Connect with us

Books

ഹൃദയത്തിലെ ചാരന്‍

Published

|

Last Updated

“”സഹോദരാ പറയൂ നിങ്ങള്‍ ആരാണ്?”” ak 47 തോക്ക് നെഞ്ചിനു നേരെ ചൂണ്ടി അയാള്‍ ചോദിച്ചു. ഹിസ്‌ബെ ഇസ്‌ലാമി ചെക്ക്‌പോയന്റില്‍ തടഞ്ഞുനിര്‍ത്തിയാണ് ചോദ്യം ചെയ്യല്‍. അനിശ്ചിതത്വം ഉരുണ്ടുകൂടാന്‍ തുടങ്ങി. വര്‍ഷങ്ങളായി രൂപപ്പെടുത്തിയെടുത്ത പേര്‍ഷ്യന്‍ സംഭാഷണ ശൈലിയോ തനി അഫ്ഗാന്‍ വസ്ത്ര ധാരണമോ വടക്കന്‍ അഫ്ഗാന്‍ ഗ്രാമക്കാരനാണെന്ന കഥയോ ഒന്നും ആ മധ്യ അഫ്ഗാന്‍ പരിശോധനാ കേന്ദ്രത്തില്‍ നിന്ന് സുഗമമായി അപ്പുറം കടക്കാന്‍ തുണച്ചില്ല.

