത്തിന്റെ തിരക്കിലാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം. ഭരണകക്ഷിക്കെതിരെയും പ്രതിപക്ഷത്തുള്ളവര്‍ക്കെതിരെയും അഴിമതി ആരോപണങ്ങള്‍ക്ക് പഞ്ഞമില്ല എന്ന അവസ്ഥയുള്ളതിനാല്‍ സ്ഥാനാര്‍ഥി നിര്‍ണയം എല്ലാവര്‍ക്കും കീറാമുട്ടിയാണ്. സാമുദായിക സമവാക്യങ്ങളും ഏറെ പ്രധാനപ്പെട്ട ഘടകമാണ്.
ഈയിടെ നടന്ന തദ്ദേശ സമിതി തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തിരിച്ചടി നേരിട്ടുവെങ്കില്‍ നേട്ടമുണ്ടാക്കിയത് കോണ്‍ഗ്രസാണ്. ജനതാദള്‍- എസിന്റെ പ്രകടനവും മോശമല്ല. കര്‍ണാടകയെ കാവി പുതപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പ്രഥമ ബി ജെ പി മുഖ്യമന്ത്രി യഡിയൂരപ്പ ബി ജെ പിയോട് വിടപറഞ്ഞ് “വഞ്ചനക്ക് പകരം വീട്ടാന്‍” ഇറങ്ങിത്തിരിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിക്ക് പ്രധാന കാരണം. യഡിയൂരപ്പയുടെ കര്‍ണാടക ജനതാ പാര്‍ട്ടിക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനായില്ലെങ്കിലും സ്വന്തം മൂക്ക് മുറിച്ച് ബി ജെ പിയുടെ ശകുനം മുടക്കിയാകാന്‍ കഴിഞ്ഞുവെന്നത് ലാഭം. നിയമസഭാ തിരഞ്ഞെടുപ്പിലും കെ ജെ പിയെ സംബന്ധിച്ച് സ്ഥിതി വ്യത്യസ്തമാകാനിടയില്ല. കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് പ്രവചിക്കുന്നവരാണ് രാഷ്ട്രീയ നിരീക്ഷകരില്‍ ഏറെയും. ബി ജെ പിയും കെ ജെ പിയും തമ്മിലുള്ള മത്സരം കോണ്‍ഗ്രസിനെ പോലെ ജനതാദള്‍, എസിനും പ്രതീക്ഷ നല്‍കുന്നുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ ഉടലെടുത്ത ചേരിപ്പോര് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ വല്ലാതെ അലട്ടുന്നുണ്ട്. പാര്‍ട്ടി ഭരണത്തിലെത്തിയേക്കാമെന്ന തോന്നല്‍ കാരണം, സ്വന്തക്കാര്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നേടിയെടുക്കാനുള്ള തത്രപ്പാടിലാണ് മുഖ്യമന്ത്രിപദം സ്വപ്‌നം കാണുന്ന കെ പി സി സി പ്രസിഡന്റ് ജി പരമേശ്വറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും. സ്ഥാനാര്‍ഥിത്വ പ്രശ്‌നത്തില്‍ ഇടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് റിസ്വാന്‍ അര്‍ശദ് രാജി സമര്‍പ്പിക്കുന്നിടത്ത് എത്തിയിരിക്കുന്നു സ്ഥിതിഗതികള്‍. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെ ഗൗഡയും മകനും മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമിയും നയിക്കുന്ന ജനതാദള്‍- എസിലും സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടി പ്രശ്‌നമാണ്. എല്ലാ കക്ഷികളും തന്ത്രപരമായ നീക്കങ്ങള്‍ നടത്തുന്നുണ്ട്. പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിനടക്കം കോണ്‍ഗ്രസ് ഒരു ഏകോപനസമിതി രൂപവത്കരിച്ചത് ഇതിന്റെ ഭാഗമായാണ്. എച്ച് ഡി ദേവെ ഗൗഡയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന മുന്‍ കേന്ദ്രമന്ത്രി സി എം ഇബ്‌റാഹീമിനെ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനുള്ള കമ്മിറ്റി അധ്യക്ഷനാക്കിയതും കോണ്‍ഗ്രസിന്റെ തന്ത്രം തന്നെ.
