ആയിരത്തിലേറെ ഉത്പന്നങ്ങള്‍ക്ക് ഇന്ന് മുതല്‍ വില കൂടും

Posted on: April 1, 2013 6:00 am | Last updated: April 2, 2013 at 10:14 pm

indian moneyതിരുവനന്തപുരം: മൂല്യവര്‍ധിത നികുതി വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് ആയിരത്തിലേറെ ഉത്പന്നങ്ങള്‍ക്ക് ഇന്ന് മുതല്‍ വില കൂടും. നിര്‍മാണ സാമഗ്രികള്‍ മുതല്‍ ഭക്ഷ്യവസ്തുക്കള്‍ വരെ ഇക്കൂട്ടത്തില്‍പ്പെടും. വാറ്റ് 13.5 ശതമാനത്തില്‍ നിന്ന് 14.5 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതുവഴി 650 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഫലത്തില്‍ ഇത്രയും തുകയുടെ ബാധ്യത ഉപഭോക്താക്കള്‍ക്ക് മേല്‍ വരുമെന്ന് ചുരുക്കം. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങളിലെല്ലാം വാറ്റ് 14.5 ശതമാനമായതിനാലാണ് കേരളത്തിലും നിരക്ക് ഉയര്‍ത്തുന്നതെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. സാധാരണക്കാരെ ഇത് ബാധിക്കില്ലെന്നാണ് മന്ത്രി പറയുന്നതെങ്കിലും വില കൂടുന്ന വസ്തുക്കളില്‍ തൊണ്ണൂറ് ശതമാനവും നിത്യജീവിതത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നവയാണ്.

103 വിഭാഗങ്ങളിലായി ആയിരത്തിലേറെ ഉത്പന്നങ്ങളാണ് സംസ്ഥാനത്ത് മൂല്യവര്‍ധിത നികുതിയുടെ പരിധിയില്‍ വരുന്നത്. ഇലക്ട്രിക്കല്‍സ്, ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍, വാഹനങ്ങള്‍ എന്നിവക്കെല്ലാം വില കൂടും. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും വാറ്റ് ഒരു ശതമാനം ഉയര്‍ത്തിയപ്പോള്‍ വിപണിയില്‍ വന്‍വില വര്‍ധനവുണ്ടാക്കിയിരുന്നു.

ബേക്കറി ഉത്പന്നങ്ങള്‍, ബിസ്‌കറ്റുകള്‍, കേക്കുകള്‍, ചോക്‌ലേറ്റ്, ഐസ്‌ക്രീം തുടങ്ങിയ ഭക്ഷ്യപാദാര്‍ഥങ്ങള്‍, പാല്‍ ഉത്പന്നങ്ങള്‍, നെയ്യ് എന്നിവയെല്ലാം വാറ്റിന്റെ പരിധിയില്‍ വരുന്നതാണ്. സിമന്റ്, കമ്പി, ഉരുക്ക്, സാനിറ്ററി ഉത്പന്നങ്ങള്‍, മാര്‍ബിള്‍, ടൈല്‍സ്, പി വി സി പൈപ്പുകള്‍ തുടങ്ങി നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട എല്ലാ ഉത്പന്നങ്ങളും നികുതിവര്‍ധനവിന്റെ പരിധിയില്‍ വരും. മണല്‍ക്ഷാമവും കല്ല്, മെറ്റല്‍ തുടങ്ങിയവയുടെ ദൗര്‍ലഭ്യവും മൂലം നിര്‍മാണ മേഖല ഇപ്പോള്‍ തന്നെ പ്രതിസന്ധി നേരിടുകയാണ്. ഇതിന് പുറമെ, മറ്റു വസ്തുക്കള്‍ക്ക് കൂടി വില വര്‍ധിക്കുന്നത് ഇരുട്ടടിയാകും. അസ്‌ബെറ്റോസ് ഷീറ്റുകള്‍, വാതില്‍, ജനല്‍, വെന്റിലേറ്റര്‍, പെയ്ന്റ്, പോളിഷ്, ഫര്‍ണിച്ചറുകള്‍, കര്‍ട്ടണ്‍, ബെഡ് ഷീറ്റ്, കാര്‍പെറ്റ്, വൂളന്‍ ക്ലോത്ത് തുടങ്ങിയവക്കും വില വര്‍ധിക്കും.

എല്ലാ തരം വാഹനങ്ങള്‍ക്കും സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കും ഓട്ടോ മൊബൈല്‍ ഉത്പന്നങ്ങള്‍ക്കും വില കൂടും. ബൈക്കുകള്‍, ഓട്ടോറിക്ഷകള്‍, കാറുകള്‍ തുടങ്ങി എല്ലാ വാഹനങ്ങളുടെയും നികുതി കൂട്ടിയിട്ടുണ്ട്. ടി വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മോട്ടോറുകള്‍, എയര്‍ കണ്ടീഷനര്‍, കൂളര്‍, കമ്പ്യൂട്ടര്‍, കോള്‍ഡ് സ്റ്റോറേജ് എന്നിവയുടെ നികുതിയും വര്‍ധിപ്പിച്ചിട്ടുണ്ട്.
ടൂത്ത് പെയ്സ്റ്റ്, ബ്രഷ്, സോപ്പ്, ഡിറ്റര്‍ജന്റ് പൗഡറുകള്‍, ടോയ്‌ലറ്റ് ക്ലീനിംഗ് ഉത്പന്നങ്ങള്‍, ഷാമ്പൂ, രാമച്ചം, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവക്കും വില കൂടും. ഗ്യാസ് സ്റ്റൗ, ക്രോക്കറി ഉത്പന്നങ്ങള്‍, ഹാര്‍ഡ് വെയര്‍ ഉത്പന്നങ്ങള്‍ എന്നിവയും വാറ്റിന്റെ പരിധിയില്‍ വരും.
സ്റ്റെതസ്‌കോപ്പ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും സര്‍ജിക്കല്‍, ഡെന്റല്‍ ഉപകരണങ്ങള്‍ക്കും ലെന്‍സ്, ബൈനോക്കുലര്‍, ഒപ്റ്റിക്കല്‍ ടെലസ്‌കോപ്പ്, ലബോറട്ടറി ഉപകരണങ്ങള്‍ എന്നിവക്കെല്ലാം വില കൂടും. ക്യാമറ, പ്രൊജക്ടറുകള്‍, ഫിലിമുകള്‍ എന്നിവക്കും വില കൂടും.
പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ അമിതമായ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ ഗണത്തില്‍പ്പെടുന്ന ഉത്പന്നങ്ങളുടെ നികുതിയും വര്‍ധിപ്പിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നികുതി നേരത്തെ തന്നെ ഇരുപത് ശതമാനമാക്കിയിരുന്നു. ഇതിന് പുറമെ, ഡിസ്‌പോസിബിള്‍ കപ്പുകള്‍, പ്ലേറ്റുകള്‍, ഇലകള്‍, പോളി പ്രോപ്പിലീന്‍ ക്യാരിബാഗുകള്‍ എന്നിവയുടെ നികുതിയും ഇന്ന് മുതല്‍ ഇരുപത് ശതമാനമാക്കി ഉയര്‍ത്തി. 25 ലക്ഷം രൂപയുടെ അധിക വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.

മദ്യം, സിഗരറ്റ് വില ഉയരും; അരി വില കുറയും

തിരുവനന്തപുരം: ബിയര്‍ ഒഴികെയുള്ള മദ്യത്തിനും ബീഡി ഒഴികെയുള്ള സിഗരറ്റുകള്‍ക്കും ഇന്ന് മുതല്‍ വില വര്‍ധിക്കും. പാന്‍മസാല ഉത്പന്നങ്ങളുടെ നികുതിയും വര്‍ധിപ്പിച്ചതിനാല്‍ ഇവക്കെല്ലാം വില കൂടും. മദ്യത്തിന്റെ നികുതി നൂറ് ശതമാനത്തില്‍ നിന്ന് 105 ശതമാനമായാണ് ഉയര്‍ത്തിയത്. ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത് 250 കോടി രൂപയുടെ അധിക വരുമാനം. പുകവലി മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് സിഗരറ്റിന്റെയും സമാന ഉത്പന്നങ്ങളുടെയും നികുതി 15 ശതമാനത്തില്‍ നിന്ന് ഇരുപത് ശതമാനമായി ഉയര്‍ത്തിയത്.

കര്‍ണാടകയില്‍ 17ഉം തമിഴ്‌നാട്ടില്‍ ഇരുപതും ശതമാനമാണ് പുകയില ഉത്പന്നങ്ങളുടെ നികുതി. പുകയില ഉത്പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ചതിലൂടെ 120 കോടി രൂപയുടെ അധിക വരുമാനമാണ് ലക്ഷ്യമിടുന്നത്.