റോബര്‍ട്ട് അബ്ദുല്‍ ഹയ്യ് ദര്‍റിന്റെ ഠവല ടു്യ ീള വേല ഒലമൃ േഎന്ന സഞ്ചാരകഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്. യഥാര്‍ഥത്തില്‍ ഇതൊരു സഞ്ചാര കഥ മാത്രമല്ല. മനഃപരിവര്‍ത്തനത്തിന്റെ കഥ കൂടിയാണ്. ഉദ്വേഗം നിലനിര്‍ത്തി വായനക്കാരനെ വിടാതെ തന്റെ കൂടെ കൊണ്ടുപോകാന്‍ സാധിക്കുന്നു എന്നതാണ് ദര്‍റിന്റെ രചനയുടെ മിടുക്ക്. വടക്കന്‍ അഫ്ഗാനില്‍ നടത്തിയ സാഹസിക യാത്രയുടെ കഥ പറയുന്നതോടൊപ്പം അഫ്ഗാനികളും അവരുടെ സൂഫിസവും തന്റെ ഹൃദയത്തില്‍ എങ്ങനെ ചാരപ്പണി ചെയ്തു മാര്‍ഗം കൂട്ടി എന്നുകൂടി ദര്‍ ഹൃദയാവര്‍ജകമായി പറഞ്ഞുതരുന്നു. സോവിയറ്റ് അധിനിവേശം കശക്കിയെറിഞ്ഞ അഫ്ഗാനിസ്ഥാനില്‍ ആഭ്യന്തര അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിനുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളുമായാണ് റോബര്‍ട്ട് ആദ്യം പാക്കിസ്ഥാനിലും പിന്നീട് അവിടെ നിന്ന് അഫ്ഗാനിസ്ഥാനിലുമെത്തുന്നത്.
“”നിങ്ങള്‍ ചാരനാണ്. ഞങ്ങളുടെ രാജ്യത്ത് പ്രവേശിക്കാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല. കീശ കാലിയാക്കൂ.””
ചെക്ക്‌പോയന്റില്‍ തടഞ്ഞുനിര്‍ത്തിയ ഹിസ്‌ബെ ഇസ്‌ലാമി കമാന്‍ഡര്‍ ദര്‍റിനോട് സൗമ്യമായി പറഞ്ഞു.
വൃത്തിയായി മടക്കിയ ഒരു തുണ്ട് കടലാസ് മാത്രമായിരുന്നു റോബര്‍ട്ടിന്റെ കീശയിലുണ്ടായിരുന്നത്. അദ്ദേഹം അതെടുത്ത് കമാന്‍ഡര്‍ക്ക് നല്‍കി. വിശുദ്ധ ഖുര്‍ആനിലെ അധ്യായങ്ങളുടെ പ്രാരംഭ വചനമായ ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം, പ്രാരംഭ അധ്യായമായ സുറത്തുല്‍ ഫാതിഹയിലെ ആദ്യ വചനമായ “”അല്‍ഹംദു ലില്ലാഹി റബ്ബില്‍ ആലമീന്‍”” എന്നിവ മനോഹരമായി കലിഗ്രാഫി ശൈലിയില്‍ എഴുതിയതായിരുന്നു ആ കടലാസ് കഷ്ണം. പാക്കിസ്ഥാനില്‍ വെച്ച് പരിചയപ്പെട്ട ഖാരിഅ് (ഖുര്‍ആന്‍ പാരായണ വിദഗ്ധന്‍) റഹ്മതുല്ല സ്വന്തം കൈപ്പടയില്‍ എഴുതിക്കൊടുത്തതായിരുന്നു അത്. തന്റെ ഖുര്‍ആന്‍ പാരായണം ശ്രദ്ധിച്ചു കേള്‍ക്കുന്ന ക്രിസ്ത്യാനിയോട് തോന്നിയ കൗതുകം കാരണം റഹ്മതുല്ല എഴുതിക്കൊടുത്തതായിരുന്നു അത്.
കടലാസ് നിവര്‍ത്തി വായിച്ച കമാന്‍ഡര്‍ ആസിഫ് റോബര്‍ട്ടിനോട്: “”നിങ്ങള്‍ മുസ്‌ലിമാണോ?””
“”അല്ല, ഞാനൊരു ക്രിസ്ത്യാനിയാണ്.””
“”പിന്നെ നിങ്ങളെന്തിനാണ് ഈ വിശുദ്ധ വാക്യം കൊണ്ടുനടക്കുന്നത്?””
മതത്തിലും ആധ്യാത്മകതയിലുമുള്ള തന്റെ താത്പര്യവും ഖാരിഅ് റഹ്മതുല്ലയുമായുള്ള പരിചയവും റോബര്‍ട്ട് വിശദീകരിച്ചു.
കമാന്‍ഡര്‍ ആസിഫ് ശരിയായ രേഖകള്‍ തയ്യാറാക്കിക്കൊടുത്ത് റോബര്‍ട്ടിനെ കടത്തിവിട്ടു.