തദ്ദേശ ഭരണസമിതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍കൈ ലഭിച്ചിട്ടുണ്ടെങ്കിലും ആ അനുകൂല പ്രവണത നിലനിര്‍ത്താന്‍ ജനവിശ്വാസമാര്‍ജിച്ച നേതാക്കള്‍ ഇപ്പോള്‍ കോണ്‍ഗ്രസിലില്ല. ഉള്ളവര്‍ തമ്മില്‍ തല്ലിലാണ്. ബി ജെ പിയെ തകര്‍ക്കലാണ് മുഖ്യലക്ഷ്യമെന്ന ബി എസ് യഡിയൂരപ്പയുടെ പ്രഖ്യാപനം കോണ്‍ഗ്രസിനെ പോലെതന്നെ ജനതാദള്‍ -എസിനും പ്രതീക്ഷ നല്‍കുന്നുണ്ട്. അതിനിടയില്‍ പത്രികാ സമര്‍പ്പണം പൂര്‍ത്തിയാകുന്നതിനിടയിലുള്ള ആഴ്ചകള്‍ നിര്‍ണായകമാണ്. ആരെല്ലാം ആരുടെയെല്ലാം സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിക്കുമെന്ന് പ്രവചിക്കാനാകില്ല. എം എല്‍ എമാരും മന്ത്രിമാരും രാജിക്ക് തയ്യാറായി നില്‍ക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഷെട്ടര്‍ മന്ത്രിസഭ എത്രനാള്‍ നിലനില്‍ക്കുമെന്ന്കണ്ടറിയണം. പ്രസിഡന്റ് ഭരണത്തിന്‍ കീഴിലാകുമോ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പെന്നും പറയാനാകില്ല.

തിരിച്ചുവരുന്നവര്‍ക്ക് മുന്നില്‍
കൈ മലര്‍ത്തരുത്

മലയാളിയുടെ അടുപ്പില്‍ എണ്ണപ്പാടം പകര്‍ന്ന അഗ്നി അണയുകയാണോ? ഗള്‍ഫിന്റെ പത്രാസില്‍ ഉടുത്തൊരുങ്ങി മാനം മുട്ടെ അഭിമാനവുമായി നടന്നവര്‍, മുന്നില്‍ വന്നുപെട്ട ഗര്‍ത്തത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണോ? അറബിപ്പൊന്നില്‍ ഊതിവിര്‍പ്പിച്ച ബലൂണെന്ന് അമര്‍ത്യാ സെന്‍ പോലും വിശേഷിപ്പിച്ച കേരളത്തിന്റെ സമ്പദ്ഘടന പൊട്ടിത്തെറിയുടെ വക്കിലാണോ? പോയ വാരം മലയാള വാര്‍ത്താ മാധ്യമങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ശരാശരി മലയാളിയുടെ മനസ്സില്‍ അറിയാതെ കടന്നുവരുന്ന ചോദ്യങ്ങളാണിവ.
ലോഞ്ചും ഉരുവും കയറി ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ കടല്‍ കടന്നവരാണ് മുന്‍ പ്രവാസികള്‍. അവര്‍ രൂപപ്പെടുത്തിയത് വലിയൊരു സാമൂഹിക മാറ്റമായിരുന്നു. ഒരു വലിയ സംസ്‌കാരമായിരുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പട്ടിണി മാറ്റിയെന്ന് മാത്രമല്ല, നമ്മുടെ ഭരണകൂടത്തിന് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത സാമൂഹിവികസന മുന്നേറ്റത്തിന്റെ ചാലകശക്തിയാകാന്‍ ഗള്‍ഫ് മരുഭൂമികളില്‍ വീണ വിയര്‍പ്പുതുള്ളികള്‍ക്ക് കഴിഞ്ഞു.
മുന്‍ഗാമികളുടെ പാതയിലൂടെ തന്നെ അവരുടെ പിന്‍മുറക്കാരും സഞ്ചരിച്ചതോടെ ഗള്‍ഫ് നാടുകളിലെല്ലാം കേരളത്തിലെ കൊച്ചുകൊച്ചു ഗ്രാമങ്ങള്‍ രൂപപ്പെട്ടു. ഒരു വിപ്ലവമായി അത് മാറിക്കൊണ്ടിരുന്നു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയും ഇതിനൊപ്പം അതിവേഗം വളര്‍ന്നു. എന്നാല്‍ ഗള്‍ഫ് നാടുകളില്‍ നിന്ന് ഇന്ന് കേള്‍ക്കുന്നത് കണ്ണീര്‍ കഥകളാണ്.
