ആര്‍ സി സിയില്‍ അര്‍ബുദ ചികിത്സ പ്രതിസന്ധിയില്‍

Posted on: March 17, 2013 1:49 am | Last updated: March 17, 2013 at 1:49 am
SHARE

RCCതിരുവനന്തപുരം: കാരുണ്യ പദ്ധതി പ്രകാരമുളള ചികിത്സാ ഫണ്ട് നിലച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ പ്രതിസന്ധിയിലായി. ഫണ്ട് ലഭ്യമാകാതായതോടെ വിലയേറിയ മരുന്നുകള്‍ എഴുതാനാകാത്ത അവസ്ഥയിലാണ് ഡോക്ടര്‍മാര്‍.

മരുന്ന് മാറി ഉപയോഗിച്ചതിനെ തുടര്‍ന്ന് അലര്‍ജി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നതായി രോഗികളും ഡോക്ടര്‍മാരും പറയുന്നു. കാരുണ്യ ഫണ്ട് നിലച്ച സാഹചര്യത്തില്‍ ഫണ്ട് ലഭ്യമാകുന്നത് വരെ വില കുറഞ്ഞ മരുന്നുകള്‍ മാത്രം കുറിച്ചാല്‍ മതിയെന്ന് ആര്‍ സി സി ഡയറക്ടര്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശം ലംഘിച്ച് വില കൂടിയ ജനറിക് മരുന്നുകള്‍ കുറിച്ചാല്‍ നടപടിയുണ്ടാകുമെന്നും ഡയറക്ടര്‍ ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അര്‍ബുദമുള്‍പ്പെടെയുളള മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്കായാണ് സര്‍ക്കാര്‍ കാരുണ്യ ചികിത്സാ സഹായ പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതിപ്രകാരം ഒരു രോഗിക്ക് രണ്ട് ലക്ഷം രൂപയുടെ ചികിത്സാസഹായം ലഭിക്കും. കാരുണ്യ ഫണ്ടില്‍ നിന്ന് തുക ആശുപത്രികള്‍ക്ക് കൈമാറുകയും അര്‍ഹരായവര്‍ക്ക് ചികിത്സയായോ മരുന്നായോ സഹായം നല്‍കുകയുമാണ് ചെയ്യാറുളളത്. വന്‍ ഭരണനേട്ടമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിച്ചിരുന്ന ഈ ജനകീയ പദ്ധതിയുടെ ആനുകൂല്യം അര്‍ബുദരോഗികളുടെ മുഖ്യ ആശ്രയമായ ആര്‍ സി സിയില്‍ എത്താതായതോടെയാണ് ചികിത്സ പ്രതിസന്ധിയിലായത്. സംസ്ഥാനത്ത് ഏറ്റവുമധികം അര്‍ബുദരോഗികള്‍ എത്തുന്ന തിരുവനന്തപുരത്തെ ആര്‍ സി സിയില്‍ പദ്ധതിക്ക് കീഴില്‍ ഒട്ടേറെ പേര്‍ ചികിത്സ തേടിയിരുന്നെങ്കിലും ഈയിടെയാണ് പ്രതിസന്ധി രൂക്ഷമാകുന്നത്.
കാരുണ്യ ഫണ്ടും ഒപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ മറ്റ് ചികിത്സാ ഫണ്ടുകളും വന്‍ കുടിശ്ശിക വരുത്തിയതോടെ വിലകൂടിയ ജനറിക് മരുന്നുകള്‍ നല്‍കുന്നത് ആശുപത്രി അധികൃതര്‍ നിര്‍ത്തി. പകരം വില കുറഞ്ഞ ജനറിക് മരുന്നുകളാണ് കുറിക്കുന്നത്. ഇതോടൊപ്പം കേന്ദ്ര സര്‍ക്കാറിന്റെ വിവിധ സഹായ പദ്ധതികള്‍കൂടി നിലച്ചത് അര്‍ബുദ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. കീമോതെറാപ്പിക്കും മറ്റും ഇത്രനാള്‍ ഉപയോഗിച്ച മരുന്നിന് പകരം വില കുറഞ്ഞ മരുന്നുപയോഗിക്കാന്‍ രോഗികള്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.
അതേസമയം കാരുണ്യ ഫണ്ട് നല്‍കുന്നതില്‍ ധനകാര്യ വകുപ്പ് കുടിശ്ശിക വരുത്തിയിട്ടില്ലെന്നും ഇക്കാരണത്താല്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കരുതെന്നും ധനമന്ത്രി കെ എം മാണി പറഞ്ഞു. കാരുണ്യ ഫണ്ട് അര്‍ഹരായ അര്‍ബുദ രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബിജു പ്രഭാകര്‍ പ്രതികരിച്ചു. രോഗി ആവശ്യപ്പെടുന്ന മരുന്ന് തന്നെ വേണമെങ്കില്‍ പണം മുടക്കി വാങ്ങണം. എന്നാല്‍ കുടിശ്ശിക തീര്‍ത്തിട്ടില്ലെന്ന ആര്‍ സി സിയുടെ പരാതിയെപ്പറ്റി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.