കഴുതപ്പുറത്തും ട്രക്കിലുമായി അഫ്ഗാന്‍ മലമടക്കുകളില്‍ നടത്തിയ വര്‍ഷങ്ങള്‍ നീണ്ട സാഹസിക യാത്രയില്‍ താന്‍ കണ്ടുമുട്ടിയ ഗോത്രവര്‍ഗങ്ങളുടെ ജീവിത കഥയാണ് റോബര്‍ട്ട് ഹൃദ്യമായി വിവരിക്കുന്നത്. പട്ടിണിയുടെയും ഭയത്തിന്റെയും ഹൃദയഭേദകമായ കഥകളാണധികവും. എന്നാല്‍ ഭയത്തിനും ദാരിദ്ര്യത്തിനുമിടയിലും അഫ്ഗാനികള്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന സത്യസന്ധതയും ഫലിതബോധവും ഉറവ വറ്റാത്ത സ്‌നേഹവും റോബര്‍ട്ട് പ്രത്യേക മമതയോടെ രേഖപ്പെടുത്തുന്നു. സഹയാത്രികരായ അഫ്ഗാനികളുമായി നടത്തിയ ഗൗരവമേറിയ ആധ്യാത്മിക ചര്‍ച്ചകള്‍ വിവരിക്കുന്ന അതേ ഹൃദ്യതയോടെ അവരുമായി നടത്തിയ നര്‍മ ഭാഷണങ്ങളും ഏര്‍പ്പെട്ട തമാശക്കളികളും റോബര്‍ട്ട് വിവരിക്കുന്നു.
അഫ്ഗാനിസ്ഥാനെക്കുറിച്ച് റോബര്‍ട്ട് നടത്തുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. അഭിമാനത്തെ ആര്‍ക്കു മുമ്പിലും പണയപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത ജനതയാണ് അഫ്ഗാനിലെ ഗോത്ര വിഭാഗങ്ങള്‍. സോവിയറ്റ് അധിനിവേശത്തെ തുടര്‍ന്ന് അവിടെ വന്നുചേര്‍ന്ന അറബി സംസാരിക്കുന്ന മതയോദ്ധാക്കളാണ് ഈ ഗോത്ര വിഭാഗങ്ങളെ പരസ്പരം കലഹിക്കുന്നവരാക്കി മാറ്റിയത്. മതവിശ്വാസത്തിന്റെ പേരില്‍ അഫ്ഗാനികള്‍ക്കിടയില്‍ ഭിന്നതകള്‍ ഉടലെടുത്തു. സാമ്പ്രദായിക അഫ്ഗാന്‍ മതാചാരങ്ങളെ തള്ളിപ്പറഞ്ഞ സഊദി മതയോദ്ധാക്കള്‍ അഫ്ഗാന്‍ സമ്പ്രദായം പിന്തുടരുന്നവരെ അവിശ്വാസികളായി ചിത്രീകരിച്ചു. അവിശ്വാസികള്‍ എന്ന് തങ്ങള്‍ കരുതുന്നവര്‍ വധാര്‍ഹരാണെന്ന സിദ്ധാന്തമാണ് സഊദികള്‍ക്കുണ്ടായിരുന്നത്. ഈ വിശ്വാസം പേറുന്ന നിരവധി സഊദി സംഘങ്ങള്‍ അഫ്ഗാനില്‍ തമ്പടിച്ചു. സോവിയറ്റ് സൈനികര്‍ക്കെതിരെ പൊരുതി രക്തസാക്ഷ്യം വരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. സൂഫിസത്തില്‍ ആകൃഷ്ടനായ റോബര്‍ട്ടിന് അവരുമായി ഒരു സംഭാഷണം മുഴുമിപ്പിക്കുക പ്രയാസമായി അനുഭവപ്പെട്ടു. താന്‍ ജനിച്ചുവളര്‍ന്ന അന്തരീക്ഷം തന്നെ റോബര്‍ട്ടില്‍ ആധ്യാത്മികമായ ബോധം നിറച്ചിരുന്നു. മതനിഷ്ഠയുള്ള കത്തോലിക്കാ കുടുംബത്തിലാണ് അദ്ദേഹം വളര്‍ന്നത്. മുപ്പത്തിയേഴു വയസ്സാവുമ്പോഴേക്കും ഇരുപതോ അതിലധികമോ ആധ്യാത്മികാന്വേഷണങ്ങള്‍ താന്‍ നടത്തിയതായി റോബര്‍ട്ട് പറയുന്നു. ഇദ്‌രീസ് ഷായുടെ കൃതികളാണ് റോബര്‍ട്ടിന്റെ അന്വേഷണങ്ങളെ സൂഫിസത്തിലേക്ക് തിരിച്ചു വിട്ടത്. സൂഫി ക്ലാസിക്കുകള്‍ മൂലഭാഷയില്‍ തന്നെ വായിക്കുന്നതിനു വേണ്ടി റോബര്‍ട്ട് പേര്‍ഷ്യന്‍ ഭാഷ ശ്രമപ്പെട്ടു പഠിച്ചു. 1986 വസന്ത കാലത്ത് റോബര്‍ട്ട് അഫ്ഗാനിസ്ഥാനില്‍ വെച്ച് സൂഫി ഗുരുവും കവിയുമായ ഉസ്താദ് ഖലിലുല്ലാഹ് ഖലീലിയെ സന്ധിച്ചു. ഖലീലിയുടെ കവിതകള്‍ റോബര്‍ട്ട് പേര്‍ഷ്യനില്‍ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത് പ്രസിദ്ധപ്പെടുത്തി. ഗുരു-ശിഷ്യ ബന്ധമായി അതു വളര്‍ന്നു. റോബര്‍ട്ട് പിന്നീട് ജലാലുദ്ദീന്‍ റൂമിയുടെ സമാധിയില്‍ നിന്ന് വിശുദ്ധവാക്യം ഉരുവിട്ട് ഔപചാരികമായി ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്തു. റൂമി സമാധിയിലെ ആത്മീയാനുഭവങ്ങള്‍ റോബര്‍ട്ട് വിവരിക്കുന്നത് അതീവ ഹൃദ്യമായ വായനാനുഭവമാണ്. മുസ്‌ലിംകളുടെ സംഘ നമസ്‌കാരം ഒരു നൃത്തം പോലെ തനിക്കനുഭവപ്പെട്ടതിനെക്കുറിച്ച് പതിമൂന്നാം അധ്യായത്തില്‍ റോബര്‍ട്ട് വിവരിക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാന്റെ രാഷ്ട്രീയ ഭാഗധേയത്തെക്കുറിച്ചുള്ള കാതലുള്ള ചിന്തകളും ദ സ്‌പൈഓഫ് ദ ഹാര്‍ട്ടില്‍ ഗ്രന്ഥകാരന്‍ വായനക്കാരുമായി പങ്കുവെക്കുന്നു. അഫ്ഗാന്‍ അധിനിവേശ കാലത്ത് അമേരിക്കന്‍, യൂറോപ്യന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും പ്രസ്തുത വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെട്ട രീതിയും താന്‍ അടുത്തറിഞ്ഞ കാര്യങ്ങള്‍ വെച്ച് റോബര്‍ട്ട് വിശകലനം ചെയ്യുന്നു. ചില സീനിയര്‍ വാര്‍ത്താ ലേഖകരുടെ കള്ളക്കളികള്‍ പുസ്തകത്തില്‍ വിസ്തരിച്ച് പ്രതിപാദിക്കുന്നുണ്ട്.
പഷവാറിലെ അമേരിക്കന്‍ ക്ലബ്ബ് കേന്ദ്രീകരിച്ചു നടന്ന മാധ്യമ ഉപജാപങ്ങള്‍ റോബര്‍ട്ട് അനാവരണം ചെയ്യുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള യു എന്‍ സംരംഭത്തില്‍ ഗ്രന്ഥകാരന്‍ പ്രധാന പങ്കാളിയായിരുന്നു. വിവിധ ഗോത്ര നേതാക്കളുമായി സംസാരിച്ച് യു എന്‍ റിലീഫ് വിതരണത്തിനുള്ള സൗകര്യമൊരുക്കിയത് ഗ്രന്ഥകാരനാണ്. റിലീഫിനുള്ള ഗോതമ്പുമായി ഉള്‍നാടുകളില്‍ നടത്തിയ യാത്രകള്‍ ഹൃദയസ്പൃക്കായി പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. അഫ്ഗാന്‍ അഭയാര്‍ഥികളെയും മുജാഹിദുകളെയും സഹായിക്കുന്നതിനായി അമേരിക്കയില്‍ നിന്ന് ശേഖരിച്ച വന്‍ തുകകള്‍ ചെന്നുചേര്‍ന്നത് വേറെ കരങ്ങളിലാണെന്ന് ഗ്രന്ഥാകരന്‍ നേരിട്ട് മനസ്സിലാക്കിയിരുന്നു. അമേരിക്കന്‍ മാധ്യമങ്ങള്‍ അമേരിക്കന്‍ ജനതയെ നുണകള്‍ കൊണ്ട് വിരുന്നൂട്ടുന്നതും ഗ്രന്ഥകാരന്‍ തിരിച്ചറിഞ്ഞു. പെഷവാറിലെ അമേരിക്കന്‍ ക്ലബ്ബിന്റെ അനിഷ്ടത്തിന് പാത്രമാവുക എന്നതായിരുന്നു ഈ അറിവിന്റെ തിക്തഫലം. അക്കഥയും ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്.
യുദ്ധം നാനാവിധമാക്കിയ അഫ്ഗാനിസ്ഥാന്റെ കലുഷമായ അന്തരീക്ഷത്തില്‍ നിന്ന് താന്‍ എങ്ങനെ ഇസ്‌ലാമിന്റെ ഹൃദയം കണ്ടെടുത്തു എന്നു ലോകത്തോടു പറയാനാണ് പുസ്തകം രചിച്ചത് എന്ന് റോബര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.
ഈ പുസ്തകത്തിന്റെ മനോഹരമായ ഇ പതിപ്പ് ഇന്റര്‍നെറ്റില്‍ നിന്ന് സൗജന്യമായി ചുമടിറക്കി വായിക്കാന്‍ സൗകര്യമുണ്ട്. അഫ്ഗാനിസ്ഥാനിനെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുള്ളവര്‍ ഈ പുസ്തകം നിര്‍ബന്ധമായും വായിക്കണമെന്ന് ശിപാര്‍ശ ചെയ്യുന്നു.

---- facebook comment plugin here -----

Latest