സഊദിയിലെയും കുവൈത്തിലെയും ഒമാനിലെയും ബഹ്‌റൈനിലെയും സ്വദേശിവത്കരണം പ്രവാസികളുടെ നെഞ്ചില്‍ ആണിയടിക്കുകയാണ്. മുല്ലപ്പൂ വിപ്ലവത്തിന്റെ അലയൊലികള്‍ അറബ് രാഷ്ട്രങ്ങളെയും ലക്ഷ്യമിടുമെന്ന തോന്നല്‍ വന്നതോടെ സ്വന്തം ജനതയെ പിടിച്ചുനിര്‍ത്തേണ്ടത് അവിടുത്തെ ഭരണാധികാരികളുടെ അനിവാര്യതയായിരിക്കുന്നു. നിയമം നടപ്പാക്കുന്നതില്‍ കാര്‍ക്കശ്യം കൂടുന്നതും ഇതു കൊണ്ടു തന്നെ.
ഫ്രീ വിസയിലും സ്‌പോണ്‍സര്‍ മാറിയും തൊഴിലെടുക്കുന്ന ലക്ഷങ്ങള്‍ കണ്ണീരുമായി കഴിയുന്നു. ആശങ്കപ്പെടേണ്ടെന്ന് സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ ആവര്‍ത്തിച്ച് ആണയിടുമ്പോഴും പ്രതിസന്ധിയുണ്ടെന്ന കാര്യം അവരും സമ്മതിക്കുന്നു. മാധ്യമങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ആവര്‍ത്തിക്കുന്ന ഭരണകൂടം ഇങ്ങനെയൊരു വാര്‍ത്ത വരും വരെ കൈയും കെട്ടി ഇരുന്നുവെന്നതാണ് യാഥാര്‍ഥ്യം.
കണ്ണഞ്ചിപ്പിക്കുന്ന എണ്ണപ്പണത്തിലായിരുന്നു എല്ലാവരുടെയും കണ്ണ്. അവര്‍ അനുഭവിക്കുന്ന വേദനയും യാതനയും പറഞ്ഞും കരഞ്ഞും തീര്‍ത്തു. പരിഹാരം ആരുമുണ്ടാക്കിയില്ല. നാമമാത്ര പെന്‍ഷനിലും ചികിത്സാ സഹായത്തിലും പ്രവാസിക്ഷേമനിധി ബോര്‍ഡ് രൂപവത്കരിച്ചും ഭരണകൂടങ്ങള്‍ സായൂജ്യം കണ്ടെത്തി.
എടുത്താല്‍ പൊങ്ങാത്ത കടബാധ്യതയുമായി കഴിയുന്ന കേരളത്തിന്റെ സമ്പദ്ഘടനയെ ഇന്നുവരെ പിടിച്ചു നിര്‍ത്തിയവരോട് നമ്മുടെ ഭരണകൂടം നീതി ചെയ്‌തോയെന്നു ചോദ്യത്തിന് നെഞ്ചില്‍ കൈവെച്ച് എത്ര പേര്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയും. ഇടതും വലതും ഇതില്‍ കൂട്ടുപ്രതികളാണ്.
ഉത്പാദന രംഗത്ത് കാര്യമയൊന്നും അവകാശപ്പെടാനില്ലാത്ത കേരളത്തെ പിടിച്ചു നിര്‍ത്തിയവരോട് തിരിച്ചാരും കരുണ കാണിച്ചില്ല. നിയമസഭയില്‍ വെച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് മാത്രം മതി പ്രവാസികള്‍ കേരളത്തിന്റെ സമ്പദ്ഘടനയെ എത്ര മാത്രം പിടിച്ചു നിര്‍ത്തുന്നുവെന്ന് മനസ്സിലാക്കാന്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 55,000 കോടി രൂപ പ്രവാസിമലയാളികള്‍ കേരളത്തിലേക്ക് അയച്ചെന്നാണ് കണക്ക്. കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ 1.8 ശതമാനം കൂടുതലാണിത്. സംസ്ഥാനത്തിന് ലഭിക്കുന്ന കേന്ദ്ര വിഹിതത്തിന്റെ 5.5 മടങ്ങും സംസ്ഥാനത്തെ പദ്ധതിയേതര ചെലവിന്റെ 2.3 മടങ്ങുമാണിത്. സംസ്ഥാനത്തെ ബേങ്കുകളിലുള്ള പ്രവാസി നിക്ഷേപം ഉപയോഗിച്ചാല്‍ മാത്രം കേരളത്തിന്റെ കടബാധ്യതയുടെ 60 ശതമാനവും നികത്താമെന്നാണ് കണക്കുകള്‍. ബേങ്കേഴ്‌സ് സമിതി കഴിഞ്ഞ വാരം പുറത്ത് വിട്ട കണക്കുകള്‍ അനുസരിച്ച് 62,708 കോടി രൂപയാണ് പ്രവാസി നിക്ഷേപം. 2012 മാര്‍ച്ചിനു ശേഷം 14,254 കോടി രൂപയുടെ വര്‍ധനവാണുണ്ടായത്.
