Connect with us

Ongoing News

അഭിവാദ്യത്തിലെ അറബ് സംസ്‌കാരം

Published

|

Last Updated

അഭിവാദ്യം ഒരു സാമൂഹിക മര്യാദയാണ്. സംസ്‌കാരമാണ്. പരസ്പരം കണ്ടുമുട്ടുമ്പോഴും ബന്ധപ്പെടുമ്പോഴും വിവിധ രീതിയില്‍ അഭിവാദ്യമര്‍പ്പിക്കുന്നു. അസ്സലാമു അലൈക്കും, ഗുഡ്‌മോണിംഗ്, ഗുഡ് ഈവനിംഗ്, നമസ്‌തേ, നമസ്‌കാരം, ഹായ് തുടങ്ങിയവ നാട്ടില്‍ നടപ്പുള്ള അഭിവാദനരീതികളാണ്. അഭിവാദ്യം ചെയ്യുന്നവനും ചെയ്യപ്പെടുന്നവനും തമ്മിലുള്ള പദവി വ്യത്യാസം ചില അഭിവാദന രിതികളില്‍ പ്രകടമാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥനോ, മുതലാളിയോ വരുമ്പോള്‍ എണീറ്റുനിന്നും കൈകൂപ്പിയും തല താഴ്ത്തിയുമൊക്കെ അഭിവാദ്യമര്‍പ്പിക്കുന്ന രീതിയുണ്ട്.

ഇസ്‌ലാമില്‍ ഒരൊറ്റ അഭിവാദന രീതിയാണുള്ളത്. അസ്സലാമു അലൈക്കും(നിങ്ങളില്‍ അല്ലാഹുവില്‍നിന്നുള്ള രക്ഷയുണ്ടാകട്ടെ). ഇവിടെ സ്ഥാനമാനങ്ങളോ പാണ്ഡിത്യമോ ദരിദ്ര, സമ്പന്ന വേര്‍തിരിവോ ഇല്ല. സദസ്സിലേക്ക് കടന്നുവരുന്നവര്‍ ഇരിക്കുന്നവര്‍ക്കും എണ്ണത്തില്‍ കുറവുള്ളവര്‍ കൂടുതലുള്ളവര്‍ക്കുമാണ് സലാം പറയേണ്ടത്. സമ്പത്തിന്റെയോ സ്ഥാനമാനങ്ങളുടെയോ തറവാടിന്റെയൊ വ്യത്യാസങ്ങളൊന്നും ഇവിടെ പരിഗണിക്കുന്നുമില്ല.

അറബികളുടെ അഭിവാദന രീതികള്‍ക്കു ചില സവിശേഷതകള്‍ കൂടിയുണ്ട്. ഇസ്‌ലാമിലെ അഭിവാദനമായ അസ്സലാമു അലൈക്കും എന്നതാണ് പൊതുവെ എല്ലാവരും എല്ലാവരോടും സ്വീകരിക്കുന്നതെങ്കിലും “സബാഹല്‍ ഖൈര്‍”(ഗുഡ്‌മോണിംഗ്), “മസാഅല്‍ ഖൈര്‍” (ഗുഡ് ഈവനിംഗ്) എന്നീ രീതികളുമുണ്ട്. പരസ്പരം കെട്ടിപ്പിടിച്ചു ചുമലുകളില്‍ മാറിമാറി ആലിംഗനം ചെയ്യുക. മൂക്കുകള്‍ മുട്ടിക്കുക തുടങ്ങിയവയാണ് അറബികളുടെ വേറിട്ട അഭിവാദ്യരീതിയും സംസ്‌കാരവും. ഇതൊടൊന്നിച്ചെല്ലാം ഒരുപാട് പ്രാര്‍ഥനകളും ക്ഷേമാന്വേഷണങ്ങളും നടത്തുന്നുവെന്നതാണ് വലിയ സവിശേഷത.

“അല്ലാഹു നിങ്ങളില്‍ ശാന്തിയും സമാധാനവും രക്ഷയും കാരുണ്യവും അനുഗ്രഹവും ചൊരിയട്ടെ”, “ദീര്‍ഘായുസ്സുകൊണ്ടും ആരോഗ്യം -കൊണ്ടും അനുഗ്രഹിക്കട്ടെ” തുടങ്ങിയ പ്രാര്‍ഥനങ്ങള്‍ പരസ്പരം ആവര്‍ത്തിച്ചുകൊണ്ടിരിക്കും. കൂടാതെ “നിങ്ങളുടെ ആരോഗ്യമെങ്ങനെയുണ്ട്?” “കുടുംബത്തിന്റെ അവസ്ഥയെന്തൊക്കെ?”തുടങ്ങിയ കാര്യങ്ങളെല്ലാം പരസ്പരം ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടേയിരിക്കും. ഉത്തരം ലഭിക്കലോ കേള്‍ക്കലോ ഒന്നും അത്ര പ്രസക്തമല്ല. അറബികള്‍ പരസ്പരമാണ് ഈ രീതി കൂടുതലും കാണുന്നത്. വളരെ അടുത്ത വിദേശീ സുഹൃത്തുക്കളുമായും നടക്കും. അഭിവാദ്യം കുറേ നേരം നീണ്ടുനില്‍ക്കുകയും ചെയ്യും. അറബികളുടെ ആതിഥ്യമര്യാദയുടെ ഭാഗംതന്നെയാണ് ഈ ശ്രദ്ധേയമായ അഭിവാദ്യം. നമ്മുടെ നാട്ടിലും ഇപ്പോള്‍ പരസ്പരം കെട്ടിപ്പിടിക്കുന്ന രീതിയുണ്ട്. ഇത് അറബികളില്‍നിന്ന് കിട്ടിയതാണ്. യാത്രക്കുശേഷം കണ്ടുമുട്ടുമ്പോഴും ദുഃഖിതനെ സമാശ്വസിപ്പിക്കുമ്പോഴുമാണ് ചുമലില്‍ ആലിംഗനം ചെയ്യുന്ന രീതി അധികവും സ്വീകരിക്കുന്നത്.

---- facebook comment plugin here -----

Latest