Connect with us

Kerala

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണം: എസ് വൈ എസ്

Published

|

Last Updated

കോഴിക്കോട്: രാജ്യത്തിന്റെ സമ്പദ്ഘടനയെയും അനേകായിരം കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ സഊദി സര്‍ക്കാറിന്റെ സ്വദേശിവത്കരണ നിയമത്തിന്റെ പരിണതിയായി സംജാതമായ ആശങ്കാജനകമായ സാഹചര്യം തരണം ചെയ്യാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സഊദിയുടെ നിയമ കാര്യങ്ങളില്‍ ഇടപെടാന്‍ മറ്റു രാജ്യങ്ങള്‍ക്ക് അവകാശമില്ലെങ്കിലും സഊദിയെ ആശ്രയിച്ചും സേവിച്ചും തൊഴിലെടുക്കുന്ന രാജ്യത്തെ പൗരന്മാരെ രക്ഷിക്കുന്നതിനായി നിയമത്തില്‍ ഇളവുകളും നിയമം പ്രാബല്യത്തില്‍ വരുത്തുന്നതില്‍ സാവകാശവും ലഭിക്കുന്നതിന് വേണ്ടിയുള്ള ഇടപെടല്‍ നടത്താവുന്നതാണ്. പ്രശ്‌നം അതീവ ഗുരുതരമായിട്ടും ബന്ധപ്പെട്ടവര്‍ കാണിക്കുന്ന നിസ്സംഗത ഉത്കണ്ഠാജനകമാണ്. ഉപജീവന മാര്‍ഗങ്ങളുപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തി വഴിയാധാരമായി കഴിയേണ്ടി വരുന്ന പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, മുഹമ്മദ് പറവൂര്‍ സംബന്ധിച്ചു.