സംസ്ഥാനത്തെ ആകെ ജനസംഖ്യ 3.371 കോടിയാണ്. ആകെ പ്രവാസി നിക്ഷേപം 62,708 കോടി രൂപയും. ദേശീയ ശരാശരിയുടെ 31 ശതമാനം വരുമിത്. കേരളത്തിന്റെ സമ്പദ് ഘടന നിയന്ത്രിക്കുന്നതില്‍ പ്രവാസി മലയാളികള്‍ ചെലുത്തുന്ന സ്വാധീനം ഇതില്‍ തന്നെ വ്യക്തം.
സംസ്ഥാന ജനസംഖ്യയുടെ 20 ശതമാനത്തോളം പേര്‍ നേരിട്ടും അതിന്റെ പതിന്മടങ്ങ് പരോക്ഷമായും പ്രവാസികളെ ആശ്രയിച്ച് കഴിയുന്നവരാണ്. അതുകൊണ്ടു തന്നെയാണ് സ്വദേശിവത്കരണ വാര്‍ത്തകളെ ആശങ്കയോടെ ഉറ്റുനോക്കുന്നതും.ഈ കണക്കുകളിലൂടെ കണ്ണോടിക്കുന്നവര്‍ക്ക് പ്രവാസികളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതിരിക്കാനാകില്ല. ആശങ്കപ്പെടേണ്ടെന്ന് ആവര്‍ത്തിക്കുന്നതിനൊപ്പം പരിഹാര മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ട്. ഗള്‍ഫ് ജോലി തേടാനുള്ള പോര്‍ട്ടലിനൊപ്പം മടങ്ങി വരുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ സമഗ്രമായ പാക്കേജ് വേണം. ചികിത്സാ സഹായവും വിവാഹ ധനസഹായവും നല്‍കിയതു കൊണ്ട് ഇന്നലെ വരെ നമ്മെ ഊട്ടി ഉറക്കിയവരുടെ വിശപ്പ് അടങ്ങില്ല. അവര്‍ക്ക് വേണ്ടത് ജീവിക്കാനുള്ള സാഹചര്യമാണ്. ഈ അവസരം അതിനുവേണ്ടി ഉപയോഗിച്ചില്ലെങ്കില്‍ ഭരിക്കുന്നവര്‍ നാളെ അതിന് കണക്ക് പറയേണ്ടി വരും.

മനുഷ്യര്‍ സോഷ്യല്‍ മീഡിയയുടെ
കുരുക്കിലാകുന്ന കാലം
മനുഷ്യന്റെ പ്രതികരണശേഷിയും അസ്ഥിത്വവും ഇല്ലാതാക്കിക്കൊണ്ടാണ് സോഷ്യല്‍ മീഡിയകളുടെ അതിപ്രസരം. സമൂഹത്തിന് ഇതിന്റെ ദൂഷ്യഫലങ്ങള്‍ക്കെതിരെ കരുതലുണ്ടാകേണ്ടതുണ്ട്. സ്മാര്‍ട്ട് ഫോണുകളും ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും വ്യാപകമാകുകയും ഇന്റര്‍നെറ്റ് പാക്കേജുള്‍ സൗജന്യ നിരക്കില്‍ ലഭിക്കുകയും ചെയ്യുമ്പോള്‍ സമൂഹത്തിന്റെ, പ്രത്യേകിച്ച് യുവാക്കളുടെ വലിയൊരു സമയം ഇന്ന് സോഷ്യല്‍ മീഡിയാ പേജുകളില്‍ ചെലവഴിക്കപ്പെടുന്നു.
സോഷ്യല്‍ മീഡിയകള്‍ സൃഷ്ടിക്കുന്ന വിവരവിപ്ലവവും ഗുണവശങ്ങളും നിഷേധിക്കാനാകില്ല. എന്നാല്‍ അവയെ ഭൂരിഭാഗം പേരും ഉപയോഗപ്പെടുത്തുന്നത് ക്രിയാത്മകമായല്ല എന്നു മാത്രമല്ല, മണിക്കൂറുകള്‍ നശിപ്പിക്കുന്നതില്‍ പ്രധാന പങ്ക് അവക്കുണ്ട് താനും. പഴയ കാലങ്ങളില്‍ ആളുകള്‍ക്ക് കൂടുതല്‍ കാര്യങ്ങളില്‍ സമയം ചെലവഴിക്കേണ്ടതില്ലായിരുന്നു. അതിനാല്‍ സമയം കുറവാണ് എന്ന പരാതിയുമുണ്ടായില്ല. എന്നാല്‍ ഇന്ന് ജോലികളും ചുറ്റുപാടുകളും വര്‍ധിക്കുകയും സമയം കുറവാണ് എന്ന് വിലപിക്കുകയും ചെയ്യുന്ന കാലത്ത് പോലും ഇത്തരം സമയം കൊല്ലികളില്‍ രമിക്കുന്നതിന് ധാരാളം സമയം ചെലവഴിക്കപ്പെടന്നു എന്ന വിരോധാഭാസമാണ് പ്രകടമാകുന്നത്.
