വിമാന കമ്പനികളുടെ പകല്‍ക്കൊള്ള; ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി

Posted on: April 1, 2013 6:21 am | Last updated: April 2, 2013 at 12:30 am

Air-India-Expressതിരുവനന്തപുരം: സഊദിയില്‍ നിന്ന് പ്രവാസികളുടെ കൂട്ടത്തോടെയുള്ള മടക്കവും അവധിക്കാലവും മുന്‍കൂട്ടിക്കണ്ട് വിമാനക്കമ്പനികള്‍ മടക്ക ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വരെ ഉയര്‍ത്തി. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള നിരക്കുകള്‍ കൂട്ടിയതിനു പുറമെയാണ് ഗള്‍ഫില്‍ നിന്നുള്ള മടക്കടിക്കറ്റുകള്‍ക്കും നിരക്ക് കൂട്ടിയിരിക്കുന്നത്.

സഊദിയില്‍ നിന്നെത്തിയ യാത്രക്കാരന് 2100 റിയാലിനാണ് (ഏകദേശം 29,500 രൂപ) മടക്ക ടിക്കറ്റടക്കം എയര്‍ ഇന്ത്യ നല്‍കിയത്. എന്നാല്‍, ഇപ്പോള്‍ 3100 റിയാലായാണ് വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ചിരിക്കുന്നത്. മടക്കയാത്രയടക്കമുള്ള ടിക്കറ്റിന് 14,000 ത്തിലധികം രൂപയാണ് ഓരോരുത്തര്‍ക്കും അധികം നല്‍കേണ്ടിവരിക. ഒരു ഭാഗത്തേക്കുമാത്രം 1600 റിയാലിന് (22,400 രൂപ) ടിക്കറ്റ് ലഭിച്ചിരുന്നത് ഇപ്പോള്‍ 2300 റിയാല്‍ (32,200 രൂപ) വരെയായാണ് ഉയര്‍ത്തിയിരിക്കുന്നത്. പ്രവാസികളുടെ മടക്കം മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള ഈ നീക്കം പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.

എയര്‍ ഇന്ത്യയുടെ ചുവട് പിടിച്ച് സഊദി എയര്‍ലൈന്‍സും ടിക്കറ്റ് നിരക്കുകള്‍ കൂട്ടാന്‍ തയ്യാറെടുക്കുകയാണ്. 25 ശതമാനം വരെ വര്‍ധനയാണ് ഇവര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതോടെ ഗള്‍ഫില്‍ നിന്ന് എല്ലാം നഷ്ടപ്പെട്ട് മടങ്ങുന്നവരെ വീണ്ടും കൊള്ളയടിക്കുകയാണ് എയര്‍ ഇന്ത്യയുള്‍പ്പെടെയുള്ള വിമാന കമ്പനികള്‍. അടിയന്തര ടിക്കറ്റുകള്‍ക്ക് ഇതിന്റെ അമ്പത് ശതമാനം വരെ ഉയര്‍ന്ന തുക നല്‍കേണ്ടിയും വരും. ആയിരക്കണക്കിന് പ്രവാസികളുടെ മടക്കയാത്രയാകും ഇതുവഴി കഷ്ടത്തിലാകുക. ഇത്രയും ഉയര്‍ന്ന തുക വിമാന ടിക്കറ്റിനായി കണ്ടെത്താന്‍ പ്രവാസികള്‍ക്ക് ബുദ്ധിമുട്ടാകും. ടിക്കറ്റ് നിരക്ക് കൂത്തനെ കൂട്ടിയത് കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അവധിക്കെത്തിയവര്‍ക്ക് തിരിച്ചു പോകാന്‍ വന്‍ വില നല്‍കിയിട്ടും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ്.

കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ നിരക്ക് ഈടാക്കുന്നത് എമിറേറ്റ്‌സ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികളാണ്. കഴിഞ്ഞ മാസം ആദ്യ വാരത്തില്‍ തിരുവനന്തപുരത്ത് നിന്ന് ദുബൈയിലേക്ക് മടക്ക ടിക്കറ്റ് ഉള്‍പ്പെടെ 18,000 രൂപ ഈടാക്കിയിരുന്ന വിമാന കമ്പനികള്‍ ഇപ്പോള്‍ മടക്ക ടിക്കറ്റ് ഉള്‍പ്പെടെ 36,000 രൂപ വരെ ഈടാക്കുന്നുണ്ട്. ഇത്ര തുക നല്‍കിയാല്‍ പോലും ഏപ്രില്‍ 15 വരെ ടിക്കറ്റ് ലഭിക്കാനില്ലാത്ത അവസ്ഥയാണ്. എയര്‍ ഇന്ത്യ ഈ മാസം ഏഴിന് മടക്കമുള്‍പ്പെടെ 28,000 രൂപയും മടക്കമില്ലാതെ ദമാമിലേക്കും അബൂദബിയിലേക്കും മസ്‌കത്തിലേക്കും യഥാക്രമം 12840, 14830, 13450 രൂപയുമാണ് ഈടാക്കുന്നത്.
മെയ് ഒന്നിന് ഇതേ റൂട്ടില്‍ ടിക്കറ്റ് നിരക്കായി 7800 രൂപ മാത്രമേ ഇടാക്കിയിരുന്നുള്ളൂ. അതേസമയം, വിമാന കമ്പനികളുടെ പകല്‍ക്കൊള്ളക്കെതിരെ സര്‍ക്കാറുകള്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

 

ALSO READ  ചൂട് കൂടുതലെന്ന്; വിമാനത്തിന്റെ ചിറകിലേക്കിറങ്ങി യുവതി