Connect with us

Gulf

ഇന്റര്‍നെറ്റ് കോളുകള്‍ പിടിക്കാന്‍ പതിവു പരിശോധനയെന്ന് ടി ആര്‍ എ

Published

|

Last Updated

മസ്‌കത്ത് : രാജ്യത്ത് ഇന്റര്‍നെറ്റ് സൗകര്യം ഉപോഗിച്ചുള്ള വോയ്പ് (വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍) കോളുകള്‍ക്ക് നിരോധനമേര്‍പെടുത്തിയിട്ടില്ലെന്നും എന്നാല്‍ ലൈസന്‍സുള്ളവര്‍ക്കു മാത്രമേ ഈ സേവനം ഉപയോഗിക്കുന്നതിനും മറ്റുള്ളവര്‍ക്കായി നല്‍കുന്നതിനും അനുമതി ഉള്ളൂ എന്നും ടെലികോം റഗുലേറ്ററി അതോറിറ്റി (ടി ആര്‍ എ) വ്യക്തമാക്കി.
അനിധികൃത ഇന്റര്‍നെറ്റ് കോളുകള്‍ പിടികൂടുന്നതിനായി അതോറിറ്റി പതിവായി പരിശോധന നടത്തി വരുന്നുണ്ട്. നിയമം ലംഘിച്ച് ഉപോഗിക്കുന്നവരെയും സേവനം നല്‍കുന്നവരെയും പിടികൂടുന്നുമുണ്ട്. പോലീസിന്റെയും ടെലികോം കമ്പനികളുടെയും സഹായത്തോടെയാണ് പരിശോധന നടത്തുന്നതെന്നും ടി ആര്‍ എ വക്താവ് സിറാജിനോടു പറഞ്ഞു. രാജ്യത്തെ വോയ്പ് സേവനം നിയന്ത്രിക്കുന്നുവെന്ന പ്രചാരണം തെറ്റാണ്. വോയ്പ് സേവനം നല്‍കുന്നതിന് ടെലികോം ലൈസന്‍സിനു സമാനമായ ലൈസന്‍സ് ആവശ്യമാണ്. ടെലികോം കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. അവര്‍ അതുപയോഗിച്ചുള്ള സേവനങ്ങള്‍ നല്‍കുന്നുണ്ട്.
നിയമവിരുദ്ധമായി ലഭിക്കുന്ന സോഫ്റ്റ് വെയറുകളും അപ്ലിക്കേഷനുകളും ഉപയോഗിച്ച് വിളിക്കുന്നത് കുറ്റകരമാണ്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടു പിടിക്കുന്നതിന് ടി ആര്‍ എ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. സാങ്കേതിക വിദ്യ ഉപയോഗിച്ചും പിടികൂടാന്‍ കഴിയുമെന്നും ടി ആര്‍ എ വൃത്തങ്ങള്‍ പറഞ്ഞു. രാജ്യത്ത് അനധികൃതമായി ഇന്റര്‍നെറ്റ് കോളിംഗ് സോഫ്റ്റ് വെയറുകള്‍ വ്യാപകമായി വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരം ഏതെങ്കിലും ഉത്പന്നങ്ങള്‍ കൈവശം വെക്കുന്നതു കൊണ്ട് ആര്‍ക്കെതിരെയും നടപടി സ്വീകരിക്കാനാകില്ല. കമ്പ്യൂട്ടറിലും മൊബൈലിലും ഇത്തരം സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാല്‍ അവ കണ്ടെത്താന്‍ കഴിയുമെന്നും അതോറിറ്റി പ്രതിനിധികള്‍ പറഞ്ഞു.
ഒമാന്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍  സെന്ററില്‍ നടന്നു വരുന്ന കോമക്‌സിലെ ടി ആര്‍ എയുടെ പവലിയനില്‍ ടെലികമ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ് സുരക്ഷയെക്കുറിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരങ്ങള്‍ നല്‍കി വരുന്നുണ്ട്.

Latest