കുടുതല്‍ സമയം തൊഴിലിനും നിയന്ത്രിത സമയം വിനോദത്തിനും ചെലവഴിച്ചിരുന്ന രീതി മാറി ഇന്ന് കുറച്ച് സമയത്തെ തൊഴിലിനിടയിലും ധാരാളം സമയം ഇത്തരം വെബ്‌സൈറ്റുകളുടെയോ ആപ്ലിക്കേഷനുകളുടെയോ പിറകേ പോകുന്നിടത്തെത്തിയിരിക്കുന്നു. ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയും ആശയവിനിമയ സൗകര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യുന്ന ഗൂഗിള്‍ ടോക്, ഫേസ്ബുക്ക്, വാട്‌സ് അപ്, ട്വിറ്റര്‍ എന്നിങ്ങനെ തുടങ്ങുന്നു സമയം കൊല്ലികളുടെ നിര. ഇവക്ക് പുറമെ യാഹൂ മെസ്സന്‍ജര്‍, ബൈലക്‌സ് തുടങ്ങിയ ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് സഹായിക്കുന്നവയും ധാരാളം. പല ചാറ്റ് മുറികളും ക്രിയാത്മകമായി ഉപയോഗപ്പെടുത്തപ്പെടുന്നു.
എന്നാല്‍ ദുരുപയോഗവും നിഷ്‌ക്രിയമായ സമയം കൊല്ലലുമാണ് വ്യാപകം. സമയബോധമില്ലാതെ ഉപയോഗിക്കുന്നതിലൂടെ നമുക്ക് നഷ്ടമാകുന്നത് നിര്‍മാണാത്മകമായി ഉപയോഗിക്കേണ്ട സമയവും മനസ്സുമാണ്. ഇതില്‍ നിന്നും മനുഷ്യനെ പിന്തിരിപ്പിക്കുന്നതില്‍ സോഷ്യല്‍ മീഡിയകളുടെ പങ്ക് വലുതാണ്. ഇന്ന് സോഷ്യല്‍ മീഡിയകളുടെ ഉപയോഗം വ്യാപകമായിക്കൊണ്ടിരിക്കുന്നത് പ്രവാസികള്‍ക്കിടയിലാണ്. ജോലി സമയങ്ങളില്‍ പോലും കമന്റും ലൈക്കും ചാറ്റുമായി സമയങ്ങള്‍ നഷ്ടപ്പെടുന്നു. ഇത് കുറച്ച് കാലങ്ങള്‍ കഴിഞ്ഞാല്‍ വലിയ തൊഴില്‍ പ്രതിസന്ധികള്‍ക്ക് കാരണമാകും. ജോലിയില്‍ ശ്രദ്ധ കുറയുകയും സോഷ്യല്‍ മീഡിയാ വിനോദത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതോടെ തൊഴിലില്‍ നിഷ്‌ക്രിയത്വം ശീലമാകും. ഇത് വ്യക്തിപരമായ വലിയ നഷ്ടങ്ങളാകും ഭാവിയില്‍ സൃഷ്ടിക്കുക. സോഷ്യല്‍ മീഡിയകളുടെ ഉപയോഗത്തിന് അടിമകളായവര്‍ ഇതിന്റെ സുഗമമായ ഉപയോഗത്തിനായി വിലകൂടിയ മൊബൈലുകളും ടാബ്‌ലറ്റുകളും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിന് ശമ്പളത്തിന്റെ വലിയ ഒരു ഭാഗം ചെലവഴിക്കുന്നു. ഇന്റര്‍നെറ്റ് സേവനത്തിനായി സിം കമ്പനികള്‍ക്ക് നല്‍കേണ്ടി വരുന്നതും ശമ്പളത്തിന്റെ വലിയ ഒരു ഭാഗം തന്നെയാണ്.
എന്നാല്‍ ഇതിനെതിരെ പ്രവാസികള്‍ ഉണര്‍ന്നില്ലെങ്കില്‍ വലിയ രൂപത്തില്‍ വരും കാലങ്ങളില്‍ പ്രതിസന്ധികള്‍ അത് സൃഷ്ടിക്കും.

 

---- facebook comment plugin here -----

Latest