മരാമത്ത് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്:കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

Posted on: March 29, 2013 6:00 am | Last updated: March 28, 2013 at 11:40 pm
SHARE

കൊല്ലം: പൊതുമരാമത്ത് ഓഫീസുകളില്‍ കഴിഞ്ഞ ദിവസം പോലീസ് വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കണക്കില്‍പ്പെടാതെ പണം കൈവശം സൂക്ഷിച്ചവര്‍, മദ്യലഹരിയിലായിരുന്നവര്‍ തുടങ്ങി നിരവധി ക്രമക്കേടുകളാണ് പരിശോധനയില്‍ വെളിവായത്.
കരുനാഗപ്പള്ളിയില്‍ അസി. എന്‍ജിനീയറുടെ അലമാരയില്‍ നിന്ന് ഒരു കോണ്‍ട്രാക്ടറുടെ പേരെഴുതിയ കവറില്‍ നിന്ന് 70,000രൂപ പിടിച്ചെടുത്തിരുന്നു. റെയ്ഡ് നടക്കുന്നതിനിടെ ഒളിപ്പിച്ചതാണ് തുകയെന്നാണ് കരുതപ്പെടുന്നത്. ഓഫീസ് പരിസരത്ത് നിന്ന് മുക്കാല്‍ ലക്ഷം രൂപയുമായി പിടിയിലായ കരാറുകാരനെയും വിജിലന്‍സ് വിശദമായി ചോദ്യം ചെയ്യും. എന്തിന് ഇയാള്‍ പണവുമായി ഓഫീസിലെത്തി എന്നത് സംബന്ധിച്ചാണ് അന്വേഷണം നടത്തുക.
ആശ്രാമത്ത് ചീഫ് എന്‍ജിനീയര്‍ ഓഫീസില്‍ വിജിലന്‍സ് വിഭാഗം റെയ്ഡിനെത്തുമ്പോള്‍ നാല് ജീവനക്കാരെ മദ്യപിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ഇവരെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയതിനെ തുടര്‍ന്ന് ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ഓഫീസിലെത്തിയതിന് ഇവര്‍ക്കെതിരെ നടപടി കൈക്കൊള്ളും. പുനലൂര്‍, കൊട്ടാരക്കര, കുണ്ടറ, കൊല്ലം എന്നിവിടങ്ങളിലെ പി ഡബഌു യു ഡി ഓഫീസുകളില്‍ ഒരേസമയമാണ് റെയ്ഡ് നടന്നത്. എല്ലായിടത്തുനിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തിട്ടുണ്ട്.
ഒരിടത്തും ജീവനക്കാര്‍ കൈവശമുള്ള പണം നിയമപ്രകാരം ഓഫീസ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നില്ലെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വരും ദിവസങ്ങളിലും ഇതുപോലെ മിന്നല്‍ പരിശോധനകള്‍ നടക്കുമെന്നും അവര്‍ അറിയിച്ചു.