കാറില്‍ കടത്താന്‍ ശ്രമിച്ച 310 ലിറ്റര്‍ സ്പിരിറ്റ് പിടി കൂടി

Posted on: March 25, 2013 12:29 pm | Last updated: March 25, 2013 at 12:29 pm

പട്ടാമ്പി: പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ കോമ്പൗണ്ടില്‍നിന്ന് കാറില്‍ ഒളിപ്പിച്ചുവച്ച 310 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് ഇന്റലിജന്‍സും സ്‌പെഷല്‍ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്പിരിറ്റുകണ്ടെടുത്ത കാറിനൊപ്പം സംഘത്തിന് എസ്‌കോര്‍ട്ടുവന്ന മറ്റൊരു കാറും എക്‌സൈസ് വിഭാഗം കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു.———
ഇന്നലെ ഉച്ചക്ക് ഒന്നോടെയാണ് രഹസ്യവിവരത്തെ തുടര്‍ന്ന് സ്പിരിറ്റ് പിടികൂടിയത്. കാറിന്റെ ഡിക്കിയില്‍ നിന്ന് 31 ലിറ്റര്‍വീതം സ്പിരിറ്റ്‌നിറച്ച പത്തു കന്നാസുകളാണ് പിടിച്ചെടുത്തത്. റെയ്ഡ് സമയത്ത് കാറിലാരും ഉണ്ടായിരുന്നില്ല. റെയില്‍വേ സ്റ്റേഷന്റെ കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 13 എന്‍ 4176 ഹ്യൂണ്ടായ് ആക്‌സന്‍ഡ് കാറില്‍നിന്നായിരുന്നു സ്പിരിറ്റ് കണ്ടെടുത്തത്.
അതേസമയം കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട മറ്റൊരു കാറിലുണ്ടായിരുന്നവര്‍ ഉദ്യോഗസ്ഥരെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു.
സ്പിരിറ്റുകൊണ്ടുവന്ന കാറിന്റെ പൈലറ്റ് വാഹനമാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെഎല്‍ 24എ 9320 നമ്പര്‍കാറില്‍നിന്നും വാഹനത്തിന്റെ ആര്‍സിയും മറ്റുരേഖകളും കണ്ടെടുത്തു. ഇതിനാല്‍ വാഹനത്തിലുള്ളവരെപറ്റി വിവരം ലഭിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പട്ടാമ്പി എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുത്തു. സ്പിരിറ്റ് ഇവിടെവച്ച് കൈമാറാനായിരുന്നു കൊണ്ടുവന്നവരുടെ നീക്കമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റെയ്ഡിന് പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിലെ പ്രിവന്റീവ് ഓഫീസര്‍ കെ വി മുരളീധരന്‍,മുഹമ്മദ് അബ്ദുള്‍ സലാം,കെ ജയപ്രകാശ്,മുഹമ്മദ് അഷ്‌റഫ്,ഷൗക്കത്തലി,സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍, പട്ടാമ്പി റേഞ്ച് ഇന്‍സ്‌പെക്ടര്‍ സമീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്പിരിറ്റ് പിടികൂടിയത്.