പത്ത് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഹരിത സെസ്; പൊതുമരാമത്ത് വകുപ്പ് വിഭജിക്കണം

Posted on: March 29, 2013 6:00 am | Last updated: March 29, 2013 at 12:50 am

തിരുവനന്തപുരം:പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഹരിത സെസ് ചുമത്തണമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ശിപാര്‍ശ. ഡ്രൈവിംഗ് ലൈസന്‍സ് ഫീസും മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്നവര്‍ക്കുള്ള പെനാല്‍റ്റി തുകയും ഇരട്ടിയാക്കി വര്‍ധിപ്പിക്കണമെന്നും ഡി എം ആര്‍ സി മുഖ്യ ഉപദേഷ്ടാവും പ്ലാനിംഗ് ബോര്‍ഡ് അംഗവുമായ ഇ ശ്രീധരന്‍ അധ്യക്ഷനായ ആസൂത്രണ ബോര്‍ഡ് ഉപസമിതി ശിപാര്‍ശ ചെയ്തു. പൊതുമരാമത്ത് വകുപ്പ് വിഭജിച്ച് ഹൈവേ ഡിപാര്‍ട്ട്‌മെന്റ് രൂപവത്കരിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം.

സംസ്ഥാനത്തെ റോഡുകളുടെ നവീകരണവും റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഇ ശ്രീധരന്‍ അധ്യക്ഷനായി ആസൂത്രണ ബോര്‍ഡ് ഉപസമിതിയെ നിയോഗിച്ചിരുന്നത്. ആസൂത്രണ ബോര്‍ഡ് അംഗം സി പി ജോണ്‍, ദേശീയ പാത അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരായിരുന്നു ഉപസമിതിയിലെ മറ്റംഗങ്ങള്‍.
വാഹനപെരുപ്പത്തിന് അനുസരിച്ച് സംസ്ഥാനത്തെ റോഡ് ശൃംഖല വികസിക്കാത്തത് വികസന മുരടിപ്പിനും അപകടങ്ങള്‍ വര്‍ധിക്കാനും കാരണമാകുന്നതായി സമിതി കണ്ടെത്തി. അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതും ഇപ്പോള്‍ ഓടിച്ചുകൊണ്ടിരിക്കുന്നതുമായ പത്ത് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്കെല്ലാം ഹരിത സെസ് ഈടാക്കണമെന്ന ശിപാര്‍ശ. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ വില്‍പ്പന നടക്കുമ്പോള്‍ വില്‍പ്പന നികുതിയുടെ അഞ്ച് ശതമാനം നികുതി ചുമത്തണമെന്ന നിര്‍ദേശവും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. സംസ്ഥാനത്ത് സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ വില്‍പ്പന വര്‍ധിക്കുന്നതായാണ് സമിതിയുടെ കണ്ടെത്തല്‍. മതിയായ പരിശോധനകള്‍ നടത്താതെയും രജിസ്‌ട്രേഷന്‍ നിയമങ്ങള്‍ പാലിക്കാതെയുമുള്ള വില്‍പ്പന വര്‍ധിച്ചുവരികയാണ്.
റോഡ് നവീകരണത്തിനുള്ള പണം സമാഹരിക്കുന്നതില്‍ നിരവധി അപാകങ്ങളുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ടോളിനെതിരെ കേരളത്തില്‍ പൊതുവികാരം രൂപപ്പെടുന്ന സാഹചര്യത്തിലാണ് മറ്റു മാര്‍ഗങ്ങള്‍ സമിതി മുന്നോട്ടുവെക്കുന്നത്. വര്‍ധിക്കുന്ന വാഹനപ്പെരുപ്പം മുതലെടുത്ത് വിഭവ സമാഹരണം ശക്തിപ്പെടുത്തണം. ഹരിത സെസിനൊപ്പം ലൈസന്‍സ് ഫീസ് ഉള്‍പ്പെടെ വര്‍ധിപ്പിക്കണമെന്ന ശിപാര്‍ശ ഇതിന്റെ ഭാഗമാണ്.
350 രൂപ മുതല്‍ 400 രൂപ വരെയാണ് നിലവില്‍ ലൈസന്‍സിനുള്ള അപേക്ഷാ ഫീസ്. സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെയാണിത്. ഇതാണ് ഇരട്ടിയാക്കി വര്‍ധിപ്പിക്കണമെന്ന് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്നവര്‍ക്കുള്ള പെനാല്‍റ്റി തുക ഇരട്ടിയാക്കാനും ശിപാര്‍ശയുണ്ട്.
റോഡ് അപകടങ്ങളുടെ മുഖ്യ കാരണം റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാഹനപെരുപ്പത്തിന് ആനുപാതികമായി അപകടങ്ങളും വര്‍ധിച്ചുവരികയാണ്. റോഡപകടങ്ങളുടെ 59 ശതമാനവും ബൈക്കപകടങ്ങളാണെന്ന് ആസൂത്രണ ബോര്‍ഡ് തന്നെ തയ്യാറാക്കിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പെനാല്‍റ്റി വര്‍ധിപ്പിക്കണമെന്ന് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.
റോഡ് നിര്‍മാണ രംഗത്ത് സമഗ്രമായ ഒരു പൊളിച്ചെഴുത്ത് വേണം. ആധുനിക സാങ്കേതിക വിദ്യകള്‍ റോഡ് നിര്‍മാണങ്ങള്‍ക്ക് അവലംബിക്കണം. നിരന്തരം അറ്റകുറ്റപണികള്‍ ആവശ്യമായി വരുന്നത് നിര്‍മാണത്തിലെ അശാസ്ത്രീയതയും അപാകങ്ങളും മൂലമാണ്. ഇതൊഴിവാക്കാന്‍ സാങ്കേതിക നിലവാരം മെച്ചപ്പെടുത്തണം.
പൊതുമരാമത്ത് വകുപ്പ് വിഭജിച്ച് ഹൈവേ ഡിപ്പാര്‍ട്ട്‌മെന്റ് പ്രത്യേകമുണ്ടാക്കണം. ഹൈവേ വികസനത്തിനായി ഹൈവേ ഡെവലപ്‌മെന്റ് ഫണ്ട് രൂപവത്കരിക്കണം. എല്ലാ നിര്‍മാണ പ്രവൃത്തികള്‍ക്കും പൊതുമരാമത്ത് വകുപ്പ് തന്നെ നേതൃത്വം നല്‍കുന്നത് കാലതാമസത്തിന് ഇടയാക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. പ്രധാന പാതകളുടെ നിര്‍മാണവും നവീകരണവും അറ്റകുറ്റപണികളുമെല്ലാം ഹൈവേ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ വേണം. പൊതുമരാമത്ത് വകുപ്പിലെ സാങ്കേതിക വിഭാഗത്തിന്റെ തൊഴില്‍ സംസ്‌കാരം മെച്ചപ്പെടുത്തണമെന്നും സമിതി ശിപാര്‍ശ ചെയ്യുന്നു.