Connect with us

International

ദക്ഷിണ കൊറിയക്കെതിരെ ഉ. കൊറിയയുടെ യുദ്ധപ്രഖ്യാപനം

Published

|

Last Updated

സിയോള്‍: ദക്ഷിണ കൊറിയക്കെതിരെ ഉത്തര കൊറിയ യുദ്ധം പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി സംഘടിപ്പിക്കുന്ന സൈനിക പരിശീലനം കൂടുതല്‍ ശക്തമാകുകയും അതിര്‍ത്തി മേഖലയില്‍ യു എസ് സൈന്യം അദൃശ്യ ബോംബറുകള്‍ വിന്യസിക്കുകയും ചെയ്തതോടെയാണ് ഉത്തര കൊറിയയുടെ പ്രഖ്യാപനം. ദക്ഷിണ കൊറിയന്‍ സൈന്യവുമായി ഏത് സമയവും ഏറ്റുമുട്ടല്‍ നടക്കാനിടയുണ്ടെന്നും അതിര്‍ത്തി മേഖലയില്‍ സജീവ സന്നദ്ധമാകണമെന്നും ഉത്തര കൊറിയന്‍ മേധാവികള്‍ സൈനിക നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഉത്തര കൊറിയന്‍ മേധാവി കിം ജോംഗ് ഉന്നിനെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയായ കെ സി എന്‍ എയാണ് വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം രാത്രി യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൈനിക മേധാവികളുമായി ഉന്‍ ചര്‍ച്ച ചെയ്തിരുന്നു. യുദ്ധ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ ദക്ഷിണ കൊറിയയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും ഉത്തര കൊറിയ വിച്ഛേദിച്ചിട്ടുണ്ട്. 1950-53 കാലഘട്ടത്തിലെ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഉത്തര കൊറിയ ദക്ഷിണ കൊറിയക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്നത്. യുദ്ധപ്രഖ്യാപനം വന്നതോടെ അതിര്‍ത്തിയിലെ ദക്ഷിണ കൊറിയന്‍ സൈന്യം ഏറ്റുമുട്ടലിന് സജ്ജമായതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച ദക്ഷിണ കൊറിയയുമായുള്ള എല്ലാ സൈനിക ഹോട്ട്‌ലൈന്‍ സംവിധാനവും ഉത്തര കൊറിയ വിച്ഛേദിച്ചിരുന്നു. 1970ലെ യുദ്ധ കരാര്‍ ലംഘിച്ച് അമേരിക്കയുമായി ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസം നടത്തിയത് ഉത്തര കൊറിയയെ ചൊടിപ്പിച്ചിരുന്നു. അതിനിടെ, ഇന്നലെ ഉത്തര കൊറിയന്‍ മേഖലകളെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ശേഷിയുള്ള ബി- 2 ബോംബറുകള്‍ അമേരിക്ക വിന്യസിച്ചത് പ്രകോപനങ്ങള്‍ ക്ഷണിച്ചുവരുത്തി. അമേരിക്കക്കെതിരായ ആക്രമണത്തിന് റോക്കറ്റുകള്‍ സജ്ജമാണെന്ന് ഉത്തര കൊറിയ പ്രതികരിക്കുകയും ചെയ്തു.
റഷ്യയുടെയും ചൈനയുടെയും പൂര്‍ണ പിന്തുണയില്ലാതെയാണ് യുദ്ധപ്രഖ്യാപനം നടത്താന്‍ ഉത്തര കൊറിയ തീരുമാനിച്ചത് എന്നതും ശ്രദ്ധേയമാണ്. യു എസ് ബോംബറുകള്‍ക്ക് ബദലായി തങ്ങളുടെ കൈവശം റോക്കറ്റുകള്‍ സജ്ജമാണെന്ന ഉന്നിന്റെ പരാമര്‍ശത്തെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ചൈനയും സമാനമായ പരാമര്‍ശം നടത്തുകയും ചെയ്തു.
അന്താരാഷ്ട്ര സമ്മര്‍ദം അവഗണിച്ച് ഉത്തര കൊറിയ മൂന്നാം ആണവ പരീക്ഷണം നടത്തിയതോടെയാണ് കൊറിയന്‍ മേഖലയില്‍ ഏറ്റുമുട്ടല്‍ സാഹചര്യം ഉടലെടുത